മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 65-ാം പിറന്നാള്‍.വൈവിധ്യ പൂര്‍ണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അല്ലെങ്കില്‍ ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടന് താരലോകവും ആരാധകരും ഒരുപോലെ ആശംസകള്‍ നേരുകയാണ്. ഇത്തവണ പിറന്നാള്‍ ദിനത്തില്‍ തന്റെ ജീവചരിത്രം അണിയറയില്‍ ഒരുങ്ങുന്ന സന്തേഷം പങ്ക് വച്ച് നടന്‍ എത്തി.
1978-ല്‍ തിരനോട്ടത്തില്‍ തുടങ്ങി 'തുടരും' എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്. മുഖരാഗം എന്ന പേരില്‍ പുസ്തകം രചിക്കുന്നത് ഭാനു പ്രകാശ് ആണ്.മോഹന്‍ലാലിന്റെ കുടുംബചരിത്രം പറയുന്ന 'പത്തനംതിട്ടയിലെ വേരുകള്‍', കുട്ടിക്കാലത്തെക്കുറിച്ചുള്ള 'അമ്മൂമ്മയുടെ ലാലു',.സിനിമാലോകം ആകര്‍ഷിച്ചു തുടങ്ങുന്ന കാലത്തെപ്പറ്റിയുള്ള 'മിന്നായംപോലെ സത്യന്‍മാഷ്' എന്നിവയുള്‍പ്പെടെ, വീരകേരള ജിംഖാന, നായകന്‍മാരുടെ പ്രതിനായകന്‍,പടയോട്ടം, പത്മരാജസ്പര്‍ശം, കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവന്‍, ഭാവദീപ്തം ഭരതം... തുടങ്ങി നൂറിലധികം അധ്യായങ്ങളായി ആയിരത്തോളം പേജുകളാണ് 'മുഖരാഗ'ത്തിലുള്ളത്.
നൂറിലേറെ പ്രധാന സിനിമകളെക്കുറിച്ചും അവയുടെ അണിയറ വിശേഷങ്ങളെക്കുറിച്ചും പറയുന്നതിനൊപ്പം മലയാളസിനിമയുടെ നാലുപതിറ്റാണ്ടിന്റെ അപൂര്‍വചരിത്രം കൂടിയാകുന്ന പുസകത്തിന് എം.ടി. വാസുദേവന്‍ നായരാണ് അവതാരികയെഴുതിയത്. ഓഗസ്റ്റില്‍ പ്രീ പബ്ലിക്കേഷന്‍ തുടങ്ങുന്ന പുസ്തകം 2025 ഡിസംബറില്‍ പുറത്തിറങ്ങും.
വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മെയ് 21നാണ് മോഹന്‍ലാല്‍ ജനിച്ചത്. ഇടവ മാസത്തിലെ രേവതി നക്ഷത്രത്തില്‍ ജനനം. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹന്‍ലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു ലാലിന്റെ ബാല്യകാലം. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ എംജി കോളേജില്‍ നിന്ന് ബികോം ബിരുദം സ്വന്തമാക്കി.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും താരം തന്റെ പ്രതിഭ തെളിയിച്ചു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഭാരത് സിനി ഗ്രൂപ്പ് എന്ന നിര്‍മ്മാണകമ്പനി ഒരുക്കിയ 'തിരനോട്ടം' എന്ന ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ആദ്യസിനിമ. 1978ല്‍ നിര്‍മ്മിച്ച ചിത്രമാണിത്. ഒരു ഹാസ്യവേഷമായിരുന്നു ലാല്‍ ഇതില്‍ കൈകാര്യം ചെയ്തത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്തില്ല.
1980ല്‍ പുറത്തിറങ്ങിയ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ആണ് മോഹന്‍ലാല്‍ എന്ന നടനെ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. 20ാമത്തെ വയസിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം താരത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് മോഹന്‍ലാലിന്റെ ജൈത്രയാത്ര തുടര്‍ന്നു. വില്ലനായി വന്ന് പിന്നീട് നായകനായി മാറിയ ലാല്‍ പ്രേക്ഷക മനസില്‍ ചേക്കേറി. ഇന്ന് തുടരും വരെ എത്തിനില്‍ക്കുകയാണ് ആ ജൈത്രയാത്ര. ഇനിയും തുടരും..തുടരുമിന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം ആണ്.