സുരക്ഷിതമായി സ്വന്തം നാട്ടിലെത്തുന്നത് ഏതൊരു യാത്രക്കാരന്റെയും ഏറ്റവും വലിയ ആശ്വാസമാണ്. ഇന്ന് ലോകം കൂടുതല്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷയാണ് പ്രധാന പരിഗണന. ഏത് രാജ്യമാണു സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കുമ്പോള്‍ സുരക്ഷിതത്വം വലിയ പങ്കാണ് വഹിക്കുന്നത്.
ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് 2025 പുറത്തിറങ്ങിയിരിക്കുകയാണ്. ലോകത്തിലെ 163 രാജ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ സാമൂഹ്യ സുരക്ഷ, ആഭ്യന്തര-രാജ്യാന്തര സംഘര്‍ഷങ്ങള്‍, സൈനികവല്‍ക്കരണം തുടങ്ങി 23 മേഖലകളെയാണ് വിലയിരുത്തിയത്. സ്‌കോര്‍ ഒന്നുമുതല്‍ അഞ്ചുവരെയായിരിക്കും, സ്‌കോര്‍ കുറയുന്നത്രയും രാജ്യങ്ങള്‍ മുന്‍പന്തിയിലെത്തും. ലോകത്തില്‍ ഏറ്റവും സമാധാനമുള്ള രാജ്യമായി വീണ്ടും ഐസ്ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, ഫിന്‍ലാന്‍ഡ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റു രാജ്യങ്ങള്‍.
ഏഷ്യയിലെ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ ആറാം സ്ഥാനത്താണ്, കഴിഞ്ഞ വര്‍ഷത്തെ അഞ്ചാം സ്ഥാനത്ത് നിന്നും ഒരു നില പിന്നോട്ടുപോയെങ്കിലും ഇപ്പോഴും ഏഷ്യയിലെ ഒന്നാമന്‍ സിംഗപ്പൂരാണ്. 1.357 പോയിന്റാണ് ഇത്തവണ സിംഗപ്പൂരിന്റെ സ്‌കോര്‍. ജപ്പാന്‍ 12ാം സ്ഥാനത്തും മലേഷ്യ 13ാം സ്ഥാനത്തുമാണ്. ഭൂട്ടാന്‍, മംഗോളിയ, വിയറ്റ്‌നാം, തായ്വാന്‍, ദക്ഷിണകൊറിയ, തിമോര്‍-ലെസ്‌തെ, ലാവോസ് എന്നിവയും ഏഷ്യയിലെ മുന്‍പന്തിയിലെത്തിയ രാജ്യങ്ങളാണ്. ഇന്ത്യയ്ക്ക് 2.229 പോയിന്റുമായി 115ാം സ്ഥാനമാണ് ലഭിച്ചത്. ഏറ്റവും കുറവ് സമാധാനമുള്ള രാജ്യങ്ങളായി യുക്രെയ്‌നും റഷ്യയും തുടര്‍ച്ചയായി 162, 163 സ്ഥാനങ്ങളിലാണ്.