കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി നല്‍കുന്നത് തിരിച്ചുവരവിന്റെ സന്ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിര്‍മാതാവ് വെളിപ്പെടുത്തിയത്. ഇന്നലെ രാവിലെ ജോഗിംഗിന് പുറപ്പെടും മുമ്പ് എടുത്ത ചിത്രമാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി വൈകാതെ തന്നെ കൊച്ചിയിലെ വീട്ടില്‍ എത്തുമെന്നും സൂചനകളുണ്ട്.
ചെന്നൈ രാജ അണ്ണാമലൈപുരത്തെ വീട്ടില്‍ ഭാര്യ സുല്‍ഫത്തിനും മക്കളായ സുറുമി, ദുല്‍ഖര്‍, മരുമക്കള്‍, പേരക്കുട്ടികള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം 74-ാം പിറന്നാള്‍ ആഘോഷിച്ചത്. സന്തത സഹചാരിയായ ജോര്‍ജ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏതാനും മാസമായി അഭിനയത്തില്‍ നിന്നടക്കം മാറില്‍ക്കുകയായിരുന്നു മമ്മൂട്ടി. അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നത് . ഇന്നലെ രാവിലെ മുതല്‍ നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്.
തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടിയും എത്തി. കടലിലെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും- ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്. ഇതിലെ ഫോട്ടോയാണ് ജോഗിംഗിന് മുമ്പ് എടുത്തത്. മമ്മൂട്ടിയുടെ അടുത്ത റിലീസായെത്തുന്ന കളങ്കാവല്‍ എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും പുറത്തുവന്നു. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ഈ ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വരികയും വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.
മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ചേര്‍ന്ന് വലിയ ജന്മദിന ആഘോഷമാണ് നടത്തിയത്. രാവിലെ മുതല്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ ഒട്ടേറെ താരങ്ങളുടെ ജന്മദിന ആശംസകള്‍ മമ്മൂട്ടിയെ തേടിയെത്തി. ഒപ്പം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ മമ്മൂട്ടി സ്പെഷ്യല്‍ പോസ്റ്റുകളുമായി ആഘോഷിച്ചു. ബിഗ് ബോസ് ഷോയില്‍, മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച മനോഹരമായ ഷര്‍ട്ടും അണിഞ്ഞാണ് മോഹന്‍ലാല്‍ ബിഗ് ബോസില്‍ എത്തിയത്.
ഇതോടൊപ്പം മമ്മൂട്ടിയുടെ അതിഥികളായി പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നിന്നുള്ള 19 വിദ്യാര്‍ത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘം കൊച്ചിയില്‍ എത്തി. കൊച്ചി മെട്രോയും, നെടുമ്പാശ്ശേരി വിമാനത്താവളവും, ആലുവ രാജഗിരി ആശുപത്രിയും സന്ദര്‍ശിച്ചതിന് ശേഷം മമ്മൂട്ടിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തതും ഹൃദ്യമായ കാഴ്ചയായി മാറി.
'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ...' ഇതായിരുന്നു അട്ടപ്പാടിയില്‍ നിന്ന് ഇരുപതു കിലോമീറ്ററകലെ കാടിനുള്ളില്‍ പാര്‍ക്കുന്ന ആ കുട്ടികള്‍ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികള്‍ പാലക്കാടല്ല, കൊച്ചിയെന്ന മഹാ നഗരത്തിലെത്തി. മെട്രോയില്‍ കയറി, ഒടുവില്‍ വിമാനം പറക്കുന്നത് കണ്‍നിറയെ കണ്ടു. വിമാനത്തെ തൊട്ടു. ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍മുന്നില്‍ യാഥാര്‍ഥ്യമായപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ....!
പാലക്കാട് കാണാന്‍ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയില്‍ കയറ്റാനും വിമാനത്താവളത്തില്‍ കൊണ്ടുപോകാനും നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്. രാത്രി പാലക്കാടുനിന്ന് എറണാകുളത്തെത്തിയ സംഘം കളമശ്ശേരി ജ്യോതിര്‍ഭവനില്‍ താമസിച്ച്, അടുത്ത ദിവസം അതിരാവിലെ ഏഴുമണിയോടെ കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ അത്ഭുതക്കാഴ്ചകളായി.