മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും കഴിവ് തെളിയിച്ച താരമാണ് അമല പോള്‍.ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരം കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം കഡാവര്‍ റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ നടി പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.ജീവിതത്തില്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച ഘട്ടമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. മാനസികമായി വളരെയധികം ബുദ്ധിമുട്ട് നേരിട്ട സമയത്താണ് സിനിമ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അന്ന് വളരെ വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും അമല പോള്‍ പറഞ്ഞു.
'2021 തുടക്കത്തില്‍ അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. സിനിമകള്‍ വന്നെങ്കിലും നോ പറഞ്ഞു. വീട്ടുകാരൊക്കെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പേടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ നാളെ എന്ത് സംഭവിക്കുമെന്നും എനിക്ക് അറിയില്ല. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് തോന്നല്‍ ഉണ്ടായി.
അങ്ങനെയൊരു മൈന്‍ഡ് സ്റ്റേറ്റിലായിരുന്നു. ഞാന്‍ ക്ഷീണിതയായിരുന്നു, തളര്‍ന്നു. 19ാം വയസില്‍ വളരെ ചെറുപ്പം മുതലേ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. എനിക്ക് എന്നെ തന്നെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല. എന്റെ സാഹചര്യങ്ങളും ഒപ്പമുണ്ടായിരുന്ന ആള്‍ക്കാരും നല്ലതായിരുന്നില്ല. എന്റെ ചുറ്റും കുഴപ്പങ്ങളായിരുന്നു. ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു. ഉടനെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന ഘട്ടത്തിലാണ് സിനിമയില്‍ നിന്നും പൂര്‍ണമായും ബ്രേക്ക് എടുത്തത്.
കഡാവര്‍ എന്ന എന്റെ പുതിയ സിനിമയെ പറ്റിയും എനിക്ക് ചിന്തിക്കണമായിരുന്നു. കാരണം ഞാനാണ് അതിന്റെ പ്രൊഡ്യൂസര്‍. എന്നില്‍ അവശേഷിക്കുന്ന എനര്‍ജി കൂടി കഡാവറിന് വേണ്ടി ഉപയോഗിച്ചു.
മനപ്പൂര്‍വം ഒരു ബ്രേക്ക് എടുക്കുന്നതിലൂടെ ഞാന്‍ എന്നെ തന്നെ സ്വതന്ത്രയാക്കുകയായിരുന്നു. ആ പ്രോസസില്‍ ഞാന്‍ തോറ്റുപോയാലും തകര്‍ന്നു പോയാലും അങ്ങനെതന്നെ മുമ്പോട്ട് പോകാന്‍ തീരുമാനിച്ചു. കരഞ്ഞു തീര്‍ത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. എന്റെ ബലഹീനതകള്‍ വീട്ടുകാരെ അറിയിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ ആ സമയം അമ്മയുടെ മുമ്പില്‍ ഞാന്‍ കരഞ്ഞു. ആരോടും സംസാരിക്കുകയോ പുറത്ത് പോവുകയോ ചെയ്തില്ല.
എന്നാല്‍ ആ ഒരു ഫേസിന് ശേഷം ഞാന്‍ ഫ്രീ ആയത് പോലെ തോന്നി. ഒന്നും ചെയ്തില്ല. വെറുതെ കുറച്ച് നാള്‍ ഇരുന്നു. എന്നാല്‍ ഒരുപാട് ചിന്തിച്ചു. എന്നോട് തന്നെ സംസാരിച്ചു. അതൊരു ശുദ്ധീകരണത്തിന്റെ പ്രക്രിയ ആയിരുന്നു,' അമല പോള്‍ പറഞ്ഞു.
കഡാവറിന്റെ ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും നടി പങ്ക് വച്ചു.പൊലീസ് ഫോറന്‍സിക്ക് സര്‍ജനായ ഭദ്ര എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ഈ കഥാപാത്രത്തെ കുറിച്ച് പഠിക്കാനും കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുവാനും വേണ്ടി മോര്‍ച്ചറിയില്‍ പോകേണ്ടി വന്നെന്നും ആ അനുഭവങ്ങള്‍ തന്നെ മാറ്റി മറിച്ചു എന്നുമാണ് അമല പോള്‍ പറയുന്നത്.
'കഥാപാത്രത്തെ കുറിച്ച് പഠിക്കാന്‍ മോര്‍ച്ചറിയില്‍ പോകാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. കാരണം, ടീച്ചര്‍, ഡോക്ടര്‍, കാമുകി, ഭാര്യ തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം നമുക്ക് നിത്യജീവിതത്തില്‍ കണ്ടുപരിചയമുള്ളതിനാല്‍ പഠിക്കാന്‍ എളുപ്പമാണ്.
എന്നാല്‍ കഡാവറിലെ ഭദ്ര മറ്റു കഥാപാത്രങ്ങളെ പോലെയല്ല, എനിക്ക് ഒട്ടും പരിചയമില്ലാത്ത തരം കഥാപാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ ലൈഫും ദിനചര്യകളും പ്രവൃത്തികളുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. പോസ്റ്റ്മാര്‍ട്ടം ചെയ്യാനുള്ള അവരുടെ ധൈര്യം സമ്മതിക്കണം, അവരുടെ ജീവിതംതന്നെ ഡെഡ്‌ബോഡികളാല്‍ ചുറ്റപ്പെട്ടതാണ്,' അമല പറയുന്നു.
മോര്‍ച്ചറിക്കുള്ളില്‍ കിടന്നുറങ്ങുന്ന സ്റ്റാഫുകള്‍ പോലും ഉണ്ടെന്നും , അത് അവരുടെ ലൈഫ് ആണ് കാണിക്കുന്നത് എന്നും അമല കൂട്ടിച്ചേര്‍ത്തു.
അവരെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ തനിക്ക് അവസ്ഥയിലൂടെ കടന്നുപോകേണ്ടത് അനിവാര്യമായിരുന്നുവെന്നും. അത്‌കൊണ്ടുതന്നെ ആ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും പ്രചോദനം നല്‍കുന്ന ഒന്നുമായിരുന്നുവെന്നാണ് അമല പറഞ്ഞത്.
നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോര്‍ച്ചറിയില്‍ ബോഡിയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന അമല പോളിന്റെ ചിത്രം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതുമാണ്.
കഡാവര്‍ നിര്‍മിക്കുന്നതും അമല തന്നെയാണ്. ആദ്യമായി സിനിമാ നിര്‍മാണരംഗത്തേക്ക് വരുന്നതുകൊണ്ടുതന്നെ ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നുമുണ്ടായിരുന്നില്ലെന്നും, ഈ രംഗത്തേക്കുള്ള കടന്നുവരവ് ഒരു വിധി പോലെ ആയിരുന്നെന്നുമാണ് അതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമല പറഞ്ഞത്.