തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ യാത്രക്കാരോട് കൈ നീട്ടി ഭിക്ഷ ചോദിച്ചിരുന്ന ഒരാള്‍ ഇന്ന് ക്യാമറ കൈയില്‍ പിടിച്ച് നഗരത്തിന്റെ കഥകള്‍ ലോകത്തിനു മുന്നില്‍ പറയുകയാണ്. ജീവിതം ഒരിക്കല്‍ മുഴുവന്‍ അടഞ്ഞുപോയ പോലെ തോന്നിയിരുന്നെങ്കിലും, ഒരു പഴയ ക്യാമറ അവരുടെ ജീവിതത്തിന്റെ വഴിത്തിരിവായി. സമൂഹം തള്ളിക്കളഞ്ഞ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഇന്ന് സ്വന്തം കരങ്ങളാല്‍ സ്വന്തം ഭാവി എഴുതുകയാണ്. സോയ തോമസ് ലോബോയുടെ ജീവിതം. പത്തു വര്‍ഷത്തോളം മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ യാത്രക്കാരോട് കൈ നീട്ടി ഭിക്ഷ ചോദിച്ചാണ് സോയ തോമസ് ലോബോ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. അവരെ ജോലി നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല, സമൂഹം പലപ്പോഴും അവരെ അവഗണിച്ചു. ആ സാഹചര്യങ്ങളില്‍ പോലും അവര്‍ കൈവിട്ടില്ല. ദിവസവും സമ്പാദിച്ച ചെറിയ തുകകള്‍ ചേര്‍ത്ത് ഒരു പഴയ ക്യാമറ വാങ്ങിയപ്പോഴാണ് ജീവിതത്തില്‍ ഒരു ചെറിയ പ്രതീക്ഷ തെളിഞ്ഞത്.
ആ ക്യാമറ അവരുടെ ജീവിതത്തിന്റെ വഴിത്തിരിവായി. അതിലൂടെ അവര്‍ ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാന്‍ തുടങ്ങി. ആദ്യം സ്വയം പഠിച്ച്, പിന്നീട് അനുഭവത്തിലൂടെ വളര്‍ന്നു, ക്യാമറ അവരുടെ ആത്മവിശ്വാസവും കരുത്തും ആയിത്തീര്‍ന്നു. ഇന്ന്, സോയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഫോട്ടോജേണലിസ്റ്റ് എന്ന അഭിമാനകരമായ പേരില്‍ ചരിത്രമെഴുതുകയാണ്. അവരുടെ ഓരോ ചിത്രവും സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയാണ്. ഒരിക്കല്‍ ജനക്കൂട്ടത്തിന്റെ നടുവില്‍ ജീവിക്കാന്‍ വേണ്ടി കൈ നീട്ടി യാചിക്കേണ്ടി വന്നിരുന്ന സോയ, ഇന്ന് അതേ ജനക്കൂട്ടത്തിന്റെ കഥകള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. ഒരിക്കല്‍ സഹായം തേടി നടന്നിരുന്ന നഗരത്തിലെ തെരുവുകളും ട്രെയിന്‍ ബോഗികളും ഇന്ന് അവരുടെ ജോലിയുടെ വേദികളാണ്. കുറ്റകൃത്യങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, സാധാരണക്കാരുടെ പോരാട്ടങ്ങള്‍, മനുഷ്യരുടെ പ്രതിദിന ജീവിതത്തിലെ വേദനയും സന്തോഷവും എല്ലാം അവരുടെ ലെന്‍സിലൂടെ സമൂഹത്തിനു മുന്നില്‍ എത്തുന്നു.
സോയയ്ക്ക് ഇത് വെറും ജോലി മാത്രമല്ല, ഒരു ദൗത്യമാണ്. സമൂഹം പലപ്പോഴും കാണാതെ പോകുന്ന സംഭവങ്ങളും മറന്നുപോകുന്ന കഥകളും അവര്‍ 'എശഴവ േഅഴമശിേ െഇൃശാല' പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിപ്പിക്കുന്നു. ഇരുട്ടിന്റെ മറവില്‍ നടക്കുന്ന അനീതികളെ പുറത്തുകൊണ്ടുവരാനും, പൊതുജനങ്ങളുടെ കണ്ണ് തുറപ്പിക്കാനുമാണ് അവരുടെ ശ്രമം. ഇങ്ങനെ, ഒരിക്കല്‍ സ്വയം രക്ഷപ്പെടാന്‍ മാത്രം ശ്രമിച്ചിരുന്ന ഒരാള്‍ ഇന്ന് മറ്റുള്ളവര്‍ക്ക് ശബ്ദമായി മാറിയിരിക്കുന്നു. അവര്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഓരോ ചിത്രം, സമൂഹത്തെ ചോദ്യം ചെയ്യാനും മാറ്റത്തിനായി ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. 2020ല്‍ ഇന്ത്യയിലെ കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങള്‍ പകര്‍ത്തിക്കൊണ്ടാണ് അവരുടെ പത്രപ്രവര്‍ത്തനത്തിലെ തുടക്കം. കനേഡിയന്‍ വാര്‍ത്താ ഏജന്‍സിയായ ലാ പ്രെസ് കാനഡിയന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു, തുടര്‍ന്ന് ഗൂഗിള്‍ ഇന്ത്യ, കേ ബ്യൂട്ടി, എച്ച്എസ്ബിസി തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള അസൈന്‍മെന്റുകള്‍ ലഭിച്ചു.
സോയ വിവരിക്കുന്നു, ' ഹിജ്‌റ ഷാപ് കി വര്‍ദന്‍: ഭാഗം 1 എന്ന ഹ്രസ്വചിത്രത്തിന്റെ തുടര്‍ച്ചയില്‍ അഭിനയിച്ചതിനു ശേഷമാണ് പത്രപ്രവര്‍ത്തനത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. പിന്നീട് പോലീസ് ചിത്രപഥിലും അക്ഷരജിലും ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ജേണലിസ്റ്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറ ഉണ്ടായിരുന്നു, ഫീല്‍ഡില്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഫോട്ടോഗ്രാഫിയെക്കുറിച്ചും സ്ട്രീറ്റ് ഫോട്ടോഗ്രാഫിയെക്കുറിച്ചും അറിയില്ലായിരുന്നു, പക്ഷേ ഒരു ക്യാമറ സ്വന്തമാക്കി ചിത്രങ്ങള്‍ എടുക്കാനുള്ള അഭിനിവേശം ഉണ്ടായിരുന്നു. അതിനാല്‍ എല്ലാ ഞായറാഴ്ചയും, മുംബൈയിലെ നാട്ടുകാരില്‍ നിന്ന് ഇടവേള എടുത്ത് ബോറിവാലി നാഷണല്‍ പാര്‍ക്കില്‍ പോയി ചിത്രങ്ങള്‍ എടുക്കുമായിരുന്നു.'' ഒരു ദിവസം ട്രാന്‍സ് കമ്മ്യൂണിറ്റിക്കുവേണ്ടിയുള്ള പിങ്ക് റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ സോയ ഫീല്‍ഡില്‍ പോയപ്പോള്‍, യൂറോപ്യന്‍ പ്രസ് ഫോട്ടോ ഏജന്‍സിയിലെ മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് ദിവ്യകാന്ത് സോളങ്കിയെ കണ്ടുമുട്ടി. ''പത്രപ്രവര്‍ത്തനം എന്താണെന്ന് അദ്ദേഹമാണ് പഠിപ്പിക്കുന്നത്.
'അഞ്ചാം ക്ലാസ്സില്‍ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് പഠനം ഉപേക്ഷിച്ചു. പക്ഷേ ഒരു കത്തോലിക്കാ സമൂഹത്തില്‍ വളര്‍ന്നത് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ സോയയയെ സഹായിച്ചു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴെല്ലാം ആളുകള്‍ വിദ്യാഭ്യാസമില്ലാത്തവളാണെന്ന് കരുതുന്നു. അവര്‍ അഭിപ്രായങ്ങള്‍ പറയുകയും സോയ ഇംഗ്ലീഷില്‍ മറുപടി നല്‍കുകയും ചെയ്യുമ്പോള്‍, അവര്‍ ഞെട്ടിപ്പോകുമായിരുന്നു.
കോവിഡ് മഹാമാരിക്കാലത്തെ പ്രവര്‍ത്തനത്തിന് ബോംബെ ന്യൂസ് ഫോട്ടോഗ്രാഫി അസോസിയേഷന്‍ സോയയ്ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ വര്‍ഷം, അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ഫോട്ടോ ജേണലിസ്റ്റായി സമൂഹത്തില്‍ മുന്നേറിയതിന് സാവിത്രി ഭായ് ഫൂലെ അവാര്‍ഡും അവര്‍ക്ക് ലഭിച്ചു.
സോയയ്ക്ക് ക്യാമറ വെറും ഒരു ഉപകരണമല്ല; അത് അവരുടെ ദര്‍ശനമാണ്. ആത്മവിശ്വാസം, കഴിവ്, അദ്ധ്വാനം ഇതൊക്കെ ചേര്‍ന്നാല്‍ മനുഷ്യന് എന്തും സാധ്യമാണെന്ന് അവര്‍ തെളിയിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍, സോയയുടെ യാത്ര വലിയൊരു പ്രചോദനമാണ്. അവരുടെ കഥ, വ്യക്തിപരമായ വിജയം മാത്രമല്ല; മറിച്ച്, മറ്റുള്ളവര്‍ക്കും പുതിയ വഴികള്‍ തുറക്കുകയാണ്. ഭിക്ഷ ചോദിക്കലില്‍ തുടങ്ങി, ഇന്ന് സമൂഹത്തിന്റെ കണ്ണായി മാറിയ സോയ തോമസ് ലോബോ നമ്മെ പഠിപ്പിക്കുന്നത് ഇതാണ് ഇരുട്ടിനിടയിലും സ്വപ്നങ്ങളിലൂടെ വെളിച്ചം തെളിയിക്കാനാകുമെന്ന്.