കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയില്‍ ഏറെ ചേരി തിരിവുകളുണ്ടായി. ഇതില്‍ നടന്‍ ദിലീപിനൊപ്പം നിലയുറപ്പിച്ച നടനായിരുന്നു സിദ്ദിഖ്. ഡബ്ല്യുസിസിക്കെതിരെയും താരം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയെ ഞെട്ടിച്ച് നടന്‍ സിദ്ധിക്കിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.
തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. മുന്‍പ് ഡബ്ല്യുസിസിക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവുരയോടെയാണ് കുറിപ്പ്.
തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെയാണ് നടന്‍ സിദ്ദിഖ് തന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചതെന്നാണ് രേവതി ആരോപിക്കുന്നത്. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു', എന്ന് പറഞ്ഞാണ് രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് രംഗത്തെ എത്തിയപ്പോള്‍ വിഷയത്തില്‍ മൗനം പാലിക്കാനാണ് മലയാള സിനിമയിലെ മറ്റ് താരങ്ങളുടെ തീരുമാനം. പൊലീസില്‍ പരാതി കൊടുക്കാത്തതു കൊണ്ട് തന്നെ സിദ്ദിഖിനെതിരെ തല്‍കാലം നിയമ നടപടിയൊന്നും ഉണ്ടാവില്ല. താര സംഘടനയായ അമ്മയുടെ ഭാരവാഹിയുമാണ് സിദ്ദിഖ്. അതുകൊണ്ട് വിഷയം ചര്‍ച്ചയാക്കി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി എത്താനും സാധ്യതയുണ്ട്. നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെയും രേവതി മീ ടൂ ഉന്നയിച്ചിരുന്നു.