മലയാളി പ്രേക്ഷകരടക്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കാന്താര' സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണം കൂടി എത്തിയിരിക്കുകയാണ്. കാന്താര ചാപ്റ്റര്‍ വണ്ണില്‍ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന നടന്‍ രാകേഷ് പൂജാരിയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വന്തം നാടായ ഉഡുപ്പിയില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമായി നില്‍ക്കവേയാണ് നടന് പെട്ടെന്ന് ബിപ കുറഞ്ഞതും ആശുപത്രിയിലേക്ക് എത്തിച്ചതും. പക്ഷെ.. അപ്പോഴേക്കും ഹൃദയാഘാതം സംഭവിച്ചിരുന്നു.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കര്‍കാല ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച കാന്താര-2വിലെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിലെ രാകേഷിന്റെ ഭാഗം പൂര്‍ണമായി ചിത്രീകരിച്ചുകഴിഞ്ഞെന്നാണ് വിവരം. കന്നഡ - തുളു ടെലിവിഷന്‍ താരം കൂടിയായ രാകേഷ് പൂജാരി കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളിലെ വിജയിയുമായിരുന്നു. ഇതിന് പിന്നാലെ കന്നഡ-തുളു സിനിമകളില്‍ സജീവമായി തുടങ്ങുകയായിരുന്നു താരം. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷന്‍ സിനിമാ താരങ്ങള്‍. സിനിമയുമായി ബന്ധപ്പെട്ടു തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്.
രണ്ടാഴ്ച മുമ്പാണ് ഇതേ സിനിമയില്‍ അഭിനയിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് ആറിന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. സഹപ്രവര്‍ത്തകരുമായി സൗപര്‍ണികാ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തെയ്യം കലാകാരനായ കപില്‍ നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. കപിലിന്റെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കൂടാതെ സിനിമയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിസും കപിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.
കാന്താര ചാപ്റ്റര്‍ 2 ന്റെ ചിത്രീകരണത്തിന് ഇതിനു മുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. നവംബറില്‍, മുദൂരില്‍ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ 20 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തില്‍പ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലര്‍ക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിര്‍ത്തിവച്ചു. സംഭവത്തിനു ശേഷം മേശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിര്‍മിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് സാരമായി തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശക്തമായ കാറ്റും അപ്രതീക്ഷിത മഴയും നാശം വിതച്ചു, ഇത് ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ കൂടുതല്‍ കാലതാമസത്തിന് കാരണമായി.
ജനുവരിയില്‍, കാന്താര ചാപ്റ്റര്‍ 2 ന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മില്‍ ഗുരുതരമായ തര്‍ക്കം ഉടലെടുത്തിരുന്നു. ശരിയായ അനുമതിയില്ലാതെ കാട്ടില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിന് ഗ്രാമവാസികള്‍ സംഘത്തെ നേരിട്ടു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയുണ്ടായി. വന്യജീവികളെയും പരിസ്ഥിതിയെയും സംഘം ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍, വനം വകുപ്പ് പിന്നീട് അന്വേഷണത്തിനായി എത്തി കേസെടുത്തിരുന്നു. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.