സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമാ മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ നിലപാടുകളും വാക്കുകളും പലപ്പോഴും ചര്‍ചയാകാറുണ്ട്. ഇപ്പോളിതാ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തുകയാണ് താരപുത്രന്‍.മാധ്യമങ്ങള്‍ വ്യൂവര്‍ഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തില്‍ അധഃപതിച്ചുപോകുന്നതില്‍ ദുഃഖമുണ്ടെന്ന് മാധവ് സുരേഷ് പങ്ക് വച്ചത്.
പടക്കളം സിനിമയില്‍ സന്ദീപിന് പകരം താന്‍ ആയിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും മാധവ് സുരേഷ് പറഞ്ഞു. വ്യൂവര്‍ഷിപ്പ് കൂട്ടാനായി ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ലജ്ജയില്ലേ എന്നും മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
ഒന്നാമത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതാണ് ഞാന്‍ യഥാര്‍ഥത്തില്‍ പോസ്റ്റ് ചെയ്തത്. രണ്ടും മൂന്നും ചിത്രങ്ങളില്‍ കാണുന്ന തലക്കെട്ടുകള്‍ ആളുകളെ ആകര്‍ഷിക്കാനും അവരെക്കൊണ്ട് തെറിപറയിച്ച് വ്യൂവര്‍ഷിപ്പ് കൂട്ടാനായി ചില മാധ്യമങ്ങള്‍ നടത്തുന്ന തന്ത്രങ്ങളാണ്. ആളുകള്‍ ആദ്യം ചിത്രം ശ്രദ്ധിക്കുകയും അതില്‍ എഴുതിയിരിക്കുന്നത് അവഗണിക്കുകയും ചെയ്യുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന കൃത്രിമ അടിക്കുറിപ്പുകളാണ് അടുത്തത്.
ഞാന്‍ ഇതില്‍ കാണിച്ചിരിക്കുന്ന മീഡിയ പേജുകള്‍ കൂടാതെ എനിക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയാത്ത മറ്റ് ചാനലുകളോടും കൂടിയാണ് പറയുന്നത്. നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങളുടെ ഗോസിപ്പുകള്‍ക്ക് ഇരയാകുന്ന ആദ്യ വ്യക്തി ഞാനല്ല, പക്ഷേ നിങ്ങളുടെ ഇരകളില്‍ അവസാനത്തേതില്‍ ഒരാളാകാന്‍ ഞാന്‍ ശ്രമിക്കും, കാരണം നിങ്ങളുടെ വിവരക്കേട് കണ്ട് എനിക്ക് മടുത്തിരിക്കുന്നു. നിങ്ങളുടെയൊക്കെ അവസ്ഥ ദയനീയം തന്നെ.' മാധവ് സുരേഷ് കുറിച്ചു.
പടക്കളത്തില്‍ സന്ദീപ് പ്രദീപിന് പകരം മാധവ് സുരേഷായിരുന്നെങ്കില്‍ എന്ന രീതിയില്‍ നിരവധി പോസ്റ്റുകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയോട് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ മാധവ് പ്രതികരിച്ചിരുന്നു.
സന്ദീപ് സിനിമയില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നായിരുന്നു മാധവിന്റെ വാക്കുകള്‍. തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ചെയ്യുമായിരുന്നതിനേക്കാള്‍ മികച്ചതായി തന്നെയാണ് സന്ദീപ് പടക്കളത്തിലെ വേഷം ചെയ്തിരിക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു.
ഇത്തരം പോസ്റ്റുകളും താരതമ്യവും കലാകാരന്‍മാരുടെ കഴിവിനോടും കഠിനാധ്വാനത്തോടുമുളള അനാദരവാണ് കാണിക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു. '' ആ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ സന്ദീപിന്റെ അഭിനയത്തെ വിലകുറച്ച് കാണുന്നത് തോന്നി. നിങ്ങള്‍ക്ക് ഒരു നടനെ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുളള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഒരിക്കലും താരതമ്യം ചെയ്യരുത്. അത് ശരിയായ കാര്യമായി തോന്നുന്നില്ല,'' എന്നാണ് മാധവ് സുരേഷ് പറഞ്ഞിരുന്നത്. ഈ വാക്കുകളെ വളച്ചൊടിച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ നല്‍കിയെന്നതാണ് മാധവ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്.