ആരാധകരെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ എപ്പോഴും ഒരു പടി മുന്നിലാണ്. തന്റെ ഒരു ബൈക്കര്‍ സുഹൃത്തിന്റെ മക്കളെ അപ്രതീക്ഷിതമായി വീഡിയോ കോളിലൂടെ വിളിച്ച് സര്‍പ്രൈസ് നല്‍കിയിരി ക്കുകയാണ് താരം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, താരത്തിന്റെ ലാളിത്യത്തെയും എളിമയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. അജിത്തിന്റെ സുഹൃത്തിന്റെ മകളാണ് ഈ അപൂര്‍വ നിമിഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്.
തന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ് അജിത് കുമാര്‍ എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടിയുടെയും സഹോദരന്റെയും അമ്പരപ്പും സന്തോഷവും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ കോളില്‍ കുട്ടികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അജിത്, അടുത്ത തവണ നേരില്‍ കാണാമെന്ന ഉറപ്പും നല്‍കി. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, മനോഹരമായൊരു ജീവിതം നേരുന്നു' എന്ന് സ്‌നേഹത്തോടെ പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. വീഡിയോ കോളിനുശേഷം ആവേശത്തോടെ തുള്ളിച്ചാടുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ആരാധകരുടെ മനസ്സ് നിറയ്ക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. അജിത്തിനെ 'ദൈവം' എന്ന് വിശേഷിപ്പിച്ചും, താരത്തിന് തന്റെ സൗഹൃദങ്ങളോടുള്ള ആത്മാര്‍ത്ഥതയെ പ്രശംസിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുട്ടികള്‍' എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. സിനിമയ്ക്കൊപ്പം തന്നെ തന്റെ റേസിംഗ് കരിയറിലും അജിത് ഇപ്പോള്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നത്.
2024-ല്‍ റേസിംഗിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം, റേസിംഗ് സീസണിലെ ഇടവേളകളില്‍ മാത്രമാണ് ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ അമ്മ മോഹിനി മണിയുടെ വിയോഗം വലിയൊരു വേദനയായിരുന്നു. 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. തന്റെ പുതിയ സിനിമാ പ്രഖ്യാപനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.