Latest News

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനായി; പ്രതിഭയെ അമ്മേയെന്ന് വിളിച്ച് ലിനിയുടെ മക്കള്‍

Malayalilife
topbanner
സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനായി; പ്രതിഭയെ അമ്മേയെന്ന് വിളിച്ച് ലിനിയുടെ മക്കള്‍

നിപ രോഗത്തെത്തുടര്‍ന്ന് അകാലത്തില്‍ വിടപറഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി. ഇന്ന് രാവിലെ വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വച്ചാണ് ലളിതമായ ചടങ്ങില്‍ ഇരുവരും വിവാഹിതരായത്. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു വിവാഹം. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിയാണ് പ്രതിഭ. സജീഷിന്റെയും പ്രതിഭയുടെയും വിവാഹത്തിന് ഏറ്റവും ശ്രദ്ധ നേടിയത് ലിനിയുടെ മക്കള്‍ തന്നെയായിരുന്നു. കുഞ്ഞു മുണ്ടുടത്ത് പിങ്ക് കളര്‍ ഷര്‍ട്ടിട്ട് കൈകള്‍ കോര്‍ത്തു പിടിച്ചാണ് റിതുലും സിദ്ധാര്‍ത്ഥും അച്ഛന്റെ വിവാഹം കാണുവാന്‍ എത്തിയത്. പ്രതിഭയുടെ മകള്‍ ദേവപ്രിയയും അനിയന്മാരെ ചേര്‍ത്തുപിടിച്ച് ഒപ്പമുണ്ടായിരുന്നു.

വിവാഹശേഷം മക്കളുടെ കൈപിടിച്ച് പ്രതിഭയും സജീഷും നടന്നു വരുമ്പോള്‍ സന്തോഷവും സങ്കടവും ഒരുപോലെ നിറഞ്ഞ കാഴ്ചയാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സമ്മാനിച്ചത്. മരണം തന്നെ തേടിയെത്തുമെന്ന് മനസിലാക്കിയ ലിനി അവസാനമായി കുറിച്ച കത്തിലെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സജീഷ് വീണ്ടും വിവാഹം കഴിക്കണമെന്നത്. നമ്മുടെ അച്ഛനെ പോലെ തനിച്ചായി പോകരുതേ എന്നായിരുന്നു ലിനി കുറിച്ചത്. ആ ആഗ്രഹം സഫലീകരിച്ചു കൊടുക്കുവാന്‍ തനിക്ക് കഴിയുമോ എന്ന സംശയമായിരുന്നു സജീഷിന് ഉണ്ടായിരുന്നത്. എന്നാല്‍ പ്രതിഭയെ കണ്ടുമുട്ടുകയും മക്കളുമായി അതിവേഗം ഇണങ്ങുകയും ചെയ്തപ്പോള്‍ പുതിയ ജീവിതത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സജീഷ് തന്നെയാണ് പ്രതിഭയും മക്കളുമൊന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് സാമൂഹികമാധ്യമത്തിലൂടെ വിവാഹക്കാര്യം അറിയിച്ചത്. ''ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. റിതുലിനും സിദ്ധാര്‍ഥിനും അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം...'' -എന്നാണ് സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഏകദേശം ആറ് മാസം മുമ്പാണ് പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചത്. ലിനിയുടെ ബന്ധുക്കളും കൂടി പോയാണ് ഉറപ്പിക്കല്‍ ചടങ്ങു നടത്തിയത്. മക്കളുമായി പരിചയത്തിലായിക്കോട്ടെ എന്നു കരുതിയാണ് വിവാഹം നീട്ടിവെച്ചത്. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നത്. വളരെ വേഗം പ്രതിഭയുമായി കുട്ടികള്‍ പരിചയത്തിലായവുകയായിരുന്നു. അധ്യാപികയായ പ്രതിഭ വിവാഹ മോചിതയാണ്. ഞങ്ങള്‍ വിവാഹിതരാകുന്നതില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും സന്തോഷമുണ്ട്. ചിലര്‍ക്ക് മാനസികമായി ചെറിയ വിഷമങ്ങളുള്ളവരുണ്ടാകും. എന്നാല്‍ അത് പതിയെ പതിയെ ഇല്ലാതാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നാണ് സജീഷ് പ്രതികരിച്ചത്.

ലിനിയുടെ വീട്ടില്‍ സജീഷും മക്കളും താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റാനാണ് ആലോചന. ലിനിയുടെ അമ്മയും സജീഷിന്റെ അച്ഛനുമൊക്കെ പിന്തുണയുമായി കൂടെയുണ്ട്. അവരൊക്കെ നിര്‍ബന്ധിച്ചിട്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിഭയെ കുഞ്ഞുങ്ങള്‍ അംഗീകരിക്കുമോയെന്ന ഭയം സജീഷിന് ഉണ്ടായിരുന്നു. പക്ഷേ രണ്ട് മക്കളും വളരെ വേഗം അവളോട് അടുത്തു. അമ്മയെന്നാണ് കുഞ്ഞുങ്ങള്‍ പ്രതിഭയെ വിളിക്കുന്നത്.

'കുട്ടികള്‍ക്ക് കണ്ടുപരിചയമില്ലാത്തൊരാളെ അമ്മയെന്നു വിളിപ്പിക്കാന്‍ പാടാണ്. അമ്മയാണെന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമല്ലേ അവര്‍ അങ്ങനെ വിളിക്കൂ. എന്നാല്‍ വളരെ വേഗം ആ വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിഞ്ഞു. എന്തോ ഭാഗ്യംകൊണ്ട് പ്രതിഭയെ അമ്മയായി അംഗീകരിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിഞ്ഞു. കുറേ പ്രാവശ്യം ഞങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ത്തന്നെ അവളായിരിക്കും കൂടെയുണ്ടാകുകയെന്ന് കുഞ്ഞുങ്ങള്‍ക്ക് മനസിലായി. അമ്മയില്‍ നിന്നുള്ള സ്‌നേഹം കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.'

ലിനിയുടെ മരണത്തിനു ശേഷം അവളുടെ അമ്മയെ നോക്കുന്നത് സജീഷ് ആണ്. അവള്‍ മരിച്ചതിനു ശേഷം സജീഷ് ലിനിയുടെ വീട്ടിലേക്ക് പോന്നതില്‍ പിന്നെ സജീഷിന്റെ അച്ഛന്‍ അവിടെ ഒറ്റയ്ക്കാണ്. മൂന്ന് ഫാമിലിയും കൂടി ഒന്നിച്ചു കൊണ്ടുപോകേണ്ട വലിയൊരു ഉത്തരവാദിത്തമാണ് സജീഷിന്റെ മുന്നില്‍ ഇപ്പോഴുള്ളത്. 2018ല്‍ ലിനിയുടെ മരണശേഷം ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലി നല്‍കിയിരുന്നു. പന്നിക്കോട്ടൂര്‍ പി.എച്ച്.സി.യില്‍ ക്ലാര്‍ക്കാണിപ്പോള്‍. ഇളയമകന്‍ സിദ്ധാര്‍ഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേര്‍പാടുണ്ടായത്. ഇപ്പോള്‍ സിദ്ധാര്‍ഥ് ഒന്നാം ക്ലാസിലും റിതുല്‍ നാലാം ക്ലാസിലും പഠിക്കുന്നു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കം വിവാഹത്തിന് ആശംസകളറിയിച്ചിരുന്നു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രിയും പറഞ്ഞു. അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാകുമെന്നും കുടുംബത്തിന് എല്ലാ ആശംസയും നേരുന്നുവെന്നും മുന്‍ ആരോഗ്യമന്ത്രിയും എം.എല്‍.എ.യുമായ കെ.കെ. ശൈലജയും സന്തോഷം പങ്കുവെച്ചു.

sister lini husband second marriage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES