വീണ്ടും സ്ലീവ്ലെസ് വസ്ത്രം ധരിക്കാന്‍ കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടി മേഘ്ന രാജ് സര്‍ജ. പ്രസവശേഷം ശരീരഭാരം കൂടിയതിനു സമാനതകളില്ലാത്ത വിമര്‍ശനങ്ങളാണ് താന്‍ നേരിട്ടിരുന്നതെന്നും ഇപ്പോള്‍ ഈ സ്ലീവ്ലെസ് ധരിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കാന്‍ 4 വര്‍ഷമെടുത്തുവെന്നും മേഘ്‌ന പറയുന്നു.
ശരീരത്തിന്റെ മാറ്റം കാരണം ഇഷ്ടപ്പെട്ട വേഷങ്ങള്‍ പലതും മേഘ്‌ന മാറ്റിവച്ചിരുന്നു. അതിലൊന്നായിരുന്നു സ്ലീവ്‌ലെസ്സ് ഔട്ട്ഫിറ്റുകള്‍. നാല് വര്‍ഷത്തിന് ശേഷം ഒരു സ്ലീവ്‌ലെസ്സ് ഡ്രസ്സ് ധരിച്ച സന്തോഷത്തിലാണ് നടി ഇപ്പോള്‍. ഇത് ഞാന്‍ എനിക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് പറഞ്ഞ് മേഘ്‌ന പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു
'നാലുവര്‍ഷത്തിലധികമെടുത്തു വീണ്ടും സ്ലീവ്ലെസ്സ് ധരിക്കാന്‍! അനുഷ രവി നിര്‍ബന്ധിച്ച്, അതിമനോഹരമായ വസ്ത്രങ്ങളുള്ള ഒരു ഭാഗത്തേക്ക് എന്നെ വലിച്ചിഴച്ച്, 'ഇതൊന്ന് വാങ്ങിക്കൂ, സൈസ് പ്രശ്‌നമല്ല, നിങ്ങളെപ്പോഴും ഇതില്‍ സുന്ദരിയായിരിക്കും' എന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്. ഈ ഒരെണ്ണത്തിന് നന്ദി യെന്‍സ്!
മാതൃത്വത്തെ നമ്മള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. എന്നാല്‍ അതിന്റെ കൂടെ വരുന്ന ശാരീരിക മാറ്റങ്ങളെ (അതെ, നടിമാരും തടി വെക്കും കേട്ടോ) നമ്മള്‍ സ്വീകരിക്കാന്‍ തുടങ്ങുമ്പോഴേക്കും, 'സമൂഹം' ഒരു ലേബല്‍ ഒട്ടിച്ച് നമ്മളെ താഴേക്ക് വലിക്കുന്നു. ഗര്‍ഭധാരണത്തിന് ശേഷമുള്ള ഒരു 'perfect' ശരീരത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കുന്നു. ആ വ്യക്തി എന്തെല്ലാം സഹിച്ചു എന്ന് അവര്‍ ഒട്ടും പരിഗണിക്കുന്നില്ല.
അതുകൊണ്ട് തന്നെ, പലപ്പോഴും ആളുകളുടെ പ്രതികരണവും, എന്നെ അഭിവാദ്യം ചെയ്യുന്ന രീതി പോലും എന്റെ ഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. അതിനെക്കുറിച്ചുള്ള അവരുടെ അനന്തമായ ഉപദേശങ്ങളും. അങ്ങനെ, ആത്മവിശ്വാസക്കുറവില്‍ നിന്ന് ഒടുവില്‍ എന്നെത്തന്നെ അംഗീകരിച്ച് സ്‌നേഹിക്കാന്‍ പഠിച്ച ഞാന്‍, എനിക്ക് വേണ്ടി, എന്നിലെ 'എനിക്ക്' വേണ്ടി ഇതാ ഒരു കാര്യം ചെയ്തിരിക്കുന്നു- മേഘ്‌ന രാജ് സര്‍ജ കുറിച്ചു.
യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ കന്നട നടിയാണ് മേഘ്‌ന രാജ് സര്‍. പിന്നീട് മലയാളത്തിലെ നല്ല ഒരുപിടി സിനിമകളുടെ ഭാഗമായി. ചിരജ്ജീവി സര്‍ജ്ജയെ വിവാഹം ചെയ്ത് ലൈഫ് സെറ്റിലായി നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്. അവസാനം വരെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച ഭര്‍ത്താവ് ചിരജ്ജീവി സര്‍ജ മേഘ്‌ന കുഞ്ഞിനെ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. അവിടെ നിന്നുള്ള മേഘ്‌നയുടെ അതിജീവനം മകന് വേണ്ടിയായിരുന്നു.
പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മേഘ്‌ന, മകന് അച്ഛനെ നഷ്ടപ്പെട്ടു ഇനി തന്റെ കരച്ചില്‍ ജീവിതം കൂടെ അവനെ ബാധിക്കരുത് എന്നതിനാല്‍ കുറച്ചധികം ബോള്‍ഡ് ആയി. ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയ താരം ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും സജീവമാണ്.