ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിത മരണമാണ് സംഭവിച്ചത്. രാവിലെ വീട്ടുജോലിക്കാരൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ഇതേ സമയം വീട്ടിലുണ്ടായിരുന്നു. ജോലിക്കാരൻ എത്തിയപ്പോഴാണ് മകളും മരിച്ചത് അറിയിച്ചത്. ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രതാപ് പോത്തന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. 69-ാം വയസ്സിലാണ് മരണം.
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിർമ്മാതാവുമാണ് പ്രതാപ്. കെ പോത്തൻ. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു. 1952ൽ തിരുവനന്തപുരത്ത് വ്യാപാരികളുടെ ഒരു കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നുധ1പ. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.
1985-ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.