സ്നേഹം കൊണ്ട് എല്ലാവരുടേയും മനസു കീഴടക്കുന്ന വ്യക്തിയാണ് ചാക്കോച്ചന്‍. ശുദ്ധ മനസിനുടമയും കളങ്കമില്ലാത്തവനുമായ ചാക്കോച്ചന് സിനിമാ മേഖലയില്‍ മുഴുവന്‍ സ്നേഹിതന്മാരെയുള്ളൂ. അതുപോലെ തന്നെയാണ് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും. അപ്പന്‍ നേരത്തെ മരിച്ചുപോയ ചാക്കോച്ചന് ഭാര്യ പ്രിയയുടെ അച്ഛന്‍ സാമുവേല്‍ ഇപ്പോള്‍ സ്വന്തം അച്ഛന്‍ തന്നെയാണ്. സ്വന്തം മമ്മിയെ പോലെ തന്നെയാണ് പ്രിയയുടെ മമ്മിയും. ഇപ്പോഴിതാ, ഭാര്യ മാതാപിതാക്കളുടെ വിവാഹവാര്‍ഷികം അതിഗംഭീരമായ ആഘോഷമാക്കി മാറ്റുകയായിരുന്നു ചാക്കോച്ചന്‍. കഴിഞ്ഞ ദിവസമായിരുന്നു പ്രിയയുടെ അപ്പന്‍ സാമുവേലിന്റെയും അമ്മ ഓമനയുടെയും വിവാഹവാര്‍ഷികം. ഇരുവരും ഒന്നിച്ചൊരു ജീവിതം ആരംഭിച്ചിട്ട് അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കെ അതു ഗംഭീരമാക്കുകയായിരുന്നു ചാക്കോച്ചനും പ്രിയയും.
സാമുവല്‍ അപ്പയുടേയും ഓമനമ്മയുടേയും സഹോദരങ്ങളും മക്കളും കുടുംബവും കുട്ടികളും എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയ ദിനത്തില്‍ എല്ലാവര്‍ക്കും ഇന്നേക്ക് 50 വര്‍ഷം എന്ന് പ്രിന്റ് ചെയ്ത വൈറ്റ് ടീ ഷര്‍ട്ടും ആഘോഷത്തിന് ഒരുക്കിയിരുന്നു. ഒടുവില്‍ ആ ചിത്രങ്ങളെല്ലാം പങ്കുവച്ച് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്: '50 വര്‍ഷത്തെ വിവാഹ ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവല്‍ അപ്പ... ഉയര്‍ച്ച താഴ്ചകളും സന്തോഷദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ അഭിനന്ദനങ്ങള്‍. ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റര്‍ കാണാന്‍ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹവും ചുംബനങ്ങളും. നന്ദി... എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്' എന്നാണ് വിവാഹവാര്‍ഷികത്തിന്റെ ആഘോഷചിത്രങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ഇന്നേക്ക് 50 വര്‍ഷം' എന്ന് രേഖപ്പെടുത്തിയ ടീഷര്‍ട്ട് ധരിച്ച് ചാക്കോച്ചനും ഭാര്യയും നിറഞ്ഞു ചിരിച്ചു നില്‍ക്കുന്ന കുടുംബ ചിത്രം ആ കുടുംബത്തിലെ സന്തോഷം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ചാക്കോച്ചനും പ്രിയയും. ഓട്ടോഗ്രാഫ് ചോദിച്ചുവന്ന ആരാധികയായ പെണ്‍കുട്ടി പ്രിയയെ ജീവിത സഖിയാക്കുകയായിരുന്നു പിന്നീട്. അന്ന് കോതമംഗലത്തെ ഹോസ്റ്റലില്‍ നിന്നു പഠിക്കുകയായിരുന്ന പ്രിയയ്ക്ക് നിരവധി പ്രണയക്കത്തുകളായിരുന്നു ചാക്കോച്ചന്‍ അയച്ചിരുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബന്‍ ഇന്ന് വില്ലനായും കൊമേഡിയനായുമൊക്കെ അഭിനയിക്കുമെങ്കിലും, അന്നത്തെ ആ ചോക്ലേറ്റ് ഹീറോയെ ഭര്‍ത്താവായി കിട്ടാന്‍ പല പെണ്‍കുട്ടികളും നോമ്പുനോറ്റിരുന്നു. പക്ഷേ ആ ഭാഗ്യം കിട്ടിയത് പ്രിയയ്ക്കാണ്.
ഇരുവരും ഇന്നും പ്രണയത്തിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ചാക്കോച്ചന് സിനിമയില്‍ നിന്നും ഇടവേള എടുക്കേണ്ടി വന്നപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ ഉണ്ടായപ്പോഴും എല്ലാം പ്രിയ ഒപ്പം തന്നെ ഉണ്ടായിരുന്നു. 2005 ഏപ്രില്‍ രണ്ടിനാണ് പ്രിയയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 14 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ 2019 ഏപ്രില്‍ 16ന് ആയിരുന്നു മകന്‍ ഇസഹാക്കിന്റെ ജനനം.