ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോള്‍, അത് സന്ധികളില്‍ അടിഞ്ഞുകൂടി പലവിധ രോഗങ്ങള്‍ക്കു വഴിവെയ്ക്കും. ഗൗട്ട്, വൃക്കയില്‍ കല്ല്, സ്ഥിരമായ സന്ധിവാതം തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. ആദ്യഘട്ടത്തില്‍ ശക്തമായ സന്ധിവേദനയായി തുടങ്ങുന്ന പ്രശ്നം, കാലക്രമേണ സന്ധികളെ തന്നെ തകരാറിലാക്കാന്‍ ഇടവരുത്തും.
യൂറിക് ആസിഡ് കൂടുതലായാല്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതുവഴി വൃക്കയുടെ പ്രവര്‍ത്തനം തന്നെ ബാധിക്കപ്പെടുകയും, വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ വരെ ഉണ്ടാകുകയും ചെയ്യും. മാത്രമല്ല, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി കൂടി ഉയര്‍ന്ന യൂറിക് ആസിഡ് ബന്ധപ്പെട്ടു കാണപ്പെടുന്നു. ഗവേഷണങ്ങള്‍ പ്രകാരം, സാധാരണ അളവിലുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ളവരില്‍ രക്തസമ്മര്‍ദ്ദം ഇരട്ടിയോളം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയതാളം എന്നിവയ്ക്കുള്ള സാധ്യതയും കൂടുന്നു.
യൂറിക് ആസിഡ് കൂടിയതായി സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
സന്ധിവേദനയും പ്രത്യേകിച്ച് പെരുവിരലില്‍ വീക്കം
വൃക്കയില്‍ കല്ല് രൂപപ്പെടല്‍
സന്ധികളില്‍ ചുവപ്പ്, തടിപ്പ്, നീര്‍കെട്ട്
നടക്കുന്നതില്‍ ബുദ്ധിമുട്ട്
നടുവേദന
കാലുകളുടെ പത്തിക്ക് കടുത്ത വേദന, പുകച്ചില്‍, മരവിപ്പ്
ശരീരത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ യൂറിക് ആസിഡ് പരിശോധന നടത്തി, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നത് ഏറെ പ്രധാനമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.