മരണം എപ്പോള്‍.. എങ്ങനെ ഏതു രൂപത്തില്‍ എത്തുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അതിന്റെ നേര്‍ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു സാംസ്‌കാരിക വേദിയില്‍ ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രനു മുന്നില്‍ സംഭവിച്ചത്. അതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നതോടെ ഏറെ ഭീതിപ്പെടുത്തുന്ന മരണം എന്ന സത്യം അതിവേഗം വന്നതിന്റെ കാഴ്ചയാണ് ജനങ്ങള്‍ കണ്മുന്നില്‍ കണ്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയന്നു നില്‍ക്കുകയായിരുന്നു വേദിയിലുണ്ടായിരുന്ന മറ്റുള്ളവരും. അതിന്റെയും കാഴ്ചകളാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ചിരസ്മരണീയനായ ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മ ദിനത്തില്‍ ജി.ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റുമായി ചേര്‍ന്ന് നടന്ന സംഗീത രാവിലാണ് പ്രശസ്തനായ പോറ്റി സാറിനെ ആദരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് മാര്‍ച്ച് 15-ാം തീയതി പരിപാടി ഒരുക്കിയത്. പദ്മശ്രീ ഓമനക്കുട്ടി ടീച്ചറും എം.ജയചന്ദ്രനും ഗായകന്‍ ശ്രീറാമും സതീഷ് ദേവരാഗപുരവുമൊക്കെയുള്ള വേദിയായിരുന്നു അത്. എല്ലാവരും ചേര്‍ന്നാണ് അദ്ദേഹത്തെ പൊന്നാട അണിയിച്ചതും. തുടര്‍ന്ന് അദ്ദേഹത്തിനു നന്ദി പറഞ്ഞ് എം ജയചന്ദ്രന്‍ സമീപത്തെ കസേരയിലേക്ക് മാറിയിരിക്കുന്നത് കാണാം. പിന്നാലെയാണ് അദ്ദേഹത്തിന് സംസാരിക്കുവാന്‍ മൈക്കും നല്‍കുന്നുണ്ട്. കോഡ്‌ലെസ്സ് മൈക്ക് വാങ്ങി സദസ്സിനോട് സംസാരിച്ചു തുടങ്ങിയതിനു പിന്നാലെ ഞൊടിയിടയില്‍ കൃഷ്ണമണികള്‍ പതിയെ മുകളിലേക്ക് നീങ്ങിശരീരം തളര്‍ന്ന് കുഴയുകയായിരുന്നു. ഉടനെ ചുറ്റും നിന്നവര്‍ വെള്ളവും മറ്റും കുറച്ചു കുറച്ചായി നല്‍കി പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇതേസമയം ഓമനക്കുട്ടി ടീച്ചറുമായി സംസാരിച്ചിരിക്കുകയായിരുന്നു ജയചന്ദ്രന്‍. അദ്ദേഹം വീണുകഴിഞ്ഞ് ബഹളം കേട്ടാണ് ജയചന്ദ്രന്‍ സംഭവം ശ്രദ്ധിക്കുന്നത്. പിന്നാലെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യ ഡോക്ടര്‍ രശ്മി ഓടി വന്ന് പരിശോധിക്കുകയും ആംബുലന്‍സിന്റെ വരവിന് കാത്തുനില്‍ക്കാതെ ഭാരത് ഭവന്റെ വണ്ടിയില്‍ ഹോസ്പിറ്റലില്‍ വാഴമുട്ടം ചന്ദ്രബാബുവിന്റെ മടിയില്‍ തലവച്ചു കിടത്തി പോറ്റി സാറിനെ പി.ആര്‍.എസ്.ഹോസ്പിറ്റലില്‍ എത്തിക്കുകയും ആയിരുന്നു.
അന്ന് മാര്‍ച്ച് 15ന് മറഞ്ഞ ബോധം ഇന്നലെ 16-ാം തീയതി പുലര്‍ച്ചെ 4.30 വരെയും തിരികെ വന്നിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രത്യാശകളെ മായ്ച്ച് പോറ്റി സാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തലസ്ഥാന നഗരിയില്‍ പലരും 'നോട്ടീസ് പോറ്റി' എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വി.എസ്.എസ്.സി.ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇപ്പോള്‍ സ്നേഹിതര്‍.