രാത്രിയില്‍ അമ്മയോട് വിളിച്ചു സങ്കടം പറഞ്ഞ മകളെ ആശ്വസിപ്പിച്ചാണ് ആ അമ്മ ഫോണ്‍ വച്ചത്. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഫോണ്‍ വക്കുമ്പോള്‍ ആ അമ്മ സ്വപ്‌നത്തില്‍ പോലും വിചാരിച്ച് കാണില്ല ഇനി ഒരിക്കലും മകളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല എന്ന്. പിറ്റേന്ന് രാവിലെ മകളുടെ ഭര്‍ത്താവ് തന്നെയാണ് ആ അമ്മയെ ഞെട്ടിക്കുന്ന ആ വാര്‍ത്ത വിളിച്ച് പറയുന്നത്. നേഘ ജീവനോടെ ഇല്ലാ എന്ന്. ആ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയ അമ്മയും അച്ഛനും ഇപ്പോഴും ആ ദുഃഖത്തില്‍ നിന്നും മോചിതരായിട്ടല്ല. തന്റെ പൊന്നുമകള്‍ ഈ ലോകത്ത് ഇനി ഇല്ലാ എന്ന് മനസ്സിലാക്കാനോ അംഗീകരിക്കാനോ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മകള്‍ വിഷമം വിളിച്ച് പറഞ്ഞതിന് പിന്നാലെ ബന്ധുക്കളെയും കൂട്ടി തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് അന്ന് ആ അമ്മയും അച്ഛനും ഉറങ്ങാന്‍ പോയത്. പക്ഷേ ഉണര്‍ന്നപ്പോള്‍ കേട്ടത് മകള്‍ ഇല്ല എന്ന ഞെട്ടിക്കുന്ന വാര്‍ത്തയും. ജീവനോട് അവളെ കൊണ്ടുവരാന്‍ പറ്റിയില്ല. പകരം അവളുടെ ചേതനയറ്റ ശരീരമാണ് ഇപ്പോള്‍ ആ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. അന്ന് രാത്രിയില്‍ നേഘ അമ്മ ജയന്തിയെ വിളിച്ചിരുന്നു. ഒരിക്കലും സംസാരിക്കാത്തെ പോലെയാണ് അന്ന് സംസാരിച്ചത്. ''അമ്മേ, എനിക്ക് ഇവിടെ തുടരാന്‍ കഴിയുന്നില്ല... എനിക്ക് ഒരിക്കലും ഇവിടെ സമാധാനമില്ല... എന്ന് പറഞ്ഞ് കരയുകയായിരുന്നു അവള്‍. അത് കേട്ട അമ്മയ്ക്ക്് ഭയം ഉണ്ടായിരുന്നുവെങ്കിലും മകള്‍ക്ക് ധൈര്യം നല്‍കാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ, ആ വിളിയ്ക്ക് അത്തരം ദാരുണമായ അവസാനം ഉണ്ടാകുമെന്ന് അമ്മയോ ആ കുടുംബമോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അച്ഛന് പനിയായിരുന്നതിനാല്‍ രാവിലെ വരാമെന്ന് പറഞ്ഞ് ആശ്വസിപ്പച്ചാണ് അവള്‍ ഫോണ്‍ വച്ചത്. തുടര്‍ന്ന് കിടന്ന് ഉറങ്ങിക്കോളാന്‍ പറഞ്ഞാണ് ജയന്തി ഫോണ്‍ വച്ചത്. പക്ഷേ ആ ഉറക്കം എന്നന്നേക്കുമാകുമെന്ന് വിചാരിച്ചില്ല. ഇതിനു മുമ്പും നേഘ പലതവണ വീട്ടിലുണ്ടായിരുന്ന പീഡനങ്ങളെക്കുറിച്ച് അമ്മയോടും ബന്ധുക്കളോടും പറഞ്ഞു കരഞ്ഞിരുന്നു. അനാവശ്യമായി അവളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. പ്രശ്‌നം വലുതായാല്‍ ബന്ധുക്കള്‍ എത്തി വിഷയം സംസാരിച്ച് ശാന്തമാക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അതെല്ലാം താത്ക്കാലികമായിരുന്നു. ആറ് വര്‍ഷത്തിന് മുമ്പാണ് നേഘയുടെ വിവാഹം നടന്നത്. കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി വീട്ടില്‍ സുബ്രഹ്‌മണ്യന്റെയും ജയന്തിയുടെയും പ്രിയമകളായ നേഘയെ, കോയമ്പത്തൂരില്‍ ചെരുപ്പുകടയില്‍ ജോലി ചെയ്യുന്ന തോണിപ്പാടം കല്ലിങ്കല്‍ വീട്ടിലുള്ള പ്രദീപിനോടാണ് വിവാഹം കഴിപ്പിച്ചത്. പ്രദീപ് നേരത്തെ സൗദിയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം കോയമ്പത്തൂരില്‍ തൊഴില്‍ ചെയ്തു തുടങ്ങുകയായിരുന്നു.
നല്ല നിലയിലാണ് സുബ്രഹ്‌മണ്യന്‍ തന്റെ മൂന്നു പെണ്‍മക്കളില്‍ ഇളയവളായ നേഘയുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതായി പറയുന്നു. പ്ലസ്ടു പഠനത്തിനു ശേഷമായിരുന്നു വിവാഹം. അച്ഛനും അമ്മയും മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തില്‍ വിവാഹത്തോടെ എല്ലാം മാറിമറിയുകയായിരുന്നു. നേഖ ബുധനാഴ്ച രാത്രി പത്തരയോടെ പ്രദീപിനും മൂന്നര വയസ്സുള്ള മകള്‍ അലൈനയ്ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതാണ്. പന്ത്രണ്ടരയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പ്രദീപ് ഉണര്‍ന്നപ്പോള്‍ നേഘ കുഞ്ഞിന്റെ തൊട്ടിലിനു സമീപത്തു നിലത്തു കിടക്കുന്നതാണു കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചതാണെന്നു പൊലീസ് പറഞ്ഞു. കയര്‍ കുരുക്കുകളോടെ അടുത്തു കണ്ടെത്തി. തൊട്ടില്‍ കെട്ടാനുള്ള കൊളുത്തില്‍ തൂങ്ങുന്നതിനിടെ പൊട്ടി നിലത്തുവീണതാണെന്നു പൊലീസ് പറഞ്ഞു. തൂങ്ങി മരണമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. ദേഹത്തു മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല.
ബുധനാഴ്ച രാത്രി 10നു നേഘ വീട്ടില്‍ വിളിച്ച് തന്നെ എത്രയും പെട്ടെന്നു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു കൊണ്ടുപോകണമെന്നും അവിടെ നില്‍ക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നും അമ്മയോടു പറഞ്ഞതായി വിവരമുണ്ട്. രാവിലെ എത്താമെന്ന് അമ്മ സമാധാനിപ്പിച്ചു. നേഘ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം പീഡനമനുഭവിച്ചിരുന്നതായി അമ്മാവന്‍ ജയപ്രകാശും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് പ്രദീപിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മൃതദേഹം ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ശരവണന്‍ ഇന്‍ക്വസ്റ്റ് നടത്തി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കണ്ണമ്പ്ര കാരപ്പൊറ്റയിലെ നേഘയുടെ വീട്ടില്‍ എത്തിച്ച ശേഷം ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി വീട്ടില്‍ വിമുക്തഭടന്‍ സുബ്രഹ്‌മണ്യന്റെയും ജയന്തിയുടെയും ഇളയ മകളാണു നേഘ. സഹോദരിമാര്‍: രേഖ, മേഘ.