നടന്‍ സിദ്ദിഖിനെതിരെ, നടി രേവതി സമ്പത്തിന്റെ മീടൂ ആരോപണമാണ് മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. സിനിമാ പ്രിവ്യൂവിനിടെ നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം സിദ്ദിഖ് നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സിദ്ധിഖ് തന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞെന്നും നടി ആരോപിക്കുന്നു.
സിനിമാ പ്രിവ്യൂവിനെത്തിയപ്പോള്‍ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതാണോ മീ ടൂ ആരോപണമെന്നാണ് സിദ്ദിഖ് മീ ടുവിനോട് പ്രതികരിച്ചത്. എന്നാല്‍ സിദ്ദിഖിന്റെ വാദങ്ങളെ തീര്‍ത്തും നിരസിച്ചാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് നടി പ്രതികരിക്കുന്നത്. ന്യൂസ് മിനിട്ടിനു നല്‍കിയ അഭിമുഖത്തിലാണ് രേവതി കാര്യങ്ങള്‍ തുറന്നടിച്ചത്.
അഡ്ജസ്റ്റുമെന്റ്ുകള്‍ക്ക് തയ്യാറാണോ എന്നാണ് സിദ്ദിഖ് രേവതിയോട് ചോദിച്ചെന്നും സ്ത്രീകളിലെ അദ്ദേഹത്തിന്റെ ലൈംഗീക താല്‍പര്യങ്ങളെല്ലാം അദ്ദേഹം തന്നോട് വെളിപ്പെടുത്തിയെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചതായും രേവതി പറയുന്നു.
രേവതിയുടെ വാക്കുകള്‍ ഇങ്ങനെ: സിദ്ദിഖിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ എന്റെ ഫേസ്ബുക്ക് പേജില്‍ നിറയെ തെറിവിളികളാണ്. ഒരുസ്ത്രീ തുറന്നുസംസാരിക്കുമ്പോള്‍, അധികാരമുള്ള പുരുഷന്മാരുടെ ഫാന്‍സ് അസോസിയേഷനുകള്‍ അക്രമാസക്തരാകുന്നത് ഇങ്ങനെയാണെന്നും രേവതി ചോദിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച ഞാന്‍ പബ്ലിസ്റ്റി സ്റ്റണ്ട് നടത്തുകയാണെന്നാണ് കുറ്റപ്പെടുത്തലുകള്‍.
ഈ വിഷയത്തില്‍ പ്രശസ്തി ഒരുവിഷയമാകുന്നത് എങ്ങനെയെന്നാണ് മനസ്സിലാകാത്തത്. ഇക്കാര്യം തുറന്നുപറയാന്‍ ഇത്രയും കാലം എടുത്തത് എന്തിനെന്നാണ് അടുത്ത ചോദ്യം. ഇക്കാര്യങ്ങള്‍ തുറന്നുപറയുക അത്ര എളുപ്പമല്ല. സംവിധായകന്‍ രാജേഷ് ടച്ച് റിവറില്‍ നിന്ന് ലൈംഗിക പീഡനശ്രമങ്ങള്‍ ഉണ്ടായ വിവരത്തില്‍ പോസ്റ്റിട്ടപ്പോഴും സിദ്ദിഖിനെതിരെ തുറന്നടിക്കാന്‍ തനിക്ക് പ്രയാസം തോന്നിയിരുന്നതായി രേവതി പറയുന്നു.
2016 ല്‍ താന്‍ അഭിനയം തൊഴിലായി സ്വീകരിച്ചിരുന്നില്ല. വിദ്യാര്‍ത്ഥിനിയായിരുന്നു. തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് ചിത്രത്തിലെ വേഷത്തിന്റെ കാര്യം പറയാനാണ് സിദ്ധിക് നടിയെ ബന്ധപ്പെടുന്നത്. ' നിള തിയേറ്ററില്‍ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടന്‍ അദ്ദേഹം എന്നോട് ഈ ഓഫറിനെ കുറിച്ച് സംസാരിക്കാന്‍ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ആദ്യം തന്നെ ഞാന്‍ അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ഈ വാക്കിന് സിനിമാ ലോകത്ത് ഇങ്ങനെയൊരു അര്‍ഥമുണ്ടെന്ന കാര്യം സങ്കടകരമാണ്.
സര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ ആവശ്യങ്ങള്‍ കുറച്ചുകൂടി തെളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ സെക്സ്ച്വല്‍ ഫാന്റസികള്‍ എന്നോടു ഷെയര്‍ ചെയ്തു. നീണ്ട കൈവിരല്‍ നഖങ്ങളുള്ള സുന്ദരിമാരെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന് പറഞ്ഞു. എന്നാല്‍, ഏറെ നേരം സംസാരിച്ചിട്ടും ഞാന്‍ വഴങ്ങില്ലെന്ന് വന്നപ്പോള്‍, സിദ്ദിഖ് എനിക്കിഷ്ടമുള്ളത് പോയി ചെയ്യാന്‍ പറഞ്ഞു. തനിക്ക് സിനിമാ ലോകത്ത് നല്ല സ്വാധീനമാണെന്നും പരാതിപ്പെട്ടാലും എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോള്‍ ഫേസ്ബുക്കില്‍ എനിക്ക് കിട്ടുന്ന കമന്റുകളും ഇത് തെളിയിക്കുന്നു, രേവതി സമ്പത്ത് പറയുന്നു.
നവാഗത സംവിധായകനായ റെജി പ്രഭാകറിന്റെ ആദ്യ സിനിമയായിരുന്നു സുഖമായിരിക്കെട്ട.ഇതിന്റെ പ്രിവ്യു കാണാനാണ് തിരുവനന്തപുരത്ത് ഞാന് എത്തിയപ്പോള്‍ വിളിച്ചത്. അമ്മയും അച്ഛനുമായി എല്ലാം അദ്ദേഹം സംസാരിച്ചിട്ടുണ്ടെന്നും രേവതി പറയുന്നു.