ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവ് പാമ്പള്ളി സംവിധാനം ചെയ്യുന്ന 'വിസ്റ്റാ വില്ലേജ്' എന്ന ചിത്രത്തിലൂടെയാണ് അവരുടെ തിരിച്ചുവരവ്. കഴിഞ്ഞ ദിവസം വൈത്തിരിയില്‍ വെച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപന ചടങ്ങ് നടന്നു.
ചടങ്ങില്‍ സണ്ണി ലിയോണ്‍, നടന്‍ അശോകന്‍, ബാലതാരം വൃദ്ധി വിശാല്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. സണ്ണി ലിയോണിനൊപ്പം എടുത്ത ചിത്രം വൃദ്ധി വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരുന്നു. ചടങ്ങില്‍ സണ്ണി ലിയോണ്‍ സാരിയാണ് അണിഞ്ഞെത്തിയത്.
നേരത്തെയും സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ അടക്കമുള്ളവയില്‍ പങ്കെടുക്കാന്‍ അവര്‍ മുമ്പ് വന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ കാണാനായി വലിയ ജനക്കൂട്ടം എത്താറുണ്ടായിരുന്നു.
ഇന്നലെ നടന്ന ചടങ്ങില്‍, കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് താരം മറുപടി നല്‍കി. കേരളത്തിലെ ജനങ്ങളെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. കൂടാതെ മലയാളത്തില്‍ ഓണാശംസകളും താരം നേര്‍ന്നു. പ്രശസ്തരായ താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.