ഞങ്ങള്‍ക്ക് അമ്മ മാത്രമേ ഉള്ളൂവെന്ന് കരഞ്ഞ് പന്ത്രണ്ടുകാരി ഇതിക; അമ്മയ്ക്ക് ഒന്നും പറ്റിയില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് സഹോദരന്‍; നെഞ്ചുപൊട്ടി കരഞ്ഞ് മുത്തശ്ശി തുളസിയും: കണ്ടുനിന്നവര്‍ക്കെല്ലാം തീരാനോവായി രഞ്ജിതയുടെ കുടുംബം

Malayalilife
ഞങ്ങള്‍ക്ക് അമ്മ മാത്രമേ ഉള്ളൂവെന്ന് കരഞ്ഞ് പന്ത്രണ്ടുകാരി ഇതിക; അമ്മയ്ക്ക് ഒന്നും പറ്റിയില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് സഹോദരന്‍; നെഞ്ചുപൊട്ടി കരഞ്ഞ് മുത്തശ്ശി തുളസിയും: കണ്ടുനിന്നവര്‍ക്കെല്ലാം തീരാനോവായി രഞ്ജിതയുടെ കുടുംബം

അഹമ്മദാബാദ് വിമാനാപകടത്തില്‍ നമ്മളെ ഒക്കെ പ്രത്യേകിച്ച് മലയാളിയെ ഒക്കെ ഏറെ ദുഖത്തിലാക്കിയത് പത്തനംതിട്ട സ്വദേശി രഞ്ജിതയും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതായിരുന്നു. രഞ്ജിതയുടെ വിയോഗത്തിന്റെ വേദനയിലാണ് പത്തനംതിട്ട ഉള്ളത് നാട് ഉള്ളത്. രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി അഹമ്മദാബാദിലേക്ക് പോകുകയാണ്. ഒരുപാട് സ്വപ്‌നങ്ങളുമായി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ മെച്ചപ്പെട്ട ഒരു ജീവിതത്തിന് വേണ്ടിയാണ് ഇവിടെ ഉണ്ടായിരുന്ന ഒരു ഗവണ്‍മെന്റ് ജോലിയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ താത്ക്കാലിക ലീവെടുത്ത് രഞ്ജിത ആദ്യം ഒമാനിലേക്ക് പോയി. അവിടെ നിന്ന് കഴിഞ്ഞ വര്‍ഷമാണ് രഞ്ജിത ലണ്ടനിലേക്ക് പോകുന്നത്.

വീണ്ടും തിരികെ കുഞ്ഞുങ്ങള്‍ക്ക് അരികില്‍ എത്തി അവിടെ വീടൊക്കെ വച്ച് പാല്‍ കാച്ചലിലേക്ക് ഒക്കെ കടക്കുന്നതിനായിട്ടുള്ള ഒരുക്കത്തിലായിരുന്നു രഞ്ജിത. നാട്ടില്‍ മക്കള്‍ക്കൊപ്പം സെറ്റിലാകാന്‍ ആ ഒരു സ്വപ്‌നവുമായി ലണ്ടനിലേക്ക് വീണ്ടും ഒരു പേപ്പര്‍ വര്‍ക്കിന് വേണ്ടി മാത്രം പറന്ന് ഉയര്‍ന്നതായിരുന്നു. പക്ഷേ ആ സ്വപ്‌നങ്ങള്‍ ഒക്കെ തകര്‍ത്തുകൊണ്ടാണ് ആ വലിയ അപകടം സംഭവിച്ചത്. ഒരിക്കലും ആ കുടുംബത്തിനോ രഞ്ജിതയെ അറിയുന്ന നാട്ടുകാര്‍ക്കോ ഒന്നും താങ്ങാന്‍ കഴിയാത്ത വേദന തന്നെയാണ്ഈസംഭവം.

സ്‌കൂള്‍ വിട്ട് നാലു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് നടക്കാന്‍ പാടില്ലാത്തത് എന്തോ വീട്ടില്‍ നടന്നതായി ആ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലായത്. ചേര്‍ത്ത് പിടിച്ചവര്‍ക്ക് ഇടയിലൂടെ വീടിനുള്ളിലേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച മുത്തശ്ശിയുടെ അലമുറയിട്ട കരച്ചിലും. അരുതാത്തത് എന്തോ ഒന്ന് സംഭവിച്ചെന്ന് ആ കുരുന്നുകള്‍ക്ക് മനസ്സിലായെങ്കിലും തങ്ങളുടെ അമ്മയുടെ മരണമെന്ന യാഥാര്‍ത്ഥ്യം ആയിരിക്കും അതെന്ന് ആ കുട്ടികള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. മുത്തശ്ശിയുടെ അടുത്ത് കാര്യം തിരക്കിയപ്പോള്‍ അമ്മയ്ക്ക് അപകടം സംഭവിച്ചു എന്ന് മാത്രമാണ് ആ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലായത്. മരണ വിവരം അപ്പോഴും ആ കുഞ്ഞുങ്ങളോട് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

അമ്മ വിമാനാപകടത്തില്‍പ്പെട്ടെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോള്‍ പറഞ്ഞുള്ളൂ. ആ വാര്‍ത്ത കേട്ടതേ മുത്തശ്ശി തുളസിയെ കെട്ടിപിടിച്ച് കരഞ്ഞ 12കാരിയുടെ വേദന കൂടി നിന്നവരെയും ഈറനണിയിച്ചു. തലേദിവസം നെറുകില്‍ തലോടി ഉമ്മതന്ന് പടിയിറങ്ങിയ അമ്മ ഇനി ചിരിതൂകി തിരിച്ചെത്തില്ലെന്ന് ആ പിഞ്ചുമനസ്സ് വിശ്വസിച്ചില്ല. കരഞ്ഞുതളര്‍ന്ന മുത്തശ്ശിയും സഹോദരനും ഇതിഗയെ കെട്ടിപ്പിടിച്ചു. ''അമ്മയ്ക്ക് ഒന്നുംപറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്രയും ആളുകള്‍'' -ഇതിഗ ചോദിച്ചു. ഞങ്ങള്‍ക്ക് അമ്മമാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് അലമുറയിട്ടതോടെ അവിടം കൂട്ടക്കരച്ചിലായി.

അമ്മയോട് ഒന്ന് സംസാരിക്കണമെന്ന് വാശിപിടിച്ചുകരഞ്ഞ പെണ്‍കുട്ടി, ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ഞങ്ങളുടെ അടുത്തുവന്ന് ചോദിച്ചു; ''അമ്മയാണോ വിളിക്കുന്നെ... വിളിച്ചാല്‍ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ...'' അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായരുടെ (40) ഇളയമകളാണ് ഇതിഗ വി. കുറുപ്പ്. രാത്രി വൈകുംവരെയും അമ്മയ്ക്ക് ഒന്നുംപറ്റിയിട്ടില്ലെന്നുപറഞ്ഞ്, കരഞ്ഞുതളര്‍ന്ന്, മുത്തശ്ശി തുളസിയുടെ ഒപ്പം അവള്‍ ഇരുന്നു. രഞ്ജിതയുടെ മകന്‍ ഇന്ദുചൂഢനും തകര്‍ന്നുപോയിരുന്നു. ''അത്യാഹിതവിഭാഗത്തിലായാലും കുഴപ്പമില്ല, അമ്മയോട് ഒന്ന് മിണ്ടാന്‍പറ്റുമോ'' എന്നാണ് ആ മകന്‍ തിരക്കിയത്. ആ മക്കളുടെ മുഖത്ത് നോക്കി അമ്മ ഇനി ഇല്ലാ എന്ന് പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല.

വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്‌സായ രഞ്ജിത നായരും ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പുല്ലാട്ടെ കുടുംബ വീട്ടിലേക്ക് പ്രദേശവാസികള്‍ ഓടിയെത്തി. അസുഖബാധിതയായ രഞ്ജിതയുടെ അമ്മ തുളസിയും രഞ്ജിതയുടെ രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ രഞ്ജിതയുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിരുന്നെങ്കിലും പരുക്കുകളോടെ ആശുപത്രിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. പിന്നാലെയാണ് പത്തനംതിട്ട കലക്ടറേറ്റില്‍ നിന്ന് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്.

renjitha plane crash air india

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES