ഏതാനും ദിവസങ്ങള്‍ക്കു മുന്നേയാണ് തിരുവനന്തപുരം കവടിയാറിലെ പ്രശസ്തമായ ഉദയാ പാലസില്‍ വച്ച് സീരിയല്‍ നടി ഉമാ നായര്‍ മകള്‍ ഗൗരിയുടെ വിവാഹം അതിഗംഭീരമാക്കി നടത്തിയത്. ഹിന്ദു വിവാഹച്ചടങ്ങുകള്‍ അനുസരിച്ച് നടത്തിയ വിവാഹത്തിന് ദിവസങ്ങള്‍ക്കിപ്പുറമിതാ, പള്ളിയില്‍ വച്ച് മിന്നുകെട്ടും നടത്തിയിരിക്കുകയാണ് കുടുംബം. ഗൗരിയെ വിവാഹം കഴിച്ച ഡെന്നീസ് ക്രിസ്ത്യാനി പയ്യനാണ്. അതുകൊണ്ടാണ് പള്ളിയില്‍ വച്ചും അവരുടെ ആചാരരീതി അനുസരിച്ച് മിന്നുകെട്ട് നടത്തിയത്. കഴുത്തില്‍ സ്വര്‍ണമാലയിട്ട് മിന്നു മുറുക്കിക്കെട്ടിയാണ് തിരുവനന്തപുരത്തെ പള്ളിയില്‍ വച്ച് ആ ചടങ്ങ് കുടുംബം നടത്തിയത്.
ഡെന്നീസിന്റെ വീട്ടുകാര്‍ കോട്ടയം കാഞ്ഞിരപ്പള്ളിക്കാരാണെങ്കിലും സെറ്റില്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. ഹിന്ദു ആചാരമനുസരിച്ചുള്ള ചടങ്ങിന് ഡെന്നീസും വീട്ടുകാരും പൂര്‍ണമനസോടെയും സന്തോഷത്തോടെയുമാണ് ഗൗരിയ്ക്കും വീട്ടുകാര്‍ക്കും ഒപ്പം നിന്നത്. വിവാഹം കഴിഞ്ഞ് ഗൗരിയെ ഡെന്നീസിന്റെ വീട്ടിലേക്ക് സ്വീകരിച്ചതു പോലും അങ്ങനെയായിരുന്നു.
പ്ലേറ്റില്‍ മഞ്ഞവെള്ളം കലക്കി സൈഡില്‍ തിരി കത്തിച്ച് ആരതിയുഴിഞ്ഞാണ് താലികെട്ട് കഴിഞ്ഞെത്തിയ ഗൗരിയേയും ഡെന്നീസിനേയും സ്വീകരിച്ചത്. തുടര്‍ന്ന് നിലവിളക്ക് മരുമകളുടെ കയ്യിലേക്ക് നല്‍കുകയായിരുന്നു. സാധാരണ ക്രിസ്ത്യന്‍ വീടുകളിലേക്ക് വധൂവരന്മാരെ സ്വീകരിക്കുന്നത് കത്തിച്ച മെഴുകുതിരി നല്‍കിയും കൊന്ത കൊണ്ട് കുരിശുവരച്ച് അതു സമ്മാനിച്ചുമൊക്കെയാണ്. എന്നാല്‍ നിലവിളക്കേന്തി വലതുകാല്‍ വച്ചുകയറവേ അമ്മയ്ക്ക് ദക്ഷിണ നല്‍കി ഡെന്നീസ് അനുഗ്രഹം വാങ്ങുന്നതും തുടര്‍ന്ന് അകത്തേക്ക് കയറിയ ഇരുവര്‍ക്കും പാലും പഴവും ഒക്കെ നല്‍കുകയും ചെയ്തിരുന്നു. അതിനൊക്കെ ഡെന്നീസും വീട്ടുകാരും ഒപ്പം നിന്നതു പോലെ തന്നെയാണ് ഇന്ന് ഗൗരിയുടെ വീട്ടുകാരും ഡെന്നീസിനും വീട്ടുകാര്‍ക്കും ഒപ്പം നിന്നത്.
ഒന്‍പതു വര്‍ഷത്തോളം നീണ്ട മകളുടെ പ്രണയത്തിന് മതവും ജാതിയും സാമ്പത്തികവും ഒന്നും നോക്കാതെ ഉമ സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തിയത്. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരാണ് ഗൗരിയുടെ ഭര്‍ത്താവ് ഡെന്നീസും കുടുംബവും. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഒരു സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് ബാസ്‌ക്കറ്റ്ബോള്‍ കളിക്കാരായ ഡെന്നീസും ഗൗരിയും കണ്ടുമുട്ടുന്നത്. ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹിതരായപ്പോള്‍ സ്നേഹത്തോടെ എന്തിനും ഏതിനും ഒരുമിച്ചു നില്‍ക്കുന്ന വീട്ടുകാരെയാണ് മലയാളികള്‍ മുഴുവന്‍ കണ്ടത്. ഹിന്ദു വിശ്വാസമനുസരിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ മുഴുവന്‍. ഗൗരിയുടെ കഴുത്തില്‍ താലികെട്ടി തിരുവനന്തപുരത്തെ തനി കല്യാണം പോലെ മൂന്നു സാരികള്‍ മാറിയുടുത്താണ് ഗൗരി ഉച്ചയോടെ ഭര്‍തൃവീട്ടിലേക്ക് പോയത്.
ജാതിക്കും മതത്തിനും അപ്പുറത്തേക്ക് നല്ലൊരു മനുഷ്യന്‍ നല്ലൊരു മനസിന്റെ ഉടമ ആണോ എന്നാണ് നോക്കേണ്ടത്. എന്റെ ജാതിയില്‍ ഉള്ള ഒരാളെ അന്വേഷിച്ചു പിടിച്ചു ഞാന്‍ വിവാഹം ചെയ്തു കൊടുത്തുവെന്ന് കരുതുക.. നാളെയവര്‍ പിരിഞ്ഞുപോയാലൊ. ജാതി ഏതായാലും മതം ഏതായാലും വന്നു കേറിയ ആള് നല്ലൊരു മനുഷ്യന്‍ ആണോ. എന്റെ മകളെ സ്നേഹിക്കുന്ന ആളാണോ. അവളുടെ കുഞ്ഞു കുഞ്ഞു പിഴവുകള്‍ മനസിലാക്കുന്ന ആളാണോ എന്നാണ് ഞാന്‍ നോക്കിയത്. മോള്‍ ആയാലും മോന്‍ ആയാലും അങ്ങനെ പരിശോധിച്ച് ചെയ്യണം എന്നേ ഞാന്‍ പറയൂ. ജാതിക്കും മതത്തിനും അപ്പുറത്തേക്ക് നല്ല മനുഷ്യത്വം ഉള്ള ആളാണ് എങ്കില്‍ സന്തോഷത്തോടെ അവര്‍ ജീവിക്കില്ലേ. അതാണ് താന്‍ ഗൗരിയുടേയും ഡെന്നീസിന്റെയും കാര്യത്തില്‍ നോക്കിയതെന്നാണ് ഉമാ നായര്‍ പറഞ്ഞിട്ടുള്ളത്.