ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ടിക് ടോക് ഇന്ത്യയില്‍ വീണ്ടും തുടങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്, നിരോധനം തുടരുമെന്നതാണ്. കഴിഞ്ഞ ദിവസം ചില ഉപയോക്താക്കള്‍ക്ക് ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഭാഗികമായി ആക്‌സസ് ചെയ്യാനായെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ആശയക്കുഴപ്പം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോംപേജ് തുറക്കാന്‍ സാധിച്ചെങ്കിലും മറ്റ് പേജുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഘട്ടംഘട്ട റീലോഞ്ചാണോ നടക്കുന്നത് എന്ന സംശയങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇപ്പോഴും ലഭ്യമല്ല.
2020 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കിനെയും മറ്റ് 58 ചൈനീസ് ആപ്പുകളെയും ഇന്ത്യയില്‍ നിരോധിച്ചത്. ഗാല്‍വാന്‍ താഴ്വരയിലെ ഇന്ത്യചൈന സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു തീരുമാനം. ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് സര്‍ക്കാരുമായി പങ്കിടുന്നതായ റിപ്പോര്‍ട്ടുകളും നിരോധനത്തിന് അടിസ്ഥാനം നല്‍കി. നിരോധന സമയത്ത് ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ ടിക് ടോക് ഉപയോഗിച്ചിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വെബ്‌സൈറ്റ് ഭാഗികമായി തുറന്നെങ്കിലും, ഇന്ത്യയിലേക്ക് മടങ്ങിവരുന്നുവെന്നോ വിലക്ക് നീക്കുമെന്നും സംബന്ധിച്ച് ടിക് ടോക്കില്‍നിന്നോ അതിന്റെ മാതൃകമ്പനി ബൈറ്റ്ഡാന്‍സില്‍നിന്നോ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതിയുണ്ടായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉടന്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. അതേ സമയം, ടിക് ടോക്ക് നിരോധനം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉറപ്പിച്ചു.