മലയാളികളുടെ പ്രിയപ്പെട്ട അവതാരക ലക്ഷ്മി നക്ഷത്ര തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. അടുത്തിടെ പങ്കുവെച്ച ഒരു വ്ളോഗിലാണ് ലക്ഷ്മി തന്റെ വിവാഹം, പ്രണയം എന്നിവയെക്കുറിച്ച് മനസ്സ് തുറന്നത്. 'സമയം വരുമ്പോള്‍ സംഭവിക്കും' എന്നായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടി.
തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ ലക്ഷ്മി സോഷ്യല്‍ മീഡിയയും വ്ളോഗുകളും ഉപയോഗിക്കാറുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'ഷോകള്‍ വരുന്നത്, വീട് വെക്കുന്നത്, വണ്ടി വാങ്ങുന്നത് പോലെ തന്നെയാണ് വിവാഹവും. അത് സംഭവിക്കുമ്പോള്‍ സംഭവിക്കും. അതിന് അതിന്റേതായ സമയമുണ്ട്' എന്ന് താരം പറഞ്ഞു. നിലവില്‍ വിവാഹത്തെക്കുറിച്ച് പ്രത്യേക പ്ലാനുകളൊന്നും ഇല്ലെന്നും, എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അതിന്റെ പേരില്‍ ശ്രദ്ധ നേടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. മാതാപിതാക്കളുടെ ഏക മകളായതിലുള്ള വിഷമവും ലക്ഷ്മി പങ്കുവെച്ചു. ചെറുപ്പത്തില്‍ സഹോദരങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളുടെ സ്‌നേഹം കുറയുമെന്ന് വിശ്വസിച്ചിരുന്നതായും, അന്ന് ഇതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായും താരം ഓര്‍ത്തെടുത്തു. ഇപ്പോള്‍ ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ വേദന താന്‍ തിരിച്ചറിയുന്നുണ്ടെന്നും ലക്ഷ്മി പറഞ്ഞു.