രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും, വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വലിയ മാറ്റം പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ യുപിഐയിലെ വ്യക്തിഗത (P2P) ‘കളക്ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണമായും റദ്ദാക്കപ്പെടും.
എൻപിസിഐ വ്യക്തമാക്കുന്നതനുസരിച്ച്, ഈ തീരുമാനം പി2പി ശേഖരണ അഭ്യർത്ഥനകൾക്കു മാത്രം ബാധകമാണ്. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം അയക്കുന്നതും വ്യാപാരികൾക്ക് യുപിഐ വഴി പേയ്മെന്റ് നടത്തുന്നതും തുടരുമെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പ് തടയുന്നതിന് വ്യാപാരികൾക്കുള്ള കെവൈസി മാനദണ്ഡങ്ങൾ കൂടി ശക്തമാക്കും.
ഇപ്പോൾ ഏതൊരു യുപിഐ ഉപയോക്താവിനും 2,000 രൂപ വരെ കളക്ട് റിക്വസ്റ്റ് അയയ്ക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ പുതിയ തീരുമാനത്തിന് ശേഷം ബാങ്കുകളും യുപിഐ ആപ്പുകളും ഇത്തരം ഇടപാടുകൾ ഇനി പ്രോസസ് ചെയ്യുകയില്ല.
രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലായി യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വൻ തോതിൽ വർധിച്ചു. ഇതാണ് പുതിയ നിയന്ത്രണത്തിന് പിന്നിലെ പ്രധാന കാരണം.
അതേസമയം, ആർബിഐ നിയന്ത്രിത സ്ഥാപനം സ്മാർട്ട് പേയ്മെന്റ് സൊല്യൂഷൻസ് ‘മോണി’ എന്ന പുതിയ യുപിഐ അധിഷ്ഠിത മൊബൈൽ ആപ്പ് പുറത്തിറക്കി. ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ വിദേശികൾക്കും എൻആർഐകൾക്കും രാജ്യത്തെങ്ങും യുപിഐ വഴി പേയ്മെന്റ് നടത്താൻ ഇതിലൂടെ കഴിയും.
‘മോണി ആപ്പ്’ ഇന്ത്യയുടെ യുപിഐ വൺ വേൾഡ് പദ്ധതിയുടെ ഭാഗമായാണ് പുറത്തിറക്കിയത്. വിദേശ സന്ദർശകർക്ക് കടകളിലും റെസ്റ്റോറന്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യം നൽകും. ഇന്ത്യയുടെ വേഗത്തിൽ വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ അന്താരാഷ്ട്ര സന്ദർശകർക്ക് എളുപ്പത്തിൽ പങ്കെടുക്കാനുളള അവസരം ഒരുക്കുകയാണ് ലക്ഷ്യം.