ചിലരുടെ ജീവിതത്തിലേക്ക് സിനിമ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാണ്. കോളേജ് പഠനകാലത്ത് കലാപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചതും അങ്ങനെയായിരുന്നു. നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തുവെങ്കിലും സിനിമയില്‍ എത്തിപ്പെടുമെന്ന് ആ ചെറുപ്പക്കാരന്‍ കരുതിയിട്ടുണ്ടാവില്ല. അങ്ങനെ പഠനത്തിന് ശേഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിക്ക് കയറി. അവിടെ വെച്ചാണ് പ്രതീക്ഷിക്കാതെ ആ യുവാവിന് ക്യാമറയ്ക്ക് മുന്നിലേക്ക് ഉള്ള വഴി തുറന്നു കിട്ടിയത്. കെ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്‍ തന്റെ പുതിയ സീരിയല്‍ ചിത്രീകരിക്കാന്‍ അനുമതി വാങ്ങാനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഓഫീസില്‍ എത്തുന്നു. അവിടെ വെച്ച് തന്നെ സീരിയലിലേക്ക് അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
അങ്ങനെ കെ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സീരിയലിലൂടെ തുടക്കം കുറിച്ച നടനാണ് ഏലിയാസ് ബാബു. തൊണ്ണൂറുകളിലെ നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളായി മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടന്‍. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളായി തിളക്കം. ജീവിതത്തില്‍ വില്ലനായി എത്തിയ കാര്‍ അപകടം.
രാത്രിയില്‍ 1.30 മണിക്കായിരുന്നു സംഭവം. സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ സീരിയലില്‍ പോകാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അറിയുന്ന ആളുകള്‍ ആയതുകൊണ്ടും സീരിയലിലെ ആളുകള്‍ പലപ്പോഴുമായി വിളിച്ചതുകൊണ്ടും മാത്രമാണ് ഏലിയാസ് അന്ന് ആ സീരിയലില്‍ അഭിനയിക്കാനായി പോകുന്നത്. എന്നാല്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു ദുരന്തം അദ്ദേഹത്തെ കാത്തിരിപ്പുണ്ടെന്ന്. തൃശൂരിലെ രണ്ട് ദിവത്തെ ഷൂട്ട് കഴിഞ്ഞ് മൂന്നാമത്തെ ദിവസം തിരികെ വരുമ്പോള്‍ വൈറിലയില്‍ വച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം പോലീസ് അന്വേഷണം നടത്തിയതില്‍ നിന്ന് ലോറി അദ്ദേഹത്തിന്റെ കാറില്‍ വന്ന് ഇടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
കാറില്‍ ഇടിച്ച ശേഷം വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. പക്ഷേ എത്ര അന്വേഷിച്ചിട്ടും അപകടത്തിന് ഇടയാക്കിയ ലോറി കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല. ലോറിയുടെ വിവരം പറയുന്നവര്‍ക്ക് സമ്മാന തുക വരെ പ്രഖ്യാപിച്ചിരുന്നു. ഇന്നും ആ അപകടത്തിന് പിന്നിലെ ലോറി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ജൂഡ് അട്ടിപ്പേറ്റ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സീരിയല്‍ മിഖായേലിന്റെ സന്തതികള്‍ എന്ന സീരിയലിലൂടെയാണ് ഏലിയാസ് ബാബു അഭിനയരംഗത്തേക്ക് കടന്ന് വന്നത്. സീരിയലിലെ നായകന്‍ ബിജു മേനോന്‍ ആയിരുന്നു. ലോറന്‍സ് എന്ന പരുക്കനായ വില്ലന്‍ കഥാപാത്രത്തെ ഏലിയാസ് ബാബു ഗംഭീരമാക്കുകയും ചെയ്തു.
സീരിയല്‍ വലിയ വിജയമായതോടെ അതിന്റെ തുടര്‍ച്ചയായി ഒരു സിനിമ ഇറങ്ങുകയും ചെയ്തു. സീരിയലിലെ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും സിനിമയിലും എത്തി. ബിജുമേനോന്‍ നായകനായി എത്തിയ പുത്രന്‍ എന്ന ചിത്രത്തിലൂടെ ഏലിയാസ് ബാബു അവതരിപ്പിച്ച ലോറന്‍സും അങ്ങനെ വെള്ളിത്തിരയിലെത്തി. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും ഏലിയാസ് ബാബുവിന്റെ ലോറന്‍സ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ പിന്നീട് നടനെ തേടി വന്ന ഭൂരിഭാഗം വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങള്‍ ആയിരുന്നു. നടന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവായിരുന്നു ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രത്തില്‍ വില്ലനായ ശങ്കര്‍ തേവ് രാണയെ അവതരിപ്പിച്ചത് ഏലിയാസ് ബാബു ആയിരുന്നു. മലയാള സിനിമ ചരിത്രത്തിലെ തന്നെ ക്രൂരനായ വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നായി ശങ്കര്‍ ദേവ് റാണ മാറുകയും ചെയ്തു. എന്നും സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഈ ഒരു കഥാപാത്രം ഉണ്ടാകും. ആ സമയം പുറത്തിറങ്ങിയ മാസികകളിലെല്ലാം മലയാള സിനിമയിലെ നസറുദ്ദീന്‍ ഷാ എന്ന് ഏലിയാസ് ബാബുവിനെ വിശേഷിപ്പിച്ചു. ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായുടെ വിദൂര രൂപസാദൃശ്യമായിരുന്നു അതിനു കാരണം. കര്‍മ്മ എന്ന ചിത്രത്തിലെ മേനോന്‍ എന്ന കഥാപാത്രവും തുമ്പോളി കടപ്പുറത്തിലെ ഫിലിപ്പോസും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ത്രീ മെന്‍ ആര്‍മിയിലെ ശിവ അമര്‍നാഥ് എന്ന കഥാപാത്രം നമ്മള്‍ ഓര്‍ത്തിരിക്കുന്നതാണ്.
സുരേഷ് ഗോപി നായകനായി എത്തിയ ലേലം എന്ന ചിത്രത്തില്‍ ഒരു രംഗത്ത് മാത്രമാണ് ഏലിയാസ് ബാബു അവതരിപ്പിച്ച ജോണ്‍ തോട്ടത്തില്‍ എന്ന കഥാപാത്രം എത്തിയെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച ഒരു വേഷമായിരുന്നു അത്. അറേബ്യ, കല്യാണപിറ്റേന്ന്, വര്‍ണ്ണപ്പകിട്ട്, കഥാനായകന്‍, അടിവാരം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മീനത്തില്‍ താലികെട്ട് തുടങ്ങിയ നിരവധി സിനിമകളിലും നടന്‍ അഭിനയിച്ചു. സിനിമകളില്‍ മികച്ച വേഷകളില്‍ നിറഞ്ഞുനില്‍ക്കവേ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാറപകടത്തില്‍ ആ കലാകാരന്‍ വിട പറഞ്ഞത്.