നടി അപര്‍ണ ദാസിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ അപര്‍ണ്ണ തന്നെയാണ് പങ്കുവച്ചത്.
വിവാഹത്തോനുബന്ധിച്ച് നടന്ന ആഘോഷങ്ങളില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നാളെയാണ് നടന്‍ ദീപക് പറമ്പോലിന്റേയും അപര്‍ണ ദാസിന്റേയും വിവാഹം.ഹര്‍ദി ആഘോഷത്തില്‍ ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന ദാവണിയാണ് ഹല്‍ദി ആഘോഷത്തിന് അപര്‍ണ ധരിച്ചത്. തലയില്‍ മുല്ലപ്പൂവും ചൂടി. അതിഥികളെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, 'മനോഹരം' എന്ന സിനിമയിലൂടെയും ശ്രദ്ധ നേടി. ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് അപര്‍ണ ദാസ്.തമിഴില്‍ വിജയ് ചിത്രമായ ബീസ്റ്റില്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അപര്‍ണ അവതരിപ്പിച്ചു. സിനിമ പരാജയപ്പെട്ടെങ്കിലും തമിഴ് നാട്ടിലും ശ്രദ്ധനേടാന്‍ അപര്‍ണയ്ക്ക് സാധിച്ചിരുന്നു. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയിലാണ് പിന്നീട് അപര്‍ണ നായികയായത്.
തമിഴില്‍ സൂപ്പര്‍ഹിറ്റായ ദാദ എന്ന ചിത്രത്തിലാണ് പിന്നീട് അപര്‍ണ നായികയാകുന്നത്. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ ആദികേശവ എന്ന സിനിമയിലും അപര്‍ണ അഭിനയിച്ചു. ഈ കഴിഞ്ഞ ദിവസമാണ് അപര്‍ണ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് സിനിമയിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നവയിലും മികച്ച വേഷങ്ങള്‍ ചെയ്തു.