മലയാള ചലച്ചിത്ര സീരിയൽ മേഖലയിൽ ഉള്ളവർക്ക് എല്ലാം തന്നെ ഏറെ സുപരിചിതനായ താരമാണ് ബൈജു സന്തോഷ്. പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ആണ് അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. സ്വഭാവ നടനായും നായകൻ്റെ കൂട്ടുകാരനായും ഉള്ള വേഷങ്ങളിൽ ചെയ്ത ബൈജു ചെയ്തതിൽ അധികവും കോമഡി റോളുകളായിരുന്നു. ഒരു സിനിമ താന്‍ തെരഞ്ഞെടുക്കുന്നത് തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ചെയ്യുകയുള്ളൂവെന്നുമാണ് ഇപ്പോൾ ബൈജു പറയുന്നത്.
‘ആദ്യം കഥ ഒന്ന് ചുരുക്കത്തില്‍ കേള്‍ക്കും. പിന്നീട് ഞാന്‍ ചെയ്യേണ്ട സീനുകള്‍ മാത്രം ഞാന്‍ വായിച്ചു നോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാന്‍ സിനിമ ചെയ്യൂ. അങ്ങനെ ഞാന്‍ ഒരുപാട് സിനിമകള്‍ ഈയിടെ വേണ്ടെന്ന് വച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. ശമ്പളത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഞാന്‍ ആ സിനിമ ചെയ്തില്ല. വിനീത് ശ്രീനിവാസന്റെ ഒരു സിനിമയും ഞാന്‍ ഇപ്പോള്‍ വേണ്ടെന്ന് വച്ചു. എന്റെ കഥാപാത്രം കേട്ടപ്പോള്‍ എനിക്ക് ചെയ്യാനും മാത്രം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ ആ കഥാപാത്രവും ഉപേക്ഷിച്ചു’.
സിനിമയില്‍ എത്തിയിട്ട് 40 വര്‍ഷം ആകുന്നു. സിനിമയാണ് എന്റെ മേഖല എന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. സിനിമയില്‍ ബ്രേക്ക് ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒഴുകി പോകുകയാണ്. ഇപ്പോഴത്തെ യൂത്തിന്റെ ട്രെന്‍ഡ് ഒരുപാട് മാറിയിട്ടുണ്ടെന്നും ഇപ്പോള്‍ വളച്ചു കെട്ടും കള്ളത്തരവും ഒന്നും ഇല്ലാതെ കുറച്ചു കൂടി പച്ചയായി സിനിമയിലൂടെ കാര്യങ്ങള്‍ പറയുന്നത് കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്‌ടമാണ്.
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ കാണാറുണ്ടല്ലോ എന്ന ചോദ്യത്തിന് മുരളി പത്തോളം സിനിമകള്‍ എഴുതിയിട്ടുണ്ടെന്നും അതില്‍ നാല് സിനിമകളിലേ താന്‍ അഭിനയിച്ചിട്ടുള്ളൂ എന്നായിരുന്നു ബൈജുവിന്റെ മറുപടി. ഒരു തിരക്കഥ എഴുതുമ്പോള്‍ അറിയാതെ നിങ്ങള്‍ക്കും ഇന്ദ്രജിത്തിനും ഉള്ള വേഷം എഴുതി പോകുന്നതാണ് എന്നാണ് മുരളി ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും ബൈജു പറയുന്നു.