ഇന്ന് മെയ് 21, മലയാളികളുടെ മറ്റൊരു ഉത്സവ ദിവസമാണ്. മോഹല്‍ലാലിന്റെ ജന്മദിനം. ഇന്ന് അറുപത്തി നാലാം ജന്മദിനം ആഘോഷിക്കുന്ന മോഹന്‍ലാലിന്, പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ആദ്യ കേക്ക് ഒരുക്കിയത് അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂരിന്റെ മക്കളാണ്. ആന്റണിയുടെ കൊച്ചിയിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം.
ആന്റണി പെരുമ്പാവൂരിന്റെ മക്കളാണ് പിറന്നാള്‍ കേക്ക് ഒരുക്കിയത് കാരണം, മനോഹരമായ കേക്കിന് അരികെ എഴുതിയിരിക്കുന്നത് ഹാപ്പി ബര്‍ത്ത്ഡേ ലാലങ്കിള്‍ എന്നാണ്. അതുകൊണ്ടു തന്നെ, മക്കളാണ് ഈ കിടിലന്‍ കേക്ക് അദ്ദേഹത്തിന് സമ്മാനിച്ചത് എന്നതു തീര്‍ച്ചയാണ്. അതേസമയം, കൊച്ചിയിലായിരുന്നിട്ടും സുചിത്രയും മക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടില്ലാത്തതിനാല്‍ തന്നെ അവരെവിടെ എന്ന ചോദ്യവും ഉണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലാലേട്ടന്റെ എന്ന പിറന്നാളുകള്‍ക്കും സുചിത്ര ഒപ്പമുണ്ടാകാറുണ്ട്.
അതേസമയം, മലയാളികളുടെ ലാലേട്ടന് ആശംസകള്‍ അറിയിച്ച് നിരവധി സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമ ആരാധകരുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ശ്വേതാ മേനോന്‍, ചിപ്പി രഞ്ജിത്ത് അടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍', എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സാമൂഹികമാധ്യമ പേജുകളിലും മോഹന്‍ലാലിന് ആശംസ നേര്‍ന്നുകൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംവിധായകരായ സിബി മലയില്‍, മേജര്‍ രവി, സാജിദ് യഹിയ, തരുണ്‍ മൂര്‍ത്തി, എം.എ. നിഷാദ്, മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍, എംഎല്‍എ കൂടിയായ എം. മുകേഷ്, അഭിനേതാക്കളായ ശ്വേതാ മേനോന്‍, ചിപ്പി രഞ്ജിത്ത്, ബിനു പപ്പു, കൃഷ്ണപ്രഭ, അപ്പാനി ശരത്, സണ്ണി വെയ്ന്‍, അന്‍സിബ ഹസ്സന്‍, ബിനീഷ് കോടിയേരി, വീണ നായര്‍, അനശ്വര രാജന്‍, സൗമ്യ മേനോന്‍, ഗായകരായ കെ.ജെ. യേശുദാസ്, സുജാതാ മോഹന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും ആശംസ നേര്‍ന്നു.
'താങ്കള്‍ ഇതിഹാസ നടന്‍ മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദയയുള്ള ആളുകളില്‍ ഒരാളുമാണ്', എന്ന് മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിങ് ഫെയ്സ്ബുക്കില്‍ കുറിച്ചു. നിര്‍മാതാവ് ഗോകുലം ഗോപാലനും മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ സിദ്ധിഖും ആശംസകള്‍ നേര്‍ന്നു. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടനസംവിധായകനായ സ്റ്റണ്ട് സില്‍വ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ അറിയിച്ചത്.
ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ച പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ക്കൊപ്പം എമ്പുരാന്‍ ലൊക്കേഷനില്‍നിന്നുളള സ്പെഷല്‍ ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയില്‍ വച്ചെടുത്ത ചിത്രമാണിത്. അതേസമയം പിറന്നാള്‍ ദിവസത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ചത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആന്റി ഡ്രഗ് കാമ്പയിന്റെ വിവരങ്ങളാണ്. മോഹന്‍ലാല്‍ തുടക്കം കുറിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ബി എ ഹീറോ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുന്നത്. മദ്യ മയക്കുമരുന്നുകള്‍ നമ്മളും നമ്മുടെ പ്രിയപ്പെട്ടവനും ഉപയോഗിക്കില്ലെന്നും അതിനോടു നോ പറയാം എന്നുമാണ് അദ്ദേഹം പിറന്നാള്‍ ദിവസത്തെ കുറിപ്പില്‍ പറയുന്നത്.
അതേസമയം, ഇന്ന് കൊച്ചിയില്‍ നടക്കുന്ന ആഘോഷത്തിനുശേഷം മോഹന്‍ലാല്‍ വിദേശത്തേക്കു പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 1960 ല്‍, ഇടവ മാസത്തിലെ രേവതി നാളിലാണ് സര്‍ക്കാര്‍ ഉദ്യേഗസ്ഥനായ വിശനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി മോഹന്‍ലാല്‍ ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തു തന്നെ നാടകങ്ങളിലൊക്കെ കുഞ്ഞുലാല്‍ സജീവമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോളാണ് അഭിനയത്തിനുള്ള ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. പിന്നീട് കോളേജ് പഠനകാലത്ത് മണിയന്‍പിള്ള രാജുവിനെയും പ്രിയദര്‍ശനെയും സുരേഷ് കുമാറിനെയും പോലുള്ള കൂട്ടുകാരാണ് ലാലിനെ സിനിമയിലേക്ക് എത്തിച്ചത്.
തിരനോട്ടം എന്ന ആദ്യ ചിത്രം വെളിച്ചം കാണാതെ പോയി. പിന്നീട് 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലനായി അഭിനയ ലോകത്തേക്ക് വന്നു. തിരനോട്ടത്തില്‍ തുടങ്ങി, തുടരും വരെ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന ലാലിന്റെ അഭിനയ ജീവിതം പുസ്തകമാക്കുകയാണ് എന്ന വിശേഷവും പിറന്നാള്‍ ദിവസത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഇത്രയും വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തന്റെ സിനിമാ ജീവിതം എന്നത് ചെറിയ സംഭവമല്ല. അതില്‍ ഒരുപാട് കഷ്ടപ്പാടുകളുടെയും പരാജയങ്ങളുടെയും വിജയങ്ങളുടെയും നേട്ടങ്ങളുടെയും കഥകള്‍ ഉണ്ടാവും.