വളരെ രുചികരവും ഉപയോഗസൗകര്യമുള്ളതുമായ അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നു. ജേണല്‍ തോറാക്‌സില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയൊരു പഠനമനുസരിച്ച്, ഇത്തരം ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ട ആഹാരക്രമം ശ്വാസകോശ അര്‍ബുദ സാധ്യത 41 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.
പായ്ക്കറ്റിലാക്കിയ കൃത്രിമ മധുരപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഇന്‍സ്റ്റന്റ് സൂപ്പുകള്‍, ഫ്രോസണ്‍ മീല്‍സ്, നൂഡില്‍സ്, ചിക്കന്‍ നഗ്ഗറ്റുകള്‍, സംസ്‌കരിച്ച മാംസം, റെഡി ടു ഈറ്റ് വിഭവങ്ങള്‍ തുടങ്ങി വിപണിയില്‍ ലഭിക്കുന്ന അനവധി ഭക്ഷണ ഉല്‍പന്നങ്ങളാണ് അള്‍ട്രാ പ്രോസസ് വിഭാഗത്തില്‍പ്പെടുന്നത്.
ഈ ഉല്‍പന്നങ്ങളില്‍ രുചി വര്‍ധിപ്പിക്കുന്ന കൃത്രിമ ഘടകങ്ങള്‍, അമിത അളവിലുള്ള പഞ്ചസാരയും ഉപ്പും, സംരക്ഷണത്തിനായുള്ള പ്രിസര്‍വേറ്റീവുകളും, കൃത്രിമ നിറങ്ങളും ഫ്ളേവറുകളും, ആരോഗ്യത്തിന് ഹാനികരമായ പൂരിത കൊഴുപ്പുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അതേസമയം, പോഷകസാമഗ്രികളായ നാരുകളും വിറ്റാമിനുകളും മറ്റ് സൂക്ഷ്മ പോഷകങ്ങളും താരതമ്യേന കുറവാണ്.
അള്‍ട്രാ പ്രോസസ്സിംഗിലൂടെ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍, പ്രത്യേകിച്ച് എമല്‍സിഫയറുകള്‍, ബിസ്ഫെനോള്‍ എ, ഫ്താലേറ്റുകള്‍, അക്രോലിന്‍ തുടങ്ങിയവ, ദീര്‍ഘകാല ഉപയോഗത്തില്‍ ശ്വസനസംവിധാനത്തെ ബാധിക്കുകയും ഹോര്‍മോണ്‍ തകരാറുകള്‍, ഡിഎന്‍എ കേടുപാടുകള്‍ പോലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, ചില വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും പ്രധാന കാരണം ആകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ കണ്ടെത്തലുകള്‍ പ്രകാരം, ശ്വാസകോശ അര്‍ബുദ സാധ്യതയും ഇതിലൂടെയാണ് വര്‍ധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും, പരമാവധി പ്രകൃതിദത്തവും കുറഞ്ഞ സംസ്‌കരണമുളളതുമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനുമാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.