മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ചിത്രീകരണം ആരംഭിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ ഐ.എ.എന്‍.എസിന് നല്‍കിയ? അഭിമുഖത്തില്‍ പറയുന്നു. മുന്‍പ് ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ ഒന്നിന് ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.
''സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ശേഷിക്കുന്നവ ഊട്ടി, രാമേശ്വരം ലൊക്കേഷനുകളിലായി പൂര്‍ത്തീകരിക്കും,'' പ്രിയദര്‍ശന്‍ പറയുന്നു. മരയ്ക്കാറിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കും നിരന്തരയാത്രകള്‍ നടത്തുകയാണ് അദ്ദേഹം.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദ്യത്തെ നേവല്‍ ഡിഫെന്‍സ് സംഘടിപ്പിച്ചതും മരയ്ക്കാറാണ്. ചിത്രത്തില്‍ 'കുഞ്ഞാലി 'മരക്കാര്‍' എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും 'മരക്കാര്‍' എന്ന് മുന്‍പ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
കീര്‍ത്തി സുരേഷും മഞ്ജുവാര്യരും മധുവും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
''സിനിമയുടെ സെറ്റ് ഒരുക്കല്‍ ജോലികള്‍ സാബു സിറിളിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാാണ്. തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയില്‍ ഒരുക്കാനാണ് പ്ലാന്‍. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നില്ല,'' മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടര്‍മാരില്‍ ഒരാളായ പ്രിയദര്‍ശന്‍ പറയുന്നു.