നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തിൽ പരസ്യമായി മാപ്പു പറഞ്ഞ് നടൻ അലൻസിയർ. പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്യമായി അലന്‌സിയർ മാപ്പു പറയണമെന്ന് അഭിമുഖത്തിൽ ദിവ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അലൻസിയർ മാപ്പു പറഞ്ഞത്. അതിനിടെ അലൻസിയർ പരസ്യമായി ക്ഷമ ചോദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ദിവ്യ ഗോപിനാഥും രംഗത്തു വന്നു. അലൻസിയർ തെറ്റ് അംഗീകരിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലൻസിയർ ക്ഷമ ചോദിക്കണമെന്ന് താൻ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം.
അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങൾ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കിൽ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങൾക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു.
ആഭാസം സിനിമയിലെ സെറ്റിനിടെയുള്ള പ്രശ്‌നങ്ങളാണ് ദിവ്യ വെളിപ്പെടുത്തിയത്. ഇത് അലൻസിയറെ വെട്ടിലാക്കി. ഈ വിഷയത്തിലാണ് ഇപ്പോൾ പരസ്യ മാപ്പു പറച്ചിൽ. ദിവ്യയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദിവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പരസ്യമായി മാപ്പു പറയുന്നതിലൂടെ മാത്രമേ വിവാദങ്ങൾ അവസാനിപ്പിക്കാൻ കഴിയുവെന്ന് ദിവ്യ വ്യക്തമാക്കി. തനിക്കും ഇത് ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നുവെന്നും അതിനാലാണ് മാപ്പു പറയുന്നതെന്നും അലൻസിയർ പറഞ്ഞു.
എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോൾ തന്നെ ഞാൻ ആത്മാർഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോൾ പരസ്യമായി തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാൻ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമാപണം നടത്തുന്നു-അലൻസിയർ വിശദീകരിക്കുന്നു.