ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കും ചുവടുറപ്പിക്കാനൊരുങ്ങി ബേസില്‍ ജോസഫ്. 'ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്' എന്ന പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതായി ബേസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇതുവരെ ചെയ്യാത്ത ഒരു പുതിയ പരീക്ഷണം കൂടിയാണിതെന്ന് ബേസില്‍ ജോസഫ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ഒരു ചെറിയ ആനിമേഷന്‍ വീഡിയോയിലൂടെയാണ് ബേസില്‍ ജോസഫ് ഈ പ്രഖ്യാപനം നടത്തിയത്. 'ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിര്‍മാണം. എങ്ങനെ എന്നത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നത്. പുതിയ പാത എവിടേക്ക് നീങ്ങും എന്ന് കാത്തിരിക്കുന്നു. ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റിലേക്ക് സ്വാഗതം' എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ബേസില്‍ ജോസഫിന്റെ ഈ പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സഹതാരങ്ങളായ ടൊവിനോ തോമസ്, ഉണ്ണിമായ പ്രസാദ്, നിഖില വിമല്‍, ആന്റണി വര്‍ഗ്ഗീസ്, സക്കറിയ തുടങ്ങിയ നിരവധി താരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും ഇതിനോടകം പ്രേക്ഷക പ്രീതി നേടിയ ബേസില്‍ ജോസഫ്, നായകനായും സഹനടനായും പ്രതിനായകനായും വിവിധ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. 'മരണമാസ്' ആണ് അദ്ദേഹം നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.