മറയൂരിലെ വിവിധ സ്ഥലങ്ങളിലായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരവ് ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍, ഹൈറേഞ്ച് പ്രദേശത്തെ പോളി അഥവാ 'പോളച്ചന്‍' എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിക്കുന്നു. കഴിഞ്ഞ ദിവസം ജോജു ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ഓള്‍ഗാ പ്രൊഡക്ഷന്‍സ് ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമി ജോസഫ് സഹ-നിര്‍മ്മാതാവാണ്. വന്‍തോതില്‍ ഒരുക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതും മലയോരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്നതുമാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ കലൈ കിങ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സെല്‍വ, കനല്‍ക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് മലയാളികളുടെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവാണ്. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.