പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ജയ ജയ ജയ ജയ ഹേ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യഷോ മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അറേഞ്ച്ഡ് മാര്യേജില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഭര്‍ത്തൃവീട്ടില്‍ ഒരു പെണ്‍കുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ജയ ജയ ജയ ജയ ഹേയില്‍.
സിനിമ കണ്ടിറങ്ങിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. സിനിമ കണ്ട് ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരുമെന്നും ബെന്യാമിന്‍ ചോദിക്കുന്നു.
''ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍'' ബെന്യാമിന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഐക്കണ്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.
അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം - അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വഹണം - പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രന്‍,ധനകാര്യം - അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം - ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.