സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച നുണക്കഥ യാഥാര്‍ത്ഥ്യമെന്ന് കരുതി നിരവധി പേരുടെ പ്രതികരണങ്ങള്‍. കഥയാണോ, അതോ യാഥാര്‍ത്ഥ്യമാണോ എന്ന് വ്യക്തമാക്കാതെ, തലക്കെട്ടില്ലാതെ പിങ്ക് ഹെവന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കഥയാണ് സത്യമെന്ന് കരുതി നിരവധി പേര്‍ പ്രതികരിച്ചത്. 'എന്റെ ജീവന്‍ രക്ഷിക്കാന്‍ കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് അഞ്ച് വയസിന് മൂത്തവള്‍, ഇരുകാലുകളും നഷ്ടപ്പെട്ടവള്‍, വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയുടെ മകള്‍, ജാതിയില്‍ താഴ്ന്നവള്‍, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവര്‍. അങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്' എന്നാണ് കഥയുടെ തുടക്കത്തില്‍ കുറിച്ചിരിക്കുന്നത്.
എലെക്ട്രിക്ക് വീല്‍ ചെയര്‍ ഇരിക്കുന്ന യുവതിയുടേയും ഒപ്പമുള്ള യുവാവിന്റെയും എ ഐ ചിത്രം പങ്കുവച്ചുകൊണ്ടാണ് കഥ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്ന കഥ അവതരണം വായനക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്
കഥയിങ്ങനെയാണ്:
എന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവള്‍, ഇരുകാലുകളും നഷ്ടപ്പെട്ടവള്‍, വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയുടെ മകള്‍ , ജാതിയില്‍ താഴ്ന്നവള്‍, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവര്‍. അങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. ????
എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകള്‍ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടില്‍ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്‌കൂളില്‍ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മള്‍ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.
അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്‌കൂളില്‍ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാന്‍. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാന്‍ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നില്‍ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാല്‍ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലന്‍സ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളില്‍ കൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.
അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാന്‍ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടില്‍ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓര്‍മയുണ്ട്. എന്നെക്കണ്ടാല്‍ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാള്‍ക്ക് ശേഷം അച്ഛനുമൊത്ത് വീല്‍ചെയര്‍ കൊടുക്കാന്‍ പോയതും എനിക്ക് ഓര്‍മയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാന്‍ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാന്‍ പതിയെ ചേച്ചിയെ മറന്നു.
പിന്നീട് ഞാന്‍ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജില്‍ ചേരാന്‍ നില്‍ക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീല്‍ ചെയര്‍ ചേച്ചിക്ക് സമ്മാനമായി നല്‍കി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേര്‍ത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാന്‍ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കല്‍ ഞാന്‍ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരില്‍ ജോലിയൊക്കെയായി അങ്ങോട്ട് മാറിയപ്പോഴും ചേച്ചിയുമായി ഞാന്‍ കോണ്‍ടാക്ട് വെച്ചിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ ചേച്ചിയെ കാണാന്‍ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ ഒരിക്കല്‍ ഞാന്‍ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകള്‍ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റര്‍ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാന്‍ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളര്‍ത്തിക്കളഞ്ഞു.
എനിക്ക് അപ്പോള്‍ ചേച്ചിയെ കാണണമെന്ന് തോന്നി ഞാന്‍ ഉടന്‍ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായില്ല, ഫോണ്‍ വിളിച്ചപ്പോള്‍ അമ്പലത്തിലാണെന്ന് പറഞ്ഞത്‌കൊണ്ട് ഞാന്‍ നേരേ അങ്ങോട്ട് പോയി. ''ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?'' പെട്ടെന്ന് എന്റെ നാവില്‍ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തില്‍ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. ഇങ്ങനെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ച് വിവാഹത്തിലേക്ക് വരെ എത്തിക്കുന്നതിലേക്ക് എത്തുന്നതാണ് ആ കഥ. എന്നാല്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഈ കഥ പലരും സത്യമാണെന്ന് ധരിച്ചുവെന്നതാണ് സത്യം.
എന്നാല്‍ പിങ്ക് ഹെവന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഒരു കഥ മാത്രമാണിത് എന്നതാണ് സത്യം. ആ ചിത്രം ഒരു എ ഐ ചിത്രം മാത്രവും.