ട്രെയിൻ വൈകുമ്പോൾ പ്ലാറ്റ്‌ഫോമിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഇടയിൽ വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങൾ പലപ്പോഴും നഷ്ടമാകാറുണ്ട്. ഇത്തരം യാത്രക്കാരെ ലക്ഷ്യമിട്ട് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ സ്ലീപ്പിങ് പോഡ് സൗകര്യം നിലവിൽവന്നു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിന് കീഴിലുള്ള വാൾട്ടെയർ ഡിവിഷനാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ചികിത്സ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി വിവിധ ആവശ്യങ്ങളുമായി വിശാഖപട്ടണത്തിലെത്തുന്ന യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ആധുനികമെന്നും സുരക്ഷിതമെന്നും വിലയിരുത്തപ്പെടുന്ന താൽക്കാലിക താമസ സൗകര്യമാണ് സ്ലീപ്പിങ് പോഡുകൾ. റെയിൽവേ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 3ന് സമീപമുള്ള പ്ലാറ്റ്‌ഫോം നമ്പർ 1ലാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്കും ഉപയോഗിക്കാം
ട്രെയിൻ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെയും ഈ സൗകര്യം ഉപയോഗിക്കാനാകും. യാത്രക്കാരുടെയും സാധാരണജനങ്ങളുടെയും വിശ്രമ ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 88 പോഡുകളാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ 73 എണ്ണം സിംഗിള്‍ പോഡുകളും 15 എണ്ണം ഡബിള്‍ പോഡുകളുമാണ്.
സ്ത്രീകൾക്ക് പ്രത്യേകം പരിഗണന
സൗകര്യത്തിൽ സ്ത്രീകൾക്കായി 18 ബെഡുകൾ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തിൽ പ്രത്യേക ശുചിമുറികളും വസ്ത്രം മാറാനുള്ള മുറിയും ഉള്‍പ്പെടുത്തിയിട്ടുള്ള ഹാളും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.
വൈഫൈ, ചൂടുവെള്ളം, സ്‌നാക്‌സ് ബാര്‍, യാത്രാ ഡെസ്‌ക്
വിസ്തൃതമായ കുളിമുറികളും ആധുനിക ശുചിമുറികളും 24 മണിക്കൂറും ചൂടുവെള്ളം, സൗജന്യ വൈഫൈ, ഇന്‍ ഹൗസ് സ്‌നാക്‌സ് ബാര്‍, യാത്രക്കാർക്ക് സഹായം ലഭ്യമാക്കാൻ യാത്രാ ഡെസ്‌ക് തുടങ്ങിയവയും ഉൾക്കൊള്ളുന്ന ഈ സൗകര്യം യാത്രാനുഭവം കൂടുതല്‍ സുഖപ്രദമാക്കും.
നിരക്കുകൾ
സിംഗിള്‍ പോഡ് 3 മണിക്കൂറിന് ₹200, 24 മണിക്കൂറിന് ₹400 എന്നതാണ് നിരക്ക്. ഡബിള്‍ പോഡിന് യഥാക്രമം ₹300, ₹600 എന്നിങ്ങനെയാണ് നിരക്ക്. ഡിജിറ്റൽ സൗകര്യങ്ങൾ കൂടി വിപുലമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഉടൻ ഏർപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം.