നടി സായ് പല്ലവിയുടെ 33-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സഹോദരി പൂജാ കണ്ണന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സായ് പല്ലവിക്ക് പൂജ ആശംസകള്‍ നേര്‍ന്നത്.സായ് പല്ലവിയില്ലാതെ ജീവിതത്തില്‍ ഒരു ദിവസം പോലും സങ്കല്‍പിക്കാനാകില്ലെന്നും നിസ്വാര്‍ഥവും നിര്‍മലവും നിരുപാധികവുമായ സ്നേഹത്തിന്റെ നിര്‍വചനമാണ് തന്റെ സഹോദരിയെന്നും പൂജ കുറിച്ചു.
'ജന്മദിനാശംസകള്‍, ഉറ്റ സുഹൃത്തേ!
അമ്മയും അച്ഛനും എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് നീ ഒന്നാമതും ഞാന്‍ രണ്ടാമതുമായിരിക്കുക എന്നതായിരുന്നു. സത്യം പറഞ്ഞാല്‍, എന്റെ മുന്നിലുള്ള എല്ലാ പരീക്ഷണങ്ങളും നീ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അതിജീവിക്കുമായിരുന്നില്ല. പല്ലവി, നീയില്ലാതെ ഒരു ദിവസം പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. നീയില്ലാതെ എന്റെ ലോകത്തിന് അര്‍ത്ഥമില്ല, ലക്ഷ്യമില്ല, സന്തോഷവുമില്ല. ഈ അനിശ്ചിത ലോകത്ത്, നീയാണ് എന്റെ ഉറപ്പ്.
നിസ്വാര്‍ത്ഥവും, നിര്‍മ്മലവും, നിരുപാധികവുമായ സ്നേഹത്തിന്റെ നിര്‍വചനമാണ് നീ. നിന്റെ ഹൃദയത്തില്‍ എത്രമാത്രം സ്‌നേഹം ഉണ്ടെന്ന് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു - നിന്റെ ചുറ്റുമുള്ള ഓരോ വ്യക്തിയെയും നീ പരിപാലിക്കുന്നു. നീ എത്രമാത്രം സ്‌നേഹം കൊടുക്കുന്നു എന്നതില്‍ ചിലപ്പോള്‍ എനിക്ക് അല്‍പ്പം അസൂയ തോന്നും. എന്നാല്‍ നിന്നാല്‍ സ്‌നേഹിക്കപ്പെടുന്നതിലും നിന്നെ എന്റെ സഹോദരി എന്ന് വിളിക്കുന്നതിലും ഞാന്‍ എത്ര ഭാഗ്യവതിയും അഭിമാനിയുമാണെന്ന് പിന്നെ ഓര്‍ക്കും. ഈ ജന്മദിനത്തില്‍, നീ ലോകത്തിനായി നിരന്തരം ചൊരിയുന്ന എല്ലാ സ്‌നേഹവും സന്തോഷവും നിനക്ക് ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, പല്ലവി,' പൂജയുടെ വാക്കുകളിങ്ങനെ.
സായ് പല്ലവിക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും കുറിപ്പിനൊപ്പം പൂജ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും കുട്ടിക്കാലത്തെ മനോഹര ചിത്രങ്ങള്‍ ഇതില്‍ കാണാം. ...ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ സായ് പല്ലവിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.