75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിന് ഔദ്യോഗിക തുടക്കമായിരിക്കുകയാണ്. വര്‍ണപ്പൊലിമയേറിയ ഈ വേദിയിലാണ് എല്ലാവരുടേയും കണ്ണുകള്‍.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങാന്‍ നിരവധി ഇന്ത്യന്‍ താരങ്ങളും എത്തിയിട്ടുണ്ട്. പതിവുപോലെ കാനിലെ റെഡ് കാര്‍പെറ്റില്‍ ചുവടുവെയ്ക്കാന്‍ ഐശ്വര്യറായും അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പം എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഐ ആന്‍ഡ് ബി മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി തമന്ന ഭാട്ടിയ, ഉലക നായകന്‍ കമല്‍ഹാസന്‍, എ ആര്‍ റഹ്‌മാന്‍, പൂജ ഹെഗ്ഡെ, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍ മാധവന്‍, ശേഖര്‍ കപൂര്‍ എന്നിവരും കാനിലെത്തിയിട്ടുണ്ട്. കൂടാതെ ഈ വര്‍ഷത്തെ കാന്‍ ജൂറിയില്‍ ബോളിവുഡ് താരം ദീപിക പദുകോണും അംഗമായിട്ടുണ്ട്. താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കറുപ്പും ഗോള്‍ഡും നിറത്തിലുള്ള സാരിയണിഞ്ഞ് റെഡ് കാര്‍പ്പറ്റില്‍ നടന്ന താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
സബ്യാസാചി ഡിസൈന്‍ ചെയ്ത ബൊഹീമിയന്‍ സ്റ്റൈലിലുള്ള വസ്ത്രമാണ് ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിനം ദീപിക ധരിച്ചത്. പച്ച വൂള്‍ ട്രൗസേഴ്സും അതിനു ചേര്‍ന്ന ...ഫ്ളോറല്‍ പ്രിന്റുള്ള മൈസൂര്‍ സില്‍ക്ക് ഷര്‍ട്ടുമായിരുന്നു ദീപികയുടെ വേഷം. ഒപ്പം ഹെവി വര്‍ക്കുള്ള മഹാറാണി നെക്ക്ലെസും മുത്തുകള്‍ പതിപ്പിച്ച ഹൈ ഹീല്‍ ഷൂവുമുണ്ടായിരുന്നു.
കാന്‍ വേദിയില്‍ നിന്നും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും കമല്‍ ഹാസനും പുറത്തുവിട്ടു.അതേസമയം കൊവിഡ് പോസിറ്റീവ് ആയതിനാല്‍ റെഡ് കാര്‍പ്പറ്റില്‍ നടക്കേണ്ടിയിരുന്ന നടന്‍ അക്ഷയ് കുമാറിന് മേളയിലെത്തിച്ചേരാന്‍ സാധിച്ചില്ല.
മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികള്‍.
നയന്‍താര, പൂജ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, തമന്ന ഭാട്ടിയ തുടങ്ങിയവരും മേളയിലെത്തുമെന്നാണ് വിവരങ്ങള്‍. 11 ദിവസം നീളുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ഇക്കുറി ഇന്ത്യയെ ആദരണീയ രാജ്യമായി തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനാലാണിത്.
ഈ പാക്കേജിന്റെ ഭാഗമായി ആറ് ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നമ്പി നാരായണന്റെ കഥ പറയുന്ന റോക്കട്രി ദ് നമ്പി എഫക്റ്റ്, ഗോദാവരി, ധുയിന്‍, ആല്‍ഫ ബീറ്റ ഗാമ, ബൂംബ റൈഡ്, ജയരാജിന്റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.