ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിര്‍മാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്ന് സജി വ്യക്തമാക്കി. താന്‍ ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാനായി ചിലര്‍ വ്യാജപരാതികള്‍ നല്‍കിയെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിനെ പിന്തുണച്ചതും എതിര്‍പ്പിന് വഴിവച്ചുവെന്ന് സജി ആരോപിച്ചു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച പത്രിക നിയമാവലി ചൂണ്ടിക്കാട്ടി വരണാധികാരി തള്ളിയിരുന്നു. കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും നിര്‍മിച്ചവര്‍ക്കേ മുഖ്യസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കൂ എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
തിങ്കളാഴ്ച എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ സജി നല്‍കിയ രാജിക്കത്ത് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രാജി അന്തിമമായി. സജി, പ്രസിഡന്റ് സ്ഥാനത്തേക്കോ ട്രഷറര്‍ സ്ഥാനത്തേക്കോ മത്സരിക്കുമെന്ന് വ്യക്തമാക്കി.