അഭിലാഷ് ജോണ്‍
ഓരോ ഗ്രാമങ്ങള്‍ക്കും പറയുവാന്‍ ഓരോ കഥകളുണ്ടാകും .കേട്ടുകേള്‍വികള്‍ക്കും ,ഉഹാപോഹങ്ങള്‍ക്കും പൊടിപ്പും തൊങ്ങലും ചേര്‍ത്തു നിറം പിടിപ്പിക്കുമ്പോള്‍ അത് ഓരോ കഥകളായി മാറുന്നു . എന്റെ ചെറിയ ഗ്രാമത്തിനും ഒരു കഥ പറയുവാനുണ്ട് . തൊള്ളായിരത്തിഎണ്‍പതുകളുടെ ഒടുവിലാണ് ഈ കഥ നടക്കുന്നത് .രാത്രിയുടെ യാമങ്ങളില്‍ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ചേക്കേറിയ ഒരു വിരൂപ രൂപത്തിന്റെ കഥ.അത് ഗ്രാമത്തെയാകെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കഥ .അത് വല്ലാത്തൊരു കഥയാണ് ,
ഇരുട്ടിന്റെ കരിമ്പടം മൂടിയ വഴികളിലൂടെ കാടും മലയും താണ്ടി ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ചേക്കേറിയ വിരൂപനായ ഒരു മനുഷ്യന്‍ .അവനെ നേരില്‍ കണ്ടവരാരും ഇല്ല .എല്ലാം കേട്ട് കേള്‍വികള്‍ മാത്രം .എന്നാല്‍ ആ കേട്ടുകേള്‍വികള്‍ ഗ്രാമത്തെ ആകെ പേടിപ്പെടുത്തി .തടിച്ചു ഇരുണ്ട ഭീകരരൂപം ,കൈകാലുളിലെ മാംസം അഴുകി എല്ലുകള്‍ പുറത്തു കാണാം .പല്ലുകള്‍ കൊഴിഞ്ഞു കവിളുകള്‍ കീറിയ തുറന്ന വായ .അതി രൂക്ഷമായ ദുര്‍ഗന്ധം .ചുരുക്കത്തില്‍ ചത്ത് അഴുകിയ ഒരു മനുഷ്യന്‍ മുന്നില്‍ വന്നാലെന്ന പോലെ .ഗ്രാമം ആ വികൃത രൂപത്തെ ''ചത്ത മനുഷ്യന്‍ ''എന്ന് വിളിച്ചു .പാതിരാവാകുന്ന സമയം അടുക്കളവാതുക്കള്‍ മുട്ടിവിളിക്കുന്ന ആ രൂപത്തെ കാണുന്ന മാത്രയില്‍ ആളുകള്‍ ഭയന്ന് വിറച്ചു ബോധരഹിതരാകുമത്രേ . ഈ തക്കം നോക്കിഈ വിരൂപ രൂപം അടുക്കളക്കകത്തു കടന്നുഅത്താഴ കലത്തില്‍ നിന്നും ആര്‍ത്തിയോടെ ചോറ് വാരി തിന്നശേഷം ഇരുളിലേക്ക് ഓടി മറയുമത്രേ.
ഗ്രാമത്തിലെത്തിയ ആ മനുഷ്യന്റെ കഥ കാട്ടുതീ പോലെ പരന്നു .പള്ളിക്കൂട വരാന്തകളിലും ,ചായക്കടകളിലും ,വായനശാലയിലും എന്തിനേറെ നാലാള്‍ കൂടുന്ന നാല്കവലകളില്‍ എല്ലാം ഇത് മാത്രമായി ചര്‍ച്ച ,ആ നാടാകെ ഇരുട്ടിനെ പേടിക്കാന്‍ തുടങ്ങി .പാതിരാവോളം പീടികത്തിണ്ണകളിലും ,അങ്ങാടിയിലും ഇരുന്നു അന്തിചര്‍ച്ചകളിലും ,വീമ്പുപറച്ചിലുകളിലും പങ്കെടുത്തിരുന്നവര്‍ സായം സന്ധ്യക്ക് മുന്നേ വീടുപിടിക്കാന്‍ തുടങ്ങി .പീടികകള്‍ക്ക് ഇരുളിന് മുമ്പ് താഴ് വീഴാന്‍ തുടങ്ങി .നാല്കവലകള്‍ നിശബ്ദമായി . തെരുവ് നായ്ക്കളുടെ ഊരിയിടല്‍ മാത്രം .ഇരുട്ടിന്റെ മറവില്‍ നിന്നും ആ രൂപം ഏതു നിമിഷവും തങ്ങളെ തേടി എത്താമെന്ന് ഗ്രാമവാസികള്‍ പേടിച്ചു.ചിലര്‍ പോലീസില്‍ പരാതി നല്‍കി .
പോലീസ് അന്വേഷണം ആരംഭിച്ചു .കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു പോലീസ് വാഹനം ഗ്രാമത്തിലെ പ്രധാന കവലയില്‍ വന്നുനിന്നു ആളുകള്‍ ആകാംഷയോടെ ചുറ്റും കൂടി .ജീപ്പിനുള്ളില്‍ പോലീസ്‌കാര്‍ക്കിടയിലായി ഒരു മനുഷ്യന്‍ തല കുമ്പിട്ടു ഇരിപ്പുണ്ട് .മുഷിഞ്ഞ വസ്ത്രം ,ഇരുണ്ട നിറം, മുഖത്തും കഴുത്തിലും പൊള്ളലേറ്റപോലെ പാടുകള്‍ .ഒറ്റ നോട്ടത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ഭ്രാന്തനായ മനുഷ്യന്റെ രൂപം . വാഹനത്തിനു ചുറ്റും കൂടിനിന്നവരോടായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആ മനുഷ്യനെ ചൂണ്ടി വിളിച്ചുപറഞ്ഞു ' ഇവന്‍ ചത്തമനുഷ്യന്‍ ,പോലീസ് പിടിയിലായിരുന്നു ,ഇനി ഗ്രാമത്തില്‍ എല്ലാവര്ക്കും ധൈര്യമായി പുറത്തിറങ്ങാം .' ആളുകള്‍ തെല്ലു സംശയത്തോടെ പരസ്പരം നോക്കുന്നതിനിടയില്‍ പോലീസ് വാഹനം ആ മനുഷ്യനെയും കൊണ്ട് മുന്നോട്ടു നീങ്ങി .
ഇരുട്ടിനെ പേടിച്ചു കഴിഞ്ഞിരുന്ന ഒരു ഗ്രാമത്തിനാകെ ആശ്വാസം പകരാനായി പോലീസ്‌കാര്‍ നടത്തിയ ഒരു നാടകമായിരുന്നുവോ ഈ അറസ്റ്റ്. അതോ ഈ മനുഷ്യന്‍ വേഷ പ്രച്ചന്നനായി ഗ്രാമത്തിലാകെ ചുറ്റിത്തിരിഞ്ഞു നടന്നു ആളുകളെ ഭീതിയിലാക്കിയിരുന്നോ . .അതുമല്ല ഗ്രാമക്കാര്‍ വിശ്വസിച്ചിരുന്നപോലെ അതി വിരൂപനായ ,പകുതി മരിച്ച ഒരു 'ചത്ത മനുഷ്യന്‍ ' ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഇപ്പോഴും നടന്നു പോകാറുണ്ടോ .എന്തായാലും ഗ്രാമത്തിലെ രാത്രികള്‍ വീണ്ടും സജീവമായി . ചത്ത മനുഷ്യനെ നേരില്‍ കണ്ടന്ന വീമ്പുപറച്ചിലുകളുമായി വീണ്ടും ആളുകള്‍ പാതിരവരെ അങ്ങാടിയില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി . മറ്റു ചിലര്‍ പുതിയ കഥകള്‍ മെനയാനുള്ള തിരക്കിലുമായി . ശുഭം ,സ്വസ്ഥം.