മലയാളത്തിന്റെ പ്രിയതാരം ഗീതു മോഹൻദാസിന്റെ പിറന്നാൾ പ്രമാണിച്ച് സമൂഹ മാധ്യമത്തിൽ മുഴുവനും ആശംസാ പ്രവാഹമാണ് ഇപ്പോൾ നിറയുന്നത്. ഈ വേളയിലാണ് നടി മഞ്ജു വാര്യർ പങ്കുവെച്ച വ്യത്യസ്തമായ ആശംസാ കുറിപ്പ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറലാകുന്നത്. ഗീതുവിന് പിറന്നാൾ ആശംസകൾ നേരുന്ന കുറിപ്പിനൊപ്പമുള്ള ചിത്രമെടുത്തതിന് നടൻ കുഞ്ചാക്കോ ബോബന് മഞ്ജു കടപ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. 38ാം പിറന്നാൾ നിറവിലാണ് ഗീതുവിപ്പോൾ.
രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഗീതുവിന്റെ സിനിമാ പ്രവേശം. 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, ആശ ജയറാം എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച ബാലതാരത്തിനുള്ള സംസ്ഥന ചലച്ചിത്ര പുരസ്‌കാരം ആ വർഷം ഗീതുവിനെ തേടിയെത്തി. അകലെയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. സംവിധായകൻ രാജീവ് രവിയെ വിവാഹം ചെയ്തതിന് ശേഷം ഗീതുവിപ്പോൾ സംവിധാന രംഗത്ത് പ്രവർത്തിക്കുകയാണ്. കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രമാണ് ആദ്യ സംവിധാന സംരംഭം.
ഗീതാഞ്ജലി ഥാപ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ലയേഴ്സ് ഡൈസ് എന്ന ചിത്രത്തിലൂടെ ഗീതു രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി. മികച്ച നടി, മികച്ച ഛായാഗ്രാഹകൻ എന്നീ പുരസ്‌കാരങ്ങൾ ലയേഴ്സ് ഡൈസിനെ തേടിയെത്തി.
ഗീതാഞ്ജലി ഥാപ്പയും രാജീവ് രവിയുമാണ് യഥാക്രമം പുര്സ്‌കാരം നേടിയത്. 87-ാമത് ഓസ്‌ക്കർ പുരസ്‌കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്നു ലയേഴ്സ് ഡൈസ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന മൂത്തോൻ ആണ് ഗീതുവിന്റെ പുതിയ ചിത്രം. മൂത്തോന്റെ ടീസറിന് വൻവരവേൽപ്പാണ് ലഭിച്ചത്.