റിയാലിറ്റി ഷോ താരവും യുവനേതാവുമായ ഡോ. റോബിന്‍ രാധാകൃഷ്ണനും ഇന്‍ഫ്ലുവന്‍സര്‍ വേദ് ലക്ഷ്മിയും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ വാക് പോരില്‍ നിന്ന് നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റോബിന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന ഗുരുതര ആരോപണവുമായി വേദ് ലക്ഷ്മി രംഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം. ബിജെപി പ്രവര്‍ത്തകരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന റോബിന്റെ ശബ്ദരേഖയും വേദ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.
പാര്‍ട്ടിയുടെ നയങ്ങളോ തത്വങ്ങളോ തനിക്ക് അറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇഷ്ടം മാത്രമാണ് ഉള്ളതെന്നും പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നുണ്ട്. കൂടാതെ, താന്‍ സ്ഥാനാര്‍ഥിയായാല്‍ ഒരു രാഷ്ട്രീയക്കാരന്റെ രീതിയില്‍ മാത്രമായിരിക്കും സംസാരിക്കുക എന്നും ബിജെപിക്കാര്‍ വര്‍ഗീയവാദികളാണെന്ന് റോബിന്‍ പറയുന്നതായും ഈ ഓഡിയോ ചാറ്റിലുണ്ട്.
''എന്തുകൊണ്ട് ബിജെപി, ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും എബിസിഡി അറിയില്ല. മോദി ജിയെ ഇഷ്ടമാണ്. ബിജെപി വര്‍ഗീയവാദികളാണ്, സത്യം പറയാമല്ലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങള്‍ പറയാറുണ്ട്. ഞാന്‍ സ്ഥാനാര്‍ഥിയായെന്ന് വച്ചോളൂ, എന്നോട് അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാല്‍ ഒരു രാഷ്ട്രീയക്കാരനായേ ഞാന്‍ സംസാരിക്കൂ.''വേദ് ലക്ഷ്മി പുറത്തുവിട്ട് വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റില്‍ റോബിന്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ശക്തമായതോടെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് റോബിന്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എതിര്‍കക്ഷിയായ വേദ് ലക്ഷ്മിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് സമന്‍സ് അയച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്താന്‍ റോബിന്‍ വേദ് ലക്ഷ്മിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
റോബിന്റെ ഈ വെല്ലുവിളിക്കും പരാതിക്കും കടുത്ത ഭാഷയിലാണ് വേദ് ലക്ഷ്മി മറുപടി നല്‍കിയത്. തിങ്കളാഴ്ച തനിക്ക് ജോലി തിരക്കുകളുള്ളതിനാല്‍ റോബിന്‍ പറയുന്നത് പോലെ ഉടന്‍ തന്നെ സ്റ്റേഷനില്‍ വരാന്‍ കഴിയില്ലെന്ന് വേദ് ലക്ഷ്മി വ്യക്തമാക്കി. തന്റെ സൗകര്യപ്രദമായ സമയത്ത് പോലീസ് സ്റ്റേഷനിലെത്തി പറയേണ്ട കാര്യങ്ങള്‍ മുഴുവന്‍ വ്യക്തമാക്കുമെന്നും വിഷയത്തില്‍ ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റോബിന്റേത് വെറുമൊരു 'ഓലപ്പടക്കം' മാത്രമാണെന്നും വരാനിരിക്കുന്ന വലിയ നിയമപോരാട്ടങ്ങളെ നേരിടാന്‍ തയ്യാറായിക്കൊള്ളാനും വേദ് ലക്ഷ്മി താക്കീത് നല്‍കി. സൈബര്‍ ക്വട്ടേഷന്‍ നല്‍കി മറ്റുള്ളവരെ തമ്മിലടിപ്പിക്കാന്‍ നോക്കിയ റോബിന് അത് തന്നെ തിരിച്ചടിയാവുകയാണെന്നും, പഴയ കഥകളിലെ കുറുക്കന്റെ തന്ത്രങ്ങള്‍ ഇന്നത്തെക്കാലത്ത് വിലപ്പോവില്ലെന്നും അവര്‍ പരിഹസിച്ചു.
റോബിന്‍ എവിടെ അവസാനിപ്പിക്കുന്നുവോ അവിടെ നിന്ന് താന്‍ പോരാട്ടം തുടങ്ങുമെന്നും വാങ്ങിയ പണം തിരികെ നല്‍കിയിട്ട് സംസാരിക്കണമെന്നും വേദ് ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ റോബിനോട് ആവശ്യപ്പെട്ടു. നീ എന്തൊക്കെ ചെയ്താലും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ല, കാത്തിരുന്ന് കണ്ടുകൊള്ളൂ, ഇനി ഇതില്‍ നിന്നൊരു തിരിഞ്ഞുപോക്കില്ല. ഒരുകാര്യം വിട്ടുപോയി, ഈ മേടിച്ച പൈസയൊക്കെ തിരിച്ച് കൊടുക്ക് റോബിന്‍, എന്നിട്ട് സംസാരിക്ക്. അതാണ് അതിന്റെയൊരു ശരി, സ്നേഹം പരക്കട്ടെ, സ്നേഹം നന്നായി പരക്കട്ടെ.''-വേദ് ലക്ഷ്മി പറഞ്ഞു. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ വിവാദം നിയമനടപടികളിലേക്ക് നീങ്ങുകയാണ്.