ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരിയുടെയും പീഡനം മൂലം ഷാര്‍ജയില്‍ തൂങ്ങി മരിച്ച് വിപഞ്ചികയെയും വൈഭവിയെയും ആരും മറക്കില്ല. ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈഭിയുടെ സംസ്‌കാരം ഷാര്‍ജയില്‍ തന്നെയാണ് നടത്തിയത്. എന്നാല്‍ വിപഞ്ചികയുടെ സംസ്‌കാരം നാട്ടില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെയാണ് വിപഞ്ചികുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. ഷാര്‍ജയില്‍ ആയിരുന്ന അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും മറ്റ് ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയിരുന്നു. എന്നാല്‍ വിപഞ്ചികയുടെ മൃതശരീരം നട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് ഷാര്‍ജയില്‍ അരങ്ങേറിയത് കരള്‍ അലിയിക്കുന്ന രംഗങ്ങളായിരുന്നു.
മൃതദേഹം ഫൊറന്‍സിക് ലാബിനുള്ളില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ലാബിന് പുറത്ത് കാത്തുനിന്ന അമ്മ ഷൈലജയെ സാന്ത്വനിപ്പിക്കാനാകാതെ സഹോദരന്‍ വിനോദ് തളര്‍ന്നുപോയി. അവന്റെ നിലവിളിയും കണ്ണുനീരുമാണ് കാഴ്ച കണ്ടവരെയും വേദനിപ്പിച്ചത്. 'പൊന്നുമോളേ...' എന്ന വിളിയാണ് അവിടെയെത്തിയ എല്ലാവരുടെയും ഹൃദയത്തെ തളര്‍ത്തിയത്. മരണത്തിന് ഉത്തരവാദി എന്ന് വിപഞ്ചികയുടെ കുടുംബം ആരോപിക്കുന്ന ഭര്‍ത്താവ് നിതീഷ് മോഹനും ഫൊറന്‍സിക് ലാബിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ എല്ലാം ഒരു വികാരവും ഇല്ലാതെ നോക്കി നില്‍ക്കുകയായിരുന്നു നിതീഷ്.
ഈ മാസം 8നാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ളാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നായിരുന്നു വൈഭവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ, മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈഭവിയുടെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കണമെന്ന നിതീഷിന്റെ ആഗ്രഹപ്രകാരം ജബല്‍ അലി ന്യൂ സോണാപൂര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന ഷൈലജയുടെ ആവശ്യപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നിതീഷുമായി ചര്‍ച്ച നടത്തിയെങ്കിലും അയാളത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യക്കുറിപ്പ് പിന്നീട് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുകയും വൈകാതെ അപ്രത്യക്ഷമാകുകയും ചെയ്തു. ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃപിതാവ് മോഹന്‍, ഭര്‍തൃ സഹോദരി നീതു എന്നിവര്‍ക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സംബന്ധമായി ഒട്ടേറെ കാര്യങ്ങള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കുമെന്ന് ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.