ബോളിവുഡിലെ പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, മലയാള സിനിമ നല്‍കിയ സ്വീകരണത്തെ കുറിച്ച് ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിച്ചു. ''ഹിന്ദി സിനിമാ മേഖലയില്‍ പലപ്പോഴും ഒഴിവാക്കപ്പെട്ടിരുന്ന എനിക്ക്, മലയാള സിനിമയും തെക്കിന്‍ ഇന്ത്യന്‍ സിനിമയും പുതിയൊരു ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇവിടെ എനിക്ക് പ്രചോദനമേകുന്ന, സ്‌നേഹിക്കുന്ന ആളുകള്‍ ഉണ്ട്'' സുധീര്‍ ശ്രീനിവാസനോട് നല്‍കിയ അഭിമുഖത്തില്‍ കശ്യപ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍, നടി മഞ്ജു വാര്യറിനൊപ്പം തന്റെ ജന്മദിനവും മലയാളത്തിലെ പ്രശസ്ത സംവിധായകരും കലാകാരന്മാരും ചേര്‍ന്ന് ആഘോഷിച്ചതിനെക്കുറിച്ചും കശ്യപ് തുറന്നു പറഞ്ഞു. ''ആഷിഖ് അബുവിനോടും ശ്യാം പുഷ്‌കരണോടുമാണ് ഞാന്‍ പ്രത്യേക നന്ദി പറയേണ്ടത്. മഞ്ജുവുമായുള്ള സൗഹൃദം വര്‍ഷങ്ങളായുള്ളതാണ്. ഒരേ ദിവസം ജന്മദിനം ആയതിനാല്‍, സുഹൃത്തുക്കള്‍ ചേര്‍ന്ന് അത് ആഘോഷമാക്കി. അത് എന്റെ ജീവിതത്തില്‍ മറക്കാനാവാത്തൊരു അനുഭവമായിരുന്നു'' അദ്ദേഹം പറഞ്ഞു.
''ഹിന്ദി സിനിമയില്‍ ആളുകള്‍ക്ക് എന്റെ 'ഫില്‍റ്ററില്ലാത്ത' സംസാര ശൈലി അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇവിടെ മുന്‍വിധികളില്ലാത്ത മനുഷ്യരാണ് എന്റെ ചുറ്റും. അതുകൊണ്ട് തന്നെയാണ് ഞാന്‍ മദ്യപാനം കുറച്ചതും വ്യായാമം തുടങ്ങിയത്'' കശ്യപ് കൂട്ടിച്ചേര്‍ത്തു.
അനുരാഗ് കശ്യപിന്റെ അവസാന സംവിധാനം ദൊബാര (2022) ആയിരുന്നു. അടുത്ത സംവിധാനം നിഷാഞ്ചി സെപ്റ്റംബര്‍ 19, 2025-ന് റിലീസ് ചെയ്യും. ഐശ്വരി താക്കറെയുടെ അരങ്ങേറ്റമായ ഈ ക്രൈം ത്രില്ലറില്‍ വേദിക പിന്റോ, മോണിക്ക പന്‍വാര്‍, മുഹമ്മദ് സീഷാന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സംവിധാനത്തിനൊപ്പം അഭിനയത്തിലും കശ്യപ് സജീവമാണ്. മലയാളത്തിലെ റൈഫിള്‍ ക്ലബ്, തമിഴിലെ മഹാരാജ, വരാനിരിക്കുന്ന കന്നഡ ചിത്രം 8, തെലുങ്ക് ചിത്രം ഡക്കോയിറ്റ് എന്നിവയില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.