വണ്ണം കുറയ്ക്കാനായി ഈ അബദ്ധങ്ങള്‍ ചെയ്യല്ലേ

Malayalilife
topbanner
വണ്ണം കുറയ്ക്കാനായി ഈ അബദ്ധങ്ങള്‍ ചെയ്യല്ലേ

മിതവണ്ണം അലട്ടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. ക്യത്യമായ ഒരു ഡയറ്റിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം. അതേസമയം വണ്ണം കുറയുമെന്നു കരുതി പല തെറ്റായ രീതികളും നമ്മള്‍ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നുണ്ട് മറ്റ്ുളളവരുടെ ഉപദേശപ്രകാരമോ അല്ലെങ്കില്‍ നമുക്ക് സ്വയം തോന്നിയതോ ഒക്കെ ഇതില്‍ പെടാം.  

ആദ്യം ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍ എന്തെല്ലാമാണെന്ന് നോക്കാം

കലോറിയുടെ അളവ് നല്ല കുറച്ച് പോഷകം നല്‍കുന്ന ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴവര്‍ഗങ്ങളും തന്നെയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാതെ വണ്ണം കുറയ്ക്കാന്‍ കഴിയില്ല.

ഡയറ്റിലെ പ്രഭാത വിഭവം

ഡയറ്റിലെ പ്രഭാത വിഭവം പച്ചക്കറികളും പഴങ്ങളും തന്നെയാണ്. ഇവയില്‍ ജലത്തിന്റെ സാന്നിധ്യം അമിതമായുണ്ടാകും. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറിയും കുറവായിരിക്കും. അതിനാല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തലച്ചോറിനുളള ഭക്ഷണമാണ് പ്രഭാത ഭക്ഷണം. മാനസികവും ശാരീരികവുമായ ഉണര്‍വ്വിന് പ്രഭാത ഭക്ഷണം കൂടിയേ തീരൂ. രണ്ട് ചപ്പാത്തി അല്ലെങ്കില്‍ ഉപ്പുമാവ് രാവിലെ കഴിക്കാം.  ഗോതമ്പ് ബ്രെഡും പഴവും  മുട്ടയുമെല്ലാം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഉച്ചഭക്ഷണം

ഒരു കപ്പ് ചോറ്, മിക്‌സഡ് വെജിറ്റബിള്‍സ് അരകപ്പ്, ഒരു ബൗള്‍ സലാഡ്  ഇതാണ് ഉച്ചഭക്ഷണം. ചോറിന്റെ അളിവ് നല്ലതുപോലെ കുറയ്ക്കുക.

ഇടയ്ക്ക് വിശക്കുമ്പോള്‍

ഒരു പഴം, അരകപ്പ് നാരങ്ങാവെള്ളം, മുന്തിരി, വെജിറ്റബിള്‍സ് കാല്‍ കപ്പ്, പാല്‍ എന്നിവ ഒക്കെ വിശക്കുമ്പോള്‍ സ്‌നാക്‌സ് ആയിട്ട് കഴിക്കാവുന്നതാണ്.

രാത്രി ഭക്ഷണം

രണ്ട് ചപ്പാത്തി, ഒരു ബൗള്‍ വെജിറ്റബിള്‍ സൂപ്പ് , ഒരു ബൗള്‍ സലാഡ് ആണ് രാത്രി ഭക്ഷണം.

ഈ രീതിയില്‍ ഒരു മാസം ഡയറ്റ് ശ്രദ്ധിച്ചാല്‍ അമിത വണ്ണം കുറയ്ക്കാന്‍ കഴിയും.
.......................................................
വണ്ണം കുറയും എന്നു കരുതി നമ്മള്‍ ചെയ്യുന്ന തെറ്റായ രീതികള്‍ എന്തെല്ലാം ആണെന്നു നോക്കാം

ഭക്ഷണം കുറച്ചാല്‍ വണ്ണം താനേ കുറയും

ഏറ്റവുമധികം പേര്‍ ചെയ്യുന്ന ഒരു കാര്യമാണിത്. ഭക്ഷണം കുറയ്ക്കുക, ഒന്നോ രണ്ടോ നേരം മാത്രമായി ഭക്ഷണം ചുരുക്കുക എന്നിവ. ഭക്ഷണനിയന്ത്രണം വരുത്തിയ ഉടന്‍തന്നെ ശരീരം ആദ്യം വിശപ്പു കൂട്ടും. ഇങ്ങനെ ഉണ്ടാകുന്ന ശക്തമായ വിശപ്പിനെ അതിജീവിച്ചു ഡയറ്റിങ് തുടര്‍ന്നാല്‍ ശരീരം ഉപാപചയ പ്രക്രിയയുടെ നിരക്കു കുറച്ച് ഊര്‍ജവിനിയോഗം പരമാവധി ലാഭിക്കും. അങ്ങനെ ക്ഷീണം, തളര്‍ച്ച, ഉന്‍മേഷക്കുറവ് എന്നിവ അനുഭവപ്പെടും. അപ്പോഴും ശരീരഭാരം മാറ്റമില്ലാതെ നിലനില്‍ക്കും.ഈ വ്യക്തി വീണ്ടും ഡയറ്റിങ് തുടരുകയാണെങ്കില്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ഭക്ഷണത്തില്‍നിന്നു കിട്ടാതെ വരും. ഈ സമയം ശരീരം പേശികളില്‍ നിന്നുള്ള പ്രോട്ടീനെടുത്ത് ഊര്‍ജം നിലനിര്‍ത്താന്‍ ശ്രമിക്കും. അപ്പോള്‍ ശരീരം മെലിയും, പക്ഷേ കൊഴുപ്പ് കുറയില്ല. പേശികളിലെ പ്രോട്ടീന്റെ അളവു കുറയുന്നത് കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവയ്ക്കു കാരണമാകാം.

മുട്ട കഴിച്ചാല്‍ വണ്ണം കൂടും

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍നിന്ന് ആദ്യം പുറത്താക്കുന്നത് മുട്ടയെ ആയിരിക്കും. മുട്ട വണ്ണം കൂട്ടുമെന്ന ധാരണയാണ് ഇതിനു പിന്നില്‍. എന്നാല്‍ മുട്ട പോഷകസമ്പുഷ്ടമാണ്. ശരീരത്തിനാവശ്യമായ എസന്‍ഷ്യല്‍ അമിനോ ആസിഡ് ശരിയായ അനുപാതത്തില്‍ ഈ പ്രോട്ടീനില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ഉപാപചയനിരക്ക് കൂട്ടുകയും വിശപ്പു നിയന്ത്രിക്കുകയും വയറുനിറഞ്ഞെന്ന ഫീലിങ് ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ ഒരു സമീകൃത ഭക്ഷണശൈലിയില്‍ മുട്ടയുടെ മിതമായ ഉപയോഗം ശരീരഭാരം കൂട്ടാനല്ല, കുറയ്ക്കാനാണ് സഹായിക്കുക.

പ്രഭാതഭക്ഷണം ഒഴിവാക്കാം

രാവിലെ ഒന്നും കഴിക്കാതിരുന്നാല്‍ വണ്ണം കുറയ്ക്കാമെന്ന ശുദ്ധ മണ്ടത്തരം കാണിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരത്തിന് ഏറെ ആവശ്യമാണ്. രാത്രിയിലെ ദീര്‍ഘമായ ഉപവാസം മുറിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. അതു കിട്ടാതിരുന്നാല്‍ ഉപാപചയ പ്രക്രിയ കുറയും. ഇത് ക്ഷീണം, ഏകാഗ്രതക്കുറവ് തുടങ്ങിയവ ഉണ്ടാക്കും. ഉച്ചഭക്ഷണം അധികം കഴിക്കാനും കാരണമാകും. അന്നജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയുള്ള പ്രഭാതഭക്ഷണം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്.

ലോ ഫാറ്റ് ഉല്‍പന്നങ്ങള്‍ കഴിക്കാം

ലോഫാറ്റ് ഉല്‍പന്നങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍ തൂക്കം കൂടില്ലെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ഥങ്ങളില്‍ പഞ്ചസാര, സ്റ്റാര്‍ച്ച് എന്നിവ കൂടുതലായിരിക്കും. കൊഴുപ്പ് ഇല്ലല്ലോ എന്നു കരുതി ഇത്തരം ഭക്ഷണങ്ങള്‍ കൂടിയ അളവില്‍ കഴിക്കുകയും ചെയ്യും. നമ്മള്‍ കഴിക്കുന്നതെന്തും അധികമായാല്‍ അത് കൊഴുപ്പായി ശരീരത്തില്‍ സംഭരിക്കുമെന്ന കാര്യം കൂടി അറിയുക.

ശീലമാക്കാം ഡയറ്റ്

ശരീരഭാരം കുറയ്ക്കാനായി ഓരോ ഡയറ്റുകള്‍ക്കു പിന്നാലെ പായുന്നവര്‍ അറിയാന്‍, ഇത്തരം ഭക്ഷണരീതി ചിലപ്പോള്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തുകയാകും ചെയ്യുക. വിദഗ്ധ ഉപദേശം സ്വീകരിക്കാതെ ഇത്തരം ഡയറ്റുകള്‍ പിന്തുടരുമ്പോള്‍ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും കിട്ടാതെ വരും. ഇത് രോഗപ്രതിരോധ ശക്തി കുറയ്ക്കുകയും പല രോഗങ്ങളിലേക്കും വഴിതെളിക്കുകയും ചെയ്യാം.

.പെട്ടെന്ന് കൂടുതല്‍ ഭാരം കുറയ്ക്കാം

ഒരു മാസം കൊണ്ട് എട്ടോ പത്തോ കിലോ കുറയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ ഹാപ്പി, വളരെ പെട്ടെന്നു കാര്യം നടക്കുകയും ചെയ്യും. എന്നാല്‍ അങ്ങനെ ഒറ്റയടിക്കൊന്നും ഇതു കുറഞ്ഞു കിട്ടില്ല. അത്രയും നല്ല വര്‍ക്ക്ഔട്ടും ശരിയായ ഡയറ്റുമുണ്ടെങ്കില്‍ ഒരു മാസം മാക്‌സിമം നാലു കിലോയൊക്കെയേ ആരോഗ്യകരമായ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കൂ. അതിനപ്പുറം ഉള്ളത് അപകടകരവുമാണ്. അധികമായി ഭാരം കുറച്ചാല്‍ ഹൃദയമിടിപ്പില്‍ താളപ്പിഴ വരുത്തുന്ന അരിത്മിയ ഉള്‍പ്പടെയുള്ള ഹൃദയപ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

വണ്ണം കുറയ്ക്കാന്‍ ഏതെങ്കിലും വ്യായാമം മതി

എന്തെങ്കിലുമൊക്കെ വ്യായാമം ചെയ്താല്‍ വണ്ണം കുറയുമെന്ന ധാരണ ഉണ്ടെങ്കില്‍ തെറ്റി, എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്താല്‍ മാത്രമേ ശരീരത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളു. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ്, നൃത്തം എന്നിവയൊക്കെ എയ്‌റോബിക് വ്യായാമങ്ങളാണ്. ശരീരത്തിലെ പ്രധാന പേശികള്‍ ക്രമമായും താളാത്മകമായും ഉപയോഗിച്ചുകൊണ്ട് 20 മിനിറ്റോ അതില്‍ കൂടുതലോ ചെയ്യുന്ന വ്യായാമങ്ങളാണ് എയ്‌റോബിക് വ്യായാമങ്ങള്‍. ഈ വ്യായാമങ്ങളുടെ ഫലം ലഭിക്കാനായി ഹൃദയമിടിപ്പു നിരക്ക്, ഓരോ വ്യക്തിക്കുമുള്ള പരമാവധി നിരക്കിന്റെ 50-70 ശതമാനം ആയിരിക്കുകയും വേണം. മേല്‍പ്പറഞ്ഞ വ്യായാമങ്ങളൊക്കെയും എയ്‌റോബിക് ആയും അനെയ്‌റോബിക് ആയും ചെയ്യാം. എയ്‌റോബിക് ആയി ചെയ്താലേ ഫലം ലഭിക്കൂ.

വ്യായാമം ചെയ്താല്‍ വിയര്‍ക്കണം

വിയര്‍ക്കുന്നതു വരെ വ്യായാമം ചെയ്താലേ ഫലം കിട്ടൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചൂടുകാലത്ത് വ്യായാമം ചെയ്യുമ്പോള്‍ പെട്ടെന്നു വിയര്‍ക്കുകയും തണുപ്പു കാലത്ത് വൈകി വിയര്‍ക്കുകയും ചെയ്യും. അതിനാല്‍തന്നെ വിയര്‍പ്പ് ഒരിക്കലും ഒരളവുകോലല്ല. എന്നാല്‍ എയ്‌റോബിക് വ്യായാമം ചെയ്യുന്നതിനിടയില്‍ കിതപ്പ് തോന്നിയാല്‍ വ്യക്തിയുടെ ഹൃദയമിടിപ്പ് നിരക്ക് അനെയ്‌റോബിക് ഘട്ടമെത്തി എന്നു മനസ്സിലാക്കണം.

മരുന്നു കഴിച്ച് വണ്ണം കുറച്ചാലോ

കഠിനാധ്വാനം ചെയ്യാതെ ഏതെങ്കിലും മരുന്നു കഴിച്ച് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാല്‍ മുന്‍പ് നല്‍കിയിരുന്ന ഇത്തരം ചില മരുന്നുകള്‍ വിഷാദരോഗത്തിലേക്കു നയിക്കാമെന്ന സംശയം ഉണ്ടായതിനാല്‍ ഇപ്പോള്‍ നല്‍കുന്നില്ല. ആമാശയത്തില്‍നിന്നു കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുന്ന ചില മരുന്നുകള്‍ ഇപ്പോഴുണ്ടെങ്കിലും 30 ശതമാനം കൊഴുപ്പേ ഇങ്ങനെ കുറയ്ക്കാന്‍ സാധിക്കൂ. നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും കാര്‍ബോഹൈഡ്രേറ്റാണ്, കൊഴുപ്പല്ല. അതിനാല്‍ 50 ശതമാനം കൊഴുപ്പെങ്കിലും കഴിക്കുന്നവരിലേ ഈ മരുന്നുകള്‍ ഫലപ്രദമാകുകയുള്ളു. പക്ഷേ ഇവയൊന്നും ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും പകരമല്ല എന്നുകൂടി അറിയുക



 

Read more topics: # reduce weight,# with healthy,# diet
reduce weight with healthy diet

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES