വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ നടനാണ് റോഷന്‍. ഓട്ടം , തട്ടുംപുറത്ത് അച്ചുതന്‍ എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്‍ത്തികദീപം എന്ന സീരിയല്‍ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. നല്ല കഥാമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്നേറിയ പരമ്പരയില്‍ ഡോ. ഉണ്ണിക്കൃഷ്ണനായി അഭിനയിച്ചത് റോഷന്‍ ഉല്ലാസാണ്.
അതേസമയം, അറസ്റ്റു ചെയ്യപ്പെടുമെന്ന സൂചനകള്‍ ലഭിച്ചതിനു പിന്നാലെ നടന്‍ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പോലും ഡിലീറ്റ് ചെയ്തിട്ടുണ്ട്. നടന്‍ എന്നതിലുപരി അറിയപ്പെടുന്ന ബോഡി ബില്‍ഡറും മോട്ടിവേഷണല്‍ സ്പീക്കറും കൂടിയാണ് റോഷന്‍ ഉല്ലാസ്. അതിന്റെയൊക്കെ നിരവധി വീഡിയോകളാണ് അദ്ദേഹം സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചിരുന്നത്.