Latest News

നീലഗിരിയിറങ്ങുന്ന ചിന്തകള്‍

M.V.Santosh
topbanner
നീലഗിരിയിറങ്ങുന്ന ചിന്തകള്‍

മഞ്ഞണിഞ്ഞ നീലഗിരി താഴ്‌വരയിലൂടെ മടങ്ങുമ്പോള്‍ മനസ് ചോദിച്ചു; ഏതായിരുന്നു കണ്ടതില്‍ മനോഹരമെന്ന്? സമുദ്രനിരപ്പില്‍ നിന്നും 8,650 അടി ഉയരെ തലയുയര്‍ത്തി നില്‍ക്കുന്ന ദോഡ്ഡബേട്ട കൊടുമുടിയാണോ? തണുത്ത നീരുറവകളൊഴുകുന്ന പൈകര നദിയായിരുന്നോ? പയിന്‍ മരക്കൂട്ടങ്ങളായിരുന്നോ. 22 ഹെക്ടര്‍ പുല്‍മേട് വിരിച്ച് സഞ്ചാരികളെ കാത്തിരിക്കുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡനായിരുന്നോ, അതോ ബോട്ടുകള്‍ ഉല്ലസിക്കുന്ന ഊട്ടി തടാകമായിരുന്നോ? അതൊന്നുമല്ല, എന്റെ മനസ്സില്‍ പതിഞ്ഞ ചിത്രം. ഫാത്തിമ നിന്റേതായിരുന്നു. പര്‍ദ്ദയണിഞ്ഞ് മുഖത്ത് ചിരി വിടര്‍ത്തി ബോട്ടാണിക്കല്‍ പൂന്തോട്ടത്തില്‍ നിന്നിറങ്ങുന്ന വഴിയോരത്ത് അടയാളപ്പെടുത്താത്ത, തകരക്കഷ്ണങ്ങള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ നിന്റെ കട മനസ്സില്‍ പതിഞ്ഞിരിക്കുന്നു. അതിന് മുന്നിലിരുന്ന് വര്‍ണനൂലുകൊണ്ട് നീ തുന്നിയെടുക്കുന്ന കുട്ടിക്കുപ്പായങ്ങള്‍ എത്ര മനോഹരം. പല നിറങ്ങളുള്ള നൂലില്‍ കൈകൊണ്ട് നെയ്ത ചെറിയ ബാഗുകള്‍, മനോഹരമായ കുഞ്ഞുപാവാടകള്‍, ഓരോന്നിനും പല നിറങ്ങളായിരുന്നു. ഒരു കുഞ്ഞുബാഗ് വാങ്ങി കാശ് നല്‍കുമ്പോഴാണ് പേര് ചോദിച്ചത്. ''ഫാത്തിമ. നാലു കിലോമീറ്റര്‍ അകലെയാണ് വീട്. ഒരു ദിവസം 17 ബാഗുകളെങ്കിലും കൈകൊണ്ട് നെയ്‌തെടുക്കാം. ഒരു ബാഗിന് 50 രൂപ. കുഞ്ഞുപാവാടയാണെങ്കില്‍ ദിവസം ഒന്നേ പറ്റു. അതിന് വില 450 രൂപ.'' തമിഴും മലയാളവും കലര്‍ത്തി ഫാത്തിമ പറഞ്ഞു. ''കടക്ക് വാടകയില്ല. പൊലീസുകാര്‍ക്ക് ദിവസം 60 രൂപ കൈമടക്ക് നല്‍കണം.''
ഞാന്‍ ഇതിന്റെ ലാഭനഷ്ടക്കണക്ക് മനസ്സില്‍ കൂട്ടിക്കൊണ്ടു നില്‍ക്കെ ഫാത്തിമ ആള്‍ത്തിരക്കിനിടയില്‍ മറഞ്ഞു. 
മടക്കയാത്രയില്‍ മടുപ്പിക്കുന്ന നിശബ്ദത മാറ്റാന്‍ കൂട്ടുകാര്‍ക്ക് മുമ്പില്‍ ഞാന്‍ ഫാത്തിമയുടെ കഥയെടുത്തിട്ടു. ദിവസം മുന്നൂറ് രൂപയെങ്കിലും അവള്‍ക്ക് മിച്ചം കിട്ടുമായിരിയിരിക്കുമെന്ന് ഒരാശ്വാസത്തിന്റെ തണുപ്പ് കലര്‍ത്തി ഞാന്‍ കൂട്ടുകാരോട് പറഞ്ഞു. ഡല്‍ഹി മെട്രോപാലങ്ങള്‍ക്കടിയിലെ ചേരിനിവാസികളും ചെന്നൈ ബര്‍മ്മബസാറിലെ ദരിദ്രജീവിതങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ പ്രതീകങ്ങളായി എനിക്ക് യാത്രകളില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍ അതിലൊന്നാകാന്‍ കൂട്ടാക്കാതെ ചിരിച്ച മുഖവുമായി ജീവിതം നെയ്തുകൂട്ടുന്ന ഫാത്തിമ എന്തുകൊണ്ടും മനസ്സില്‍ പതിഞ്ഞ നല്ലൊരു ഫ്രെയിമാണ്. ഇനി ഊട്ടിയെക്കുറിച്ചു പറയുമ്പോള്‍ ഫാത്തിമയെ ഓര്‍ക്കാതിരിക്കില്ല. കേവലം വ്യക്തി എന്നതിനപ്പുറം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിറപുഞ്ചിരിയോടെ കഠിനാധ്വാനം ചെയ്യുന്നവരുടെ പ്രതീകമായി. 
* * * *
സ്‌കൂള്‍ ജീവിതത്തിനിടയില്‍ വിനോദയാത്ര പോകുന്നവരുടെ കണക്കെടുക്കുമ്പോള്‍ കുനിഞ്ഞിരിക്കുകയായിരുന്നു പതിവ്; ക്ലാസ് ടീച്ചറുടെ കണ്ണില്‍പെടാതിരിക്കാന്‍. ഊട്ടിയും കൊടൈക്കനാലും മൈസൂറുമൊക്കെ ചേര്‍ന്ന് മൂന്നോ നാലോ ദിവസം നീണ്ട യാത്രകള്‍. പക്ഷെ, വീട്ടില്‍ നിന്ന് വിടില്ല. സങ്കടം ഉള്ളിലൊതുക്കി കഴിയുന്ന ചുരുക്കം ചില കൂട്ടുകാരുടെ നേതാവായി ഞാനും തലകുനിച്ചിരിക്കുമായിരുന്നു. അതിനാല്‍ തന്നെ യാത്ര ഇപ്പോള്‍ ഒരു ഹരമാണ്... വാശിയാണ്... തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്രസ്മാരകങ്ങള്‍ക്കും അംബരചുംബികളായ കെട്ടിടങ്ങള്‍ക്കുമപ്പുറത്തെ കുടിലുകളിലെ കാഴ്ചകള്‍ പലപ്പോഴും അസ്വസ്ഥമാണ്. കാഴ്ചയുടെ ആഡംബരത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തൊട്ടറിവായിരുന്നു ഇഷ്ടം. അതിനാല്‍ വിനോദയാത്ര എന്നതിന് പകരം യാത്ര എന്നു പറയാനാണിഷ്ടവും. 
ഇത്തവണ ഊട്ടിയിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ പഴയ കുട്ടിക്കാലമാണ് മനസ്സിലേക്ക് ഓടിവന്നത്, ഒരു പാട് മോഹിച്ച, മനസ്സില്‍ കൊണ്ടുനടന്ന നാട്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെയാണ് നീലഗിരിയുടെ മുടിപ്പിന്നുകള്‍ കയറിയത്. കാടുകള്‍ക്കിടയിലൂടെയുള്ള യാത്ര മനോഹരമായിരുന്നു. തട്ടുകടകളിലെ വിഭവങ്ങളുടെ രുചിയറിഞ്ഞ്, നീലഗിരിയിലെത്തുമ്പോള്‍ രാവേറെ പിന്നിട്ടിരുന്നു. വിജനമായ നഗരത്തിലൂടെ രണ്ടോ മൂന്നോ വട്ടം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. കോടമഞ്ഞ് പുതച്ച കെട്ടിടങ്ങളില്‍ നനഞ്ഞ മഞ്ഞ വെളിച്ചം. നേരിയ ചാറ്റല്‍ മഴയും. സ്വപ്നറാണി നേരത്തെ ഉറങ്ങുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വിജനമായ ഊട്ടി നഗരത്തോട് ഞങ്ങള്‍ പരിഭവം പറഞ്ഞ് രാത്രി ഭക്ഷണത്തിന് ഹോട്ടലുകള്‍ തേടിയപ്പോഴാണ് എല്ലാം അടഞ്ഞുവെന്നറിയുന്നത്. ഒരു 'ബദ്‌രിയ'യെങ്കിലും തുറന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. ഒടുവില്‍ ചില്ലുവാതില്‍ മാത്രം അടച്ച ഹോട്ടലിനകത്ത് ആളനക്കം കണ്ട് ഞങ്ങള്‍ മുട്ടി വിളിച്ചു.
''ഹോട്ടല്‍ അടച്ചു സര്‍, രാത്രി പതിനൊന്ന് മണിക്കപ്പുറം ഹോട്ടല്‍ ഓപ്പണ്‍ പണ്ണമാട്ടെ.'' ഊട്ടിയെക്കുറിച്ചുള്ള ആദ്യ അറിവായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചു. തീവ്രവാദ ഭീഷണിയുണ്ടെന്നും അതിനാല്‍ പൊലീസ് ജാഗ്രതയിലാണെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. പുറത്തെ തണുപ്പിലെ വിറയലില്‍ അകത്തെ വിറയല്‍ അലിഞ്ഞു ചേര്‍ന്നു. 
ഞങ്ങള്‍ അഞ്ചുപേരുണ്ട് എന്തെങ്കിലും ഉണ്ടാക്കിത്തരാന്‍ പറ്റുമോയെന്ന ആവശ്യത്തിലധികം വിനയം കൂട്ടിയുള്ള ചോദ്യം മാനേജരെ വീഴ്ത്തി. ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ''ഭക്ഷണം ഉണ്ടാക്കിത്തരാം. സര്‍വ് ചെയ്യാനാവില്ല. പാഴ്‌സല്‍ തരാം.'' 
ഭക്ഷണപ്പൊതിയും വാങ്ങി നേരത്തെ പറഞ്ഞുറപ്പിച്ച മുറിയിലേക്ക് പോയി. ഊട്ടിയില്‍ പൊതുവെ മുറികളുടെ വാടക കുറവാണ്. സീസണുകളില്‍ നേരത്തെ ബുക്ക് ചെയ്യണമെന്നുമാത്രം. യാത്രാക്ഷീണം കൊണ്ടാകാം, നന്നായി ഉറങ്ങി.
പുതപ്പിനുള്ളിലേക്ക് തണുപ്പ് വലിഞ്ഞുകയറി നുള്ളിക്കൊണ്ടിരുന്നപ്പോഴാണ് നേരം പുലര്‍ന്നതറിയുന്നത്. എഴുന്നേറ്റ് മുഖം കഴുകി റോഡിലൂടെ നടന്നു. സിനിമയുടെ അകവും പുറവും നന്നായി അറിയാവുന്ന ഷാഫി തെരുവത്തും കൂടാതെ എ.പി വിനോദും സീതിയും സലാമും ഒപ്പമുണ്ട്. സലാം ഒഴികെ എല്ലാവരും പത്രപ്രവര്‍ത്തകര്‍. ജഗതിയെക്കുറിച്ച് സംസാരിച്ചു നടക്കുമ്പോഴാണ് അതുപോലൊരാള്‍ മുന്നില്‍ ചാടി വീണത്. 'ചായ വേണമാ.' റോഡിന് വലതുവശത്തെ കുന്നിന്‍ ചെരിവിലെ കൂടാരം പൊലെയുളള ചെറിയ ഹോട്ടല്‍ ഞങ്ങള്‍ക്ക് കാട്ടി തന്നു. ഹോട്ടലിലിരിക്കുമ്പോള്‍ ഞങ്ങളുടെ വഴികാട്ടിയതാ ഓടി അടുക്കള വാതിലിലൂടെ കയറി തിടുക്കത്തില്‍ ചായ ഇടുന്നു. ആളെയും വിളിച്ചു കൂട്ടണം ചായയും കൂട്ടണം. നല്ല ചായ തന്നു; കിലുക്കം പോലൊരു ചിരിയും. 
അന്നത്തെ ആദ്യ യാത്ര ദോഡ്ഡബേട്ട കൊടുമുടിയിലേക്കായിരുന്നു. ഊട്ടി നഗരത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ ദൂരെ. കുത്തനെയുള്ള കയറ്റം. നിരനിരയായി വാഹനങ്ങള്‍. മറികടക്കാനാവില്ല. കുന്നുകയറാനാവാതെ മടിയന്മാരായ ചില വണ്ടികളുടെ ആക്‌സില്‍ കത്തി മണക്കുന്നു. കുന്നിന്‍ മുകളിലെ പാര്‍ക്കിങ് എരിയകളെല്ലാം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു വിധം ഞങ്ങള്‍ കാര്‍ ഒതുക്കിയിട്ട് കൊടുമുടിയിലെ പൂന്തോട്ടത്തില്‍ കറങ്ങി. ടെലിസ്‌കോപ്പ് ഹൗസ് അവിടെയാണ്. പമ്പരം പോലെയുള്ള ഒരു കെട്ടിടം. അതിന് മുകളില്‍ രണ്ട് ടെലിസ്‌കോപ്പുകളുണ്ട്. അതിലൂടെ നോക്കിയാല്‍ നീലഗിരിത്താഴ്‌വാരം കൈയെത്തും ദൂരത്ത് കാണാം. ചാമുണ്ഡിക്കുന്ന് കാണാം. കുല്‍ക്കുടി, കട്ടദാദു, ഹെക്കുബ മലനിരകള്‍ കാണാം. പ്രതിദിനം 3500 പേരാണത്രെ ഇവിടെ മാത്രം എത്തുന്നത്. അഞ്ച് രൂപയാണ് പ്രവേശന ഫീസ്. ടൂറിസത്തിന്റെ നേട്ടം പറയേണ്ടതില്ലല്ലോ! 
ഊട്ടി നഗരത്തിലെ ജനസംഖ്യ 2011ലെ കണക്ക് വെച്ച് 88,430 ആണത്രെ. ഇപ്പോള്‍ പതിനായിരമോ അതിലധികമോ കൂടിയിരിക്കാം. നീലഗിരി ജില്ലയുടെ തലസ്ഥാനമാണ് ഊട്ടി. ഊദകമണ്ട്് നിയമസഭാ മണ്ഡലത്തിലും നീലഗിരി ലോകസഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു. ടൂറിസവും കൃഷിയുമാണ് ഉപജീവനമാര്‍ഗം. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍ എന്നിങ്ങനെ പച്ചക്കറികള്‍ വിളയും. തേയിത്തോട്ടങ്ങള്‍ ഏറെയുണ്ട്. മുന്തിരിയും സ്റ്റോബറിയുമടക്കമുള്ള പഴവര്‍ഗങ്ങള്‍ക്കും പേരുകേട്ട നാട്. കുന്നിറങ്ങുമ്പോള്‍ മണ്ണോടെ പിഴുതെടുത്ത കാരറ്റുകളുമായി സ്ത്രീകള്‍ റോഡരികില്‍ നില്‍ക്കുന്നത് കാണാം. സഞ്ചാരികള്‍ക്ക് കാരറ്റ് വിറ്റ് ഉപജീവനത്തിന് വക കണ്ടെത്തുന്നവര്‍. എങ്ങും യൂക്കാലിപ്‌സ് മരങ്ങള്‍. അവയുടെ ഗന്ധം ഞങ്ങള്‍ക്ക് ഊര്‍ജം പകരുംപോലെ. സുഖകരമായ കാലാവസ്ഥയും പ്രകൃതി ഭംഗിയും മാത്രമാണ് ഊട്ടി. ഈസ്റ്റിന്ത്യാകമ്പനിക്കാര്‍ സുഖിച്ചുപേക്ഷിച്ച നാട്. അതിനുമപ്പുറം ചരിത്രം വഴിമുട്ടി നില്‍ക്കുന്നു. തോടന്മാരായ ആദിവാസികളുടെ നാടായിരുന്നു ഊട്ടിയെന്ന ഒറ്റവരി ചരിത്രം. തുടച്ചുനീക്കപ്പെട്ടതാകാം. അടിച്ചമര്‍ത്തിയതാകാം. ഉയര്‍ത്തെഴുന്നേല്‍ക്കാനാവാത്തവിധം മണ്ണടിഞ്ഞ സംസ്‌കാരത്തിന് മേല്‍ ചവിട്ടിയാണ് ഏന്റേതടക്കമുള്ള യാത്രകള്‍. 
ഊട്ടി നഗരത്തില്‍ നിന്നും 22 കിലോമീറ്റര്‍ യാത്രയുണ്ട് അവലാഞ്ച് തടാകത്തിലേക്ക്. രണ്ട് നൂറ്റാണ്ടുമുമ്പ് ശക്തമായ ഹിമപാതത്തില്‍ ഉണ്ടായതാണത്രെ. മരക്കൂട്ടങ്ങള്‍ക്കിടയിലെ ഈ ജലാശയം മനസ്സിന് കുളിര്‍മ്മ പകരുന്നു. 
മറ്റൊരു ഊട്ടി തടാകത്തിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ജുമാനിസ്‌കാരത്തിനുള്ള പള്ളി തെരയാന്‍ തുടങ്ങി. ഊട്ടി നഗരത്തില്‍ തന്നെ പള്ളിയുടെ മിനാരം കണ്ടപ്പോള്‍ കൂടെയുള്ളവര്‍ക്ക് ആശ്വാസമായി. മൂന്നുപേരെ പള്ളിക്ക് മുന്നിലിറക്കി പാര്‍ക്കിങ് ഇടം തേടി വീതി കുറഞ്ഞ റോഡിലൂടെ കുറച്ചുദൂരം ഓടി. പാര്‍ക്കിങിനുള്ള അലച്ചിലാണെന്ന് കണ്ടുമനസ്സിലാക്കിയ പോലെ ഒരാള്‍ റോഡിലേക്ക് ഓടിയെത്തി. ''അവിടെ ആ മരത്തണലില്‍ വെച്ചോളു; സാര്‍''. കണ്ണൂരുകാരന്‍ ബാലകൃഷ്ണനാണ്. ഒരു ഒഴിഞ്ഞ പറമ്പില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ബില്ലുമായി ബാലകൃഷ്ണന്റെ ഭാര്യ വന്നു. 30 രൂപ. തൊട്ടടുത്ത് ഒരു ചോക്ലറ്റ് കടയുമുണ്ട്. രണ്ടുപേരും ചേര്‍ന്നാണ് നോക്കി നടത്തുന്നത്. അഞ്ച് കിലോമീറ്റര്‍ അകലെ 10 സെന്റ് ഭൂമിയും വീടും സ്വന്തമായുണ്ടെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. കടയും പാര്‍ക്കിങ് ഏരിയയും വാടകക്കെടുത്തതാണ്. ചെറുപ്പത്തില്‍ മംഗലാപുരത്തെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന കഥയും ഞങ്ങള്‍ കേട്ടു. ഉച്ചയൂണിന് മലയാളി ഹോട്ടല്‍ തേടി. ഭക്ഷണം കഴിച്ച ശേഷമാണ് കൈ പൊള്ളിയത്. ചോറിന് 100 രൂപ, അയല പൊരിച്ചതിന് 100 വേറെയും.
ഊട്ടി തടാകം ലക്ഷ്യമാക്കി നീങ്ങി. മനോഹരമാണ്. 65 ഏക്കറാണത്രെ ഇതിന്റെ വിസ്തൃതി. ജോണ്‍ സള്ളിവന്‍ കൃത്രിമമായി നിര്‍മ്മിച്ച ഈ തടാകം പ്രകൃതി ദത്തെടുത്തിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ കോയമ്പത്തൂര്‍ ഗവര്‍ണറായിരുന്നു അദ്ദേഹം. അദ്ദേഹമാണ് ഊട്ടിയില്‍ ആദ്യമായി തേയിലകൃഷി കൊണ്ടുവന്നതും പുതിയ കെട്ടിടങ്ങള്‍ക്ക് രൂപം നല്‍കിയതും. 1823 മുതല്‍ രണ്ടുവര്‍ഷമെടുത്ത് തോടന്മാരായ ഗോത്രവര്‍ഗക്കാരുടെ സഹായത്തോടെയായിരുന്നു തടാക നിര്‍മ്മാണം. ഭൂമി തോടന്മാരോട് വിലക്ക് വാങ്ങുകയായിരുന്നു. മലമുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ശേഖരിച്ചുവെച്ചത്. തോടന്മാരുമായുള്ള അടുപ്പം സള്ളിവനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ കണ്ണിലെ കരടാക്കിയെന്നാണ് ചരിത്രം. അധ്വാനം മാത്രം ഊറ്റിയെടുത്ത് ചരിത്രത്തില്‍ നിന്നും തോടന്മാരെ പുറന്തള്ളാനായിരുന്നു മറ്റെല്ലായിടത്തുമെന്നപോലെ ഊട്ടിയിലും ബ്രിട്ടീഷുകാരുടെ തന്ത്രം. സ്‌നേഹവും കരുണയുമുള്ള ഹൃദയമുണ്ടായിരുന്ന സള്ളിവന് കണ്ണീരായിരുന്നുവത്രെ ബാക്കിയുള്ള ജീവിതം. ഊട്ടിയില്‍ നിന്നും തിരിച്ചുവിളിക്കപ്പെട്ട സള്ളിവന്‍ പിന്നീട് മദിരാശിയിലെവിടെയോ ആയിരുന്നു. 1841ല്‍ ഭാര്യയും പെണ്‍മക്കളും ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചത് സള്ളിവന്റെ ജീവിതം തകര്‍ത്തു. പിന്നീടെപ്പോഴോ തടാക തീരത്ത് പണിത കുതിരപ്പന്തയ മൈതാനം പാശ്ചാത്യ സംസ്‌കാരത്തിന്റെ കൊഴുപ്പായി ഇന്നും അവശേഷിക്കുന്നു. തടാകത്തോട് ചേര്‍ന്ന് പാര്‍ക്കുമുണ്ട്. സ്വന്തമായി കുതിരയുള്ള തദ്ദേശവാസികള്‍ സഞ്ചാരികളെ കുതിര സവാരിക്കായി ക്ഷണിക്കുന്നു. അതിഥിയെ കുതിരപ്പുറത്തിരുത്തി കുതിരക്ക് സമാന്തരമായോടുന്ന കുതിരക്കാരന്റെ വിയര്‍പ്പുണക്കാന്‍ മാത്രം ഊട്ടിയുടെ തണുപ്പ് പോരെന്ന് തോന്നി. 
20,000 ഏക്കര്‍ യൂക്കാലിപ്‌സ് തോട്ടമടങ്ങുന്ന വെന്‍ലോക്ക് ഡോണ്‍ സൗന്ദര്യം ചോരാതെ ഇപ്പോഴുമുണ്ട്. പല മലയാള സിനിമകള്‍ക്കും വേദിയായ ഈ മരക്കൂട്ടങ്ങളും പാറയിടുക്കുകളും ഊട്ടിയെ മനോഹരിയാക്കുന്നു. സായിപ്പന്മാര്‍ നായാട്ടിനായി ഇവിടെയെത്തുമായിരുന്നുവത്രെ. ഉദഗമണ്ഡലം നായാട്ട് പ്രസിദ്ധമായിരുന്നുപോലും.
നീലഗിരിയിലെ ഏറ്റവും വലിയ നദിയാണ് പൈകര. തോടന്മാര്‍ പവിത്രമായാണ് ഇതിനെ കാത്തുസൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയും ബോട്ട് സര്‍വ്വീസുണ്ട്. 
വരയാടുകളെ സംരക്ഷിക്കാനായി ഒരുക്കിയ മുകുര്‍തി നാഷണല്‍ പാര്‍ക്കിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മുകുര്‍തി ലോകപൈതൃക മേഖലയായി യുനസ്‌കോ രേഖപ്പെടുത്തിയിരിക്കുന്നു. 
കുന്നുകയറിയുള്ള കളിത്തീവണ്ടിയില്‍ കയറാന്‍ മോഹമുണ്ടായിരുന്നു. പക്ഷെ 60 കിലോമീറ്റര്‍ ഓടി അവിടെ ഇറങ്ങണം. മടക്കയാത്ര ബസിലും. അതിനാല്‍ വേണ്ടെന്ന് വെച്ചു.
ഓടിത്തളര്‍ന്ന് വിശ്രമിക്കണമെന്ന് തോന്നിയപ്പോഴാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയത്. 22 ഹെക്ടര്‍ പുല്‍ത്തകിടി. വിവിധയിനം പൂച്ചെടികള്‍. ഔഷധ സസ്യങ്ങള്‍. മരങ്ങള്‍. എല്ലാ സായാഹ്‌നങ്ങളും ഇവിടെ കഴിയാനായെങ്കില്‍ എന്ന് ആശിച്ചുപോയ നിമിഷങ്ങള്‍. പുറത്തെ തിരക്കുകളൊന്നും ബോട്ടാണിക്കല്‍ ഗാര്‍ഡന് പ്രശ്‌നമേയല്ല. കടല്‍പോലെ ആളുകള്‍ ഒഴുകിയെത്തിയാലും ആതിഥ്യമര്യാദക്കാരിയെപ്പോലെ എല്ലാവര്‍ക്കും സൗകര്യമൊരുക്കി അവള്‍ കാത്തിരിക്കുന്നു. 1847ല്‍ ആംഗലേയ വാസ്തുശില്‍പ വിദഗ്ധനായ വില്യം ഗ്രഹാം മെകവോറയാണ് ഇത് രൂപല്‍കല്‍പന ചെയ്തതെന്ന് കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴ്‌നാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലാണ്. ഒരു മരത്തിന്റെ 'ജഡം' ഇപ്പോഴും പൂന്തോട്ടത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. 20 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള വൃക്ഷത്തിന്റെ ഫോസിലാണത്രെ. ആറുമണിവരെയാണ് ഇവിടെ സന്ദര്‍ശന സമയം. മടക്കയാത്ര മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു. വാഹനങ്ങളുടെയും യാത്രികരുടെയും ഒഴുക്ക്. എന്തും ഉത്സവമായി കൊണ്ടാടുന്ന മലയാളികള്‍ തന്നെയാണ് സഞ്ചാരികളിലധികവും. വഴികള്‍ക്കിരുവശവും ചെറിയ കൂടാരം തീര്‍ത്ത് തെരുവ് കച്ചവടം. പാവക്കുഞ്ഞുങ്ങളും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും വീട്ടില്‍ നിര്‍മ്മിച്ച ചോക്ലേറ്റുകളും എന്തും ഇവിടെ കിട്ടും. സ്ത്രീകളാണ് കച്ചവടക്കാരില്‍ കൂടുതലും. ഇതിലൊരാളാണ് മടക്കയാത്രയില്‍ ഞങ്ങളുടെ ചര്‍ച്ചയായ ഫാത്തിമ.
ഊട്ടിയിലേക്ക് ഇനിയും യാത്രികര്‍ വരും. ഫാത്തിമമാര്‍ നെയ്തുകൊണ്ടേയിരിക്കും. നെയ്ത ഉടുപ്പുകള്‍ ചുരമിറങ്ങിപോകും. സായിപ്പന്മാര്‍ ചാപ്പ കുത്തിയിട്ട ഊട്ടിക്ക് ഇനി പുതിയ ഒരു ചരിത്രവും രേഖപ്പെടുത്താനില്ലാതെവരും. കാടുകയറിയ ചിന്തകളുമായി വണ്ടി മുന്നോട്ടോടുമ്പോള്‍ അതാ മുന്നില്‍ നാടിറങ്ങി വരുന്ന കൊമ്പന്‍. പെട്ടെന്ന് ബ്രേക്കിട്ടതിന്റെ ഇരമ്പല്‍ കേട്ടായിരിക്കണം റോഡിന് നടുവില്‍ നിലയുറപ്പിച്ച കൊമ്പന്‍ കാട്ടിലേക്ക് മെല്ലെയിറങ്ങുന്നത് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. നിശബ്ദമായ നിമിഷങ്ങള്‍. വിറയില്‍ മാറിയിട്ടില്ല. തൊട്ടടുത്ത ചെക്‌പോസ്റ്റിലെ ബോര്‍ഡ് കണ്ടു. സുല്‍ത്താന്‍ ബത്തേരി. ഞങ്ങളെ സ്വീകരിക്കാന്‍ നില്‍ക്കും പോലെ ചെക്ക് പോസ്റ്റിലുള്ളവര്‍ കാത്തിരിക്കുന്നു. ആനയെ കണ്ടോ എന്നായിരുന്നു ചോദ്യം. വിറയലെല്ലാം മാറിയതിനാല്‍ സന്തോഷം പ്രതിഫലിച്ചു. കണ്ടു എന്ന് സന്തോഷത്തോടെ പറഞ്ഞു. അരകിലോമീറ്റര്‍ അകലെ അഞ്ച് ആനകള്‍ റോഡില്‍ നില്‍പ്പുണ്ടെന്നായി വാച്ചര്‍മാര്‍. ഉള്ളില്‍ നിലവിളി ഉയര്‍ന്നു. അപ്പുറവും ഇപ്പുറവും ആന. ''പേടിക്കേണ്ട പോകാന്‍ പറ്റുമോ എന്ന് നോക്ക്''. ആനയെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലായിരുന്നു വാച്ചര്‍മാരുടെ പെരുമാറ്റം. വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. റോഡില്‍ നിന്നും ഇറങ്ങി നീങ്ങുന്ന കുട്ടിയാനയെയും ആനക്കൂട്ടത്തെയും കണ്ടു. ഒരുവിധം ആക്‌സിലേറ്ററിലും ഹോണിലും അമര്‍ത്തിപ്പിടിച്ചു കുതിക്കുന്നതിനിടയില്‍ തണുപ്പ് മാറി ചൂടേറിക്കൊണ്ടിരുന്നു.

Read more topics: # travel,# neelagiri,# trip
travel,neelagiri,trip

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES