നമ്മള്‍ സാധാരണക്കാരെന്നു കരുതി നോക്കികണ്ടു വിടുന്ന ചില മനുഷ്യര്‍. അവരുടെ ഉള്ളില്‍ ചിലപ്പോള്‍ ഒരായുസ് കൊണ്ട് അനുഭവിക്കാവുന്ന വേദനകളെല്ലാം അനുഭവിച്ച് ഇനി കണ്ണീരും സങ്കടവും ഒന്നും ബാക്കിയില്ലാതെയും സംഭവിച്ചു പോയ തെറ്റുകള്‍ തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ച് ഇനിയുള്ള ജീവിതം മരണം വരെ ഇങ്ങനെയൊക്കെ ആയിരിക്കും എന്നു കരുതി ജീവിക്കുന്ന അനേകരുണ്ടാകും. അതുപോലൊരാളാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഫുട്പാത്ത് കച്ചവടക്കാരായ കുട്ടിച്ചന്‍ എന്ന കോട്ടയം പാലാ സ്വദേശി. പ്രശസ്ത ചാനലിലെ പ്രശസ്തമായ സീരിയലില്‍ പ്രധാന കഥാപാത്രമായി തന്നെയെത്തുന്ന മകളുടെ പിതാവ് കൂടിയായ കുട്ടിച്ചന്‍ ഇന്ന് ഒരു വാടക മുറിയില്‍ ഉറക്കവും രാവിലെ മുതല്‍ രാത്രി വരെ ഫുട്പാത്തിലെ കച്ചവടവും ഒക്കെയായി ജീവിതം തള്ളിനീക്കുകയാണ്.
74 വയസുകാരനായ കുട്ടിച്ചന്‍ കഴിഞ്ഞ 34 വര്‍ഷമായി ഇവിടെ കച്ചവടം നടത്തുകയാണ്. 24 വയസ് പ്രായത്തിലാണ് കോട്ടയത്തു നിന്നും കുട്ടിച്ചന്‍ കൊച്ചിയിലേക്ക് എത്തുന്നത്. ഇവിടെ അന്നുണ്ടായിരുന്ന ക്യൂന്‍ മേരി എന്ന ബാറില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു ആറുകൊല്ലത്തോളം. പിന്നീട് പാലായിലുള്ള ചേട്ടന്റെ സഹായത്തോടെ ഫുട്പാത്തില്‍ തൊപ്പി കച്ചവടം തുടങ്ങുകയും അതു പതുക്കെ സര്‍ബത്ത്, ബീഡി, സിഗരറ്റ് കച്ചവടത്തിലേക്കും എല്ലാം മാറുകയായിരുന്നു. പിന്നാലെയാണ് വിവാഹം കഴിച്ചതും മകള്‍ ജനിച്ചതുമെല്ലാം. അതിനു ശേഷം കൊച്ചിയിലായിരുന്നു താമസം. ആ സമയത്ത് പാലായിലുള്ള സ്ഥലം വിറ്റ് ആ കാശ് ഭാര്യയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെയാണ് ഭാര്യയും മകളുമായി അകലുന്നത്. ചെറിയ അകല്‍ച്ച പതുക്കെ പതുക്കെ വലുതാകുകയായിരുന്നു.
അതോടെ വീടുവിട്ട് ഇറങ്ങേണ്ടി വന്ന കുട്ടിച്ചന്‍ താമസം ഒരു മുറിയിലേക്ക് മാറ്റേണ്ട അവസ്ഥയിലേക്കും എത്തി. ഇപ്പോള്‍ പാലായില്‍ ചേട്ടനും ചേട്ടന്റെ മക്കളും ഒക്കെയുണ്ട്. അവരുമായി ബന്ധമുണ്ടെങ്കിലും തികച്ചും ഒറ്റപ്പെട്ട തരത്തില്‍ തന്നെയാണ് ജീവിതം. അതിനിടെയാണ് കിഡ്നി രോഗം ബാധിച്ചതും 10 ദിവസത്തോളം ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞതുമെല്ലാം. അപ്പോള്‍ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. എല്ലാത്തിനേയും അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന കുട്ടിച്ചന്‍ അതിനു ശേഷവും തനിച്ചായിരുന്നു താമസം. ഇപ്പോള്‍ ഈ കടയില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നുമാണ് മരുന്നു വാങ്ങുന്നതും ദൈനംദിന ചെലവുകളുമെല്ലാം കഴിയുന്നതും. താമസിക്കുന്ന മുറിയ്ക്ക് ഒരുമാസം 2000 രൂപയാണ് വാടക. ഭക്ഷണമെല്ലാം കയ്യില്‍ കിട്ടുന്ന കാശു പോലെ പുറത്തു നിന്നും കഴിക്കും.
ഭാര്യയും മക്കളും എല്ലാം എറണാകുളത്ത് തന്നെയുണ്ടെങ്കിലും അവരുമായി അധികം ബന്ധങ്ങളൊന്നുമില്ല. ഭാര്യ ജോലി ചെയ്യുന്നില്ല. മകള്‍ ഇടയ്ക്ക് ഫോണിലൂടെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. മകള്‍ക്ക് അച്ഛനോട് സനേഹമില്ലാത്തതല്ല. ഭാര്യ മനപ്പൂര്‍വ്വം അതിന് അനുവദിക്കാത്തതാണ് പ്രശ്നമെന്ന് കുട്ടിച്ചന്‍ പറയുന്നു. 34 വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന കുട്ടിച്ചന്‍ 30-32 വര്‍ഷമായി ഭാര്യയില്‍ നിന്നും മകളില്‍ നിന്നും അകന്ന് ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. അതേസമയം, എല്ലാ വിഷമങ്ങള്‍ക്കിടയിലും താന്‍ 'എന്‍ജോയ്' ചെയ്താണ് ജീവിക്കുന്നതെന്ന് കുട്ടിച്ചന്‍ പറയുമ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ വേദന നിറയുന്നുണ്ട്.
'ഞാന്‍ അഥവാ ഈ പെരുവഴിയില്‍ കിടന്നു മരിച്ചാലും റൂമില്‍ കിടന്നു മരിച്ചാലും കോര്‍പ്പറേഷന്‍കാര്‍ മറവു ചെയ്തോളും എന്ന വിശ്വാസത്തിലാണ് കുട്ടിച്ചന്റെ ജീവിതം.