ഇന്ത്യയിലെ ടെലികോം രംഗത്ത് വേഗത്തില്‍ മുന്നേറുകയാണ് ബിഎസ്എന്‍എല്‍. രാജ്യത്തെ എല്ലാ കോണുകളിലും ശക്തമായ ഡിജിറ്റല്‍ ബന്ധം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബിഎസ്എന്‍എല്‍ 5ജി സേവനത്തിനായി തയ്യാറെടുക്കുന്നത്. അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ തന്നെ രാജ്യത്തെ ബിഎസ്എന്‍എല്‍ ടവറുകള്‍ 5ജി നെറ്റ്വര്‍ക്കിലേക്ക് മാറ്റുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. കൗടില്യ ഇക്കണോമിക് എന്‍ക്ലേവ് 2025-ല്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലാണ് ഈ 5ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. 4ജി നെറ്റ്വര്‍ക്കിനും ഇതേ മാതൃകയിലാണ് ബിഎസ്എന്‍എല്‍ സേവനം ഒരുക്കിയത്. ഇതിനകം 92,000-ത്തിലധികം 'മെയ്ഡ് ഇന്‍ ഇന്ത്യ' 4ജി ടവറുകള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതോടെ സ്വതന്ത്രമായി 4ജി സാങ്കേതികവിദ്യ കൈവശം വെച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടിയിരുന്നു.
വേഗത്തില്‍ തന്നെ ഈ ടവറുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് ബിഎസ്എന്‍എല്‍ ആലോചിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യ പൂര്‍ണമായ 5ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്നാണ് ടെലികോം മന്ത്രിയുടെ പ്രതീക്ഷ. ഉപഭോക്തൃ സംതൃപ്തിയും സേവന നിലവാരവും ഉയര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് ബിഎസ്എന്‍എല്‍ വലിയ സാമ്പത്തിക നേട്ടവും നേടി. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 5,000 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 2,300 കോടി രൂപയില്‍ നിന്നാണ് ഈ വളര്‍ച്ച. ഉപഭോക്തൃസംഖ്യയും 8.7 കോടിയില്‍ നിന്ന് 9.1 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2025 അടുത്ത ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. 150 രാജ്യങ്ങളില്‍ നിന്നുള്ള 1,500 പ്രദര്‍ശകരും 7,000-ത്തിലധികം പ്രതിനിധികളും പങ്കെടുക്കും. ക്വാണ്ടം കമ്പ്യൂട്ടിംഗും കൃത്രിമ ബുദ്ധിയും (അക) ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഇവിടെ അവതരിപ്പിക്കും. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലും ടെക് മേഖലയിലും ഇന്ത്യ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.