ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം ഇതിനോടകം തന്നെ 200 കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കുള്ള കുതിപ്പിലാണ് ലോക. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു പഴയകാല ചിത്രം വൈറലായി മാറുകയുണ്ടായി.
നടന്‍ പൃഥ്വിരാജും ഒരു കൊച്ചുകുട്ടിയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പൃഥ്വിയ്ക്കൊപ്പം ചിത്രത്തിലുള്ള ആ കുട്ടി ലോകയിലെ നായിക കല്യാണിയാണെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി മാറി. കല്യാണി ബ്രോ ഡാഡിയില്‍ പിന്നീട് പൃഥ്വിയുടെ തന്നെ നായികയായി മാറിയെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കൊച്ചുകുട്ടിയാണ് മലയാളത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം നേടാന്‍ പോകുന്നതെന്നായി മറ്റ് ചിലര്‍.
ചിത്രവും പൃഥ്വിയും കുട്ടിയുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതിനിടെ ഒരു ട്വിസ്റ്റുണ്ടായി. ചിത്രത്തില്‍ പൃഥ്വിയ്ക്കൊപ്പമുള്ളത് കല്യാണിയല്ലെന്നും തന്റെ മകനാണെന്നും അറിയിച്ച് കുട്ടിയുടെ പിതാവ് തന്നെ എത്തി. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കലാണ് ആ അച്ഛന്‍. തന്റെ മകനാണ് പൃഥ്വിയ്ക്കൊപ്പമുള്ള കുട്ടിയെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയെ തിരുത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയൊരു പോസ്റ്റിന് താഴെയാണ് സിദ്ധു പ്രതികരണവുമായെത്തിയത്. ''പ്രിയ സുഹൃത്തുക്കളേ ഇത് പ്രിയദര്‍ശന്‍ സാറിന്റെ മോള് കല്യാണി അല്ല. എന്റെ മകന്‍ അരുണ്‍ എസ് പനയ്ക്കലാണ്. എന്റെ പേര് സിദ്ധു പനയ്ക്കല്‍'' എന്നാണ് അദ്ദേഹത്തിന്റെ കമന്റ്. പക്ഷെ സോഷ്യല്‍ മീഡിയ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ കിട്ടിയ കഥയുമായി ഓടുന്ന തിരക്കിലായിരുന്നു. ഇതോടെ തന്റെ അക്കൗണ്ടില്‍ തന്നെ വിശദീകരണ കുറിപ്പുമായി സിദ്ധുവിന് എത്തേണ്ടി വന്നു.
പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കളെ, എന്റെ മൂത്ത മകന്‍ അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞപ്പോള്‍, അവന്‍ ചെറുപ്പത്തില്‍ മല്ലിക ചേച്ചിയുടെയും, ഇന്ദ്രജിത്തിന്റെയും, പൃഥ്വിരാജിന്റെയും കൂടെ നില്‍ക്കുന്ന ഫോട്ടോയും അതിനോടൊപ്പം തന്നെ അവന്‍ ഇപ്പോള്‍ മല്ലിക ചേച്ചിയുടെയും ഇന്ദ്രജിത്തിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ ഫോട്ടോകളില്‍ പൃഥ്വിരാജിന്റെ കൂടെ അവന്‍ ചെറുപ്പത്തില്‍ നില്‍ക്കുന്ന ഫോട്ടോ എടുത്ത്, അത് ഡയറക്ടര്‍ പ്രിയദര്‍ശന്‍ സാറിന്റെ മകള്‍ കല്യാണിയാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകള്‍ ഇറങ്ങുകയും അത് വൈറലാവുകയും ചെയ്തു. പൃഥ്വിരാജിന്റെ കൂടെ നില്‍ക്കുന്നത് കല്യാണി പ്രിയദര്‍ശന്‍ അല്ല. എന്റെ മകന്‍ അരുണ്‍ സിദ്ധാര്‍ത്ഥനാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
അങ്ങനെ സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് തല്‍ക്കാലം ശമനമായിരിക്കുകയാണ്. അതേസമയം ബോക്സ് ഓഫീസില്‍ ചന്ദ്ര കുതിപ്പ് തുടരുകയാണ്. ചിത്രം ഇതിനോടകം 202 കോടി നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ലോകയ്ക്ക് മുമ്പിലുള്ളത് മഞ്ഞുമ്മല്‍ ബോയ്സ്, തുടരും, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ്.