നിപ പേടിയിലാണ് കേരളം. എന്നാൽ ഭീതിയല്ല, ജാഗ്രതയാണ് നിപയെ തോൽപിക്കാനാവശ്യമെന്ന് ഡോക്ടര്‍മാർ പറയുന്നു. ഈ പെരുന്നാൾ കാലത്ത് ജാഗ്രതയോടെ ഭയമില്ലാതെ നിപയെ തോൽപിക്കണമെന്ന സന്ദേശവുമായി മമ്മൂട്ടിയുമെത്തി.
മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
''നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!''
നിപയെ കുറിച്ച് ഭീതി പരത്തിയാൽ കർഷനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു:
''എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം.
കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും''.